ഇന്ത്യയെ അറിയാൻ മോട്ടോര്‍ ബൈക്കില്‍ യാത്ര തുടരുന്ന വൈദികന്‍

കീര്‍ത്തി ജേക്കബ്

“യാത്രകളെ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിക്കും ഉള്ളതുപോലുള്ള ഒരു ആഗ്രഹം, കൊതി തീരെ സ്ഥലങ്ങള്‍ ചുറ്റിക്കാണണം; സാധിക്കുമെങ്കില്‍ ഇന്ത്യ മുഴുവന്‍. അതും പ്രായം ശരീരത്തേയും മനസിനേയും തളര്‍ത്തുന്നതിനു മുമ്പ്.” അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ച ഒരു വൈദികന്‍ യാത്രക്കാരന്റെ കുപ്പായമണിഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഒരു പതിറ്റാണ്ടിലേറെയായി തേവര സേക്രട്ട് ഹാര്‍ട്ട് കോളജിന്റെ പ്രിന്‍സിപ്പലായിരുന്ന ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളിൽ സി.എം.ഐ. നല്‍കുന്ന ഉത്തരമാണിത്.

ഇക്കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി കോളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് വിരമിച്ചത്. അധികം വൈകാതെ തന്നെ പതിമൂന്നു വര്‍ഷത്തെ തന്റെ സുഹൃത്തും സഹചാരിയുമായ മോട്ടോര്‍ ബൈക്കിനെ മാത്രം കൂട്ടു പിടിച്ച് ആ വൈദികന്‍ യാത്ര ആരംഭിക്കുകയായി. ഇങ്ങ് തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഹിമാലയത്തിന്റെ മടിത്തട്ടായ ലഡാക്ക് വരെ നീളുന്ന യാത്ര.

എപ്പോഴും വ്യത്യസ്തതകളെ ഇഷ്ടപ്പെടുന്ന ഫാ. പ്രശാന്തിന്റെ ഈ യാത്രക്കും ചില വ്യത്യസ്തകളുണ്ട്. ആഗസ്റ്റ് പത്തിന് കൊച്ചിയില്‍ നിന്ന് ആരംഭിച്ച്, ഇപ്പോഴും തുടരുന്ന യാത്രയിലെ അനുഭവങ്ങള്‍ ലൈഫ്‌ഡേ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ഫാ. പ്രശാന്ത് സി.എം.ഐ.

എന്തുകൊണ്ട് ഈ യാത്ര… അതും ബൈക്കില്‍? 

“പരമാവധി സ്ഥലങ്ങളും കാഴ്ചകളും കാണണം. ധാരാളം ആളുകളുമായി സംസാരിക്കണം. പ്രത്യേകിച്ച് ഗ്രാമങ്ങളിലുള്ളവരുമായി. പരിസ്ഥിതി സംരക്ഷണം, സമാധാനം എന്നിവയുടെ പ്രചാരണവും ഉദ്ദേശ്യത്തിലുണ്ട്.” തന്റെ യാത്രയുടെ ലക്ഷ്യത്തെക്കുറിച്ച് അമ്പത്താറുകാരനായ ഫാ. പ്രശാന്ത് സി.എം.ഐ. പറയുന്നതിങ്ങനെയാണ്.

ഐക്യരാഷ്ട്ര സഭ ലോകസമാധാനത്തിനായി ഈ വര്‍ഷം ‘അന്താരാഷ്ട്ര വിശ്വശാന്തി വര്‍ഷം’ ആയാണ് ആചരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് ആളുകളുമായി പരസ്പരവിശ്വാസം വളര്‍ത്താനുള്ള ‘സംവാദ പരീക്ഷണയാത്ര’ കൂടിയായിരുന്നു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ ടൗണിന്റേയും ജെ.എസ്.ഡബ്ല്യു സിമന്റ്‌സിന്റേയും സഹകരണത്തോടെ പ്രശാന്ത് അച്ചന്‍ നടത്തിവരുന്ന ഈ യാത്ര, മലിനീകരണവും മാലിന്യവും കുറച്ച് ജൈവസമ്പന്നവും പ്രകൃതിസൗഹൃദവുമായ ഭൗമാന്തരീക്ഷം സാധ്യമാക്കുന്നതിനും അതുവഴി സുസ്ഥിരവികസനം ഉണ്ടാകുന്നതിനും വേണ്ടി തന്നാലാവുന്നത് ചെയ്യുക എന്നതും ‘ലൗദേത്തോ സീ’ എന്ന ചാക്രികലേഖനത്തിലൂടെ ഫ്രാന്‍സിസ് പാപ്പാ നല്‍കിയ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആഗോള അജണ്ടയായ 2030 -ലേക്കുള്ള സുസ്ഥിര വികസനലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ്. സ്വച്ഛ് ഭാരത് അഭിയാന്‍, ഗ്രീന്‍ കേരള മിഷന്‍ എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ക്കും ഈ യാത്രയിലൂടെ പിന്തുണ പ്രഖ്യാപിക്കപ്പെടുന്നു. ഭൗമസംരക്ഷണം ഒരേ സമയം പുണ്യവും ദൗത്യവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും വേണ്ടിയാണ് ഈ യാത്ര.

എന്തുകൊണ്ട് പതിമൂന്നു വര്‍ഷം പഴക്കമുള്ള ഒരു ടൂവീലര്‍ ഇത്രയും വലിയ യാത്രക്കായി തെരഞ്ഞെടുത്തു എന്നു ചോദിച്ചാല്‍ അച്ചന്‍ പറയും, “അല്‍പം സാഹസികത യാത്രയില്‍ കൂടെയുണ്ടാകട്ടെ എന്നു കരുതി” എന്ന്. ഇന്ധനച്ചെലവ് കുറവായതിനാല്‍ കൂടുതല്‍ പ്രകൃതിസൗഹാര്‍ദ്ദമായത് ഇരുചക്രവാഹനമാണെന്നതും യാത്രയില്‍ കാര്‍ ഉപേക്ഷിക്കാന്‍ കാരണമായി.

ഇന്ത്യയെ കണ്ടെത്തല്‍

തേവര കോളജ് ഗ്രൗണ്ടില്‍ നിന്നാണ് 13 വര്‍ഷം പഴക്കമുള്ള തന്റെ ഹോണ്ടാ യൂണിക്കോണ്‍ ബൈക്കില്‍ ഒറ്റക്കുള്ള യാത്ര ഫാ. പ്രശാന്ത് ആരംഭിച്ചത്. ‘ഡിസ്‌കവറിംഗ് ട്രസ്റ്റ്-ഗ്രീന്‍-പീസ് ഓണ്‍ ജി ഇന്ത്യന്‍ റോഡ്‌സ് 2021’ എന്ന സന്ദേശമുയര്‍ത്തിയുള്ള യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത് എസ്.എച്ച്. കോളജ് മാനേജര്‍ റവ. ഫാ. പൗലോസ് കിടങ്ങനാണ്. കൊച്ചി, കോട്ടയം, കന്യാകുമാരി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്. ചത്തീസ്ഡഢ്, കൊല്‍ക്കത്ത, കൊഹിമ, കാണ്‍പൂര്‍, കാശ്മീര്‍, കോട്ട, കച്ച്, കൊങ്കണ്‍, കാസര്‍ഗോഡ് വഴി വീണ്ടും കൊച്ചിയില്‍ തിരിച്ചെത്തുമ്പോഴേയ്ക്ക് 13,000 കിലോമീറ്ററിലധികം താണ്ടിക്കഴിയും.

യാത്രാനുഭവം 

ധാരാളം ആളുകള്‍ക്ക് തന്റെ ഈ യാത്രയെക്കുറിച്ച് കൗതുകമുള്ളതായി പ്രശാന്ത് അച്ചന്‍ പറയുന്നു. യാത്രയിലുടനീളം കണ്ടവരില്‍ നിന്നെല്ലാം സ്‌നേഹോഷ്മളമായ വരവേല്‍പ്പാണ് ലഭിക്കുന്നതെന്നും അച്ചന്‍ കൂട്ടിച്ചേര്‍ത്തു. ചെറുപ്പക്കാരും പ്രായമുള്ളവരും ഉള്‍പ്പെടെയുള്ള ആളുകള്‍ വാഹനം നിര്‍ത്തി യാത്രയെക്കുറിച്ചും യാത്രയുടെ ലക്ഷ്യത്തെക്കുറിച്ചുമെല്ലാം ചോദിച്ചതായും ചെറിയ അമ്പരപ്പ് പ്രകടിപ്പിച്ചവര്‍ പോലും സുസ്ഥിര വികസനം, ഭൗമസംരക്ഷണം തുടങ്ങി തന്റെ യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞപ്പോള്‍ വലിയ പ്രോത്സാഹനവും അഭിനന്ദനവും നേരുകയും കൂടെ നിന്ന് ഫോട്ടോ എടുക്കുകയുമെല്ലാം ചെയ്യാറുണ്ടെന്നും അച്ചന്‍ പറഞ്ഞു.

“യാത്രക്കിടയില്‍ ഒരു സിഎംഐ സെമിനാരി റെക്ടര്‍ എന്റെ യാത്രയില്‍ ആകൃഷ്ടനായി അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വൈദികാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി ഭൗമ-പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ഒരാഴ്ച കൊണ്ട് ആ സെമിനാരിയുടെ ക്യാമ്പസ് മുഴുവന്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ചെയ്തു. യാത്രാമധ്യേ കണ്ടുമുട്ടുന്ന സാമൂഹ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ തുടങ്ങിയവരോട് സുസ്ഥിരവികസനത്തെക്കുറിച്ചും അത് നടപ്പിലാക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും സംസാരിക്കുകയും അവരെല്ലാം അതില്‍ ആകൃഷ്ടരാവുകയും ചെയ്യുന്നുണ്ട്.”

അദിലാബാദ് ബിഷപ്പിന്റെ പ്രവര്‍ത്തിയും എന്റെ യാത്രക്ക് പ്രോത്സാഹനമായി. പിതാവും ഏതാനും വൈദികരും ചേര്‍ന്ന് എന്റെ യാത്രയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 75 കിലോമീറ്ററോളം എന്നെ അനുഗമിക്കുകയും കൂടാതെ ബൈക്കില്‍ നിറയെ പെട്രോള്‍ അടിച്ചു നല്‍കുകയുമുണ്ടായി. അത് ആ നാട്ടിലും പരിസരപ്രദേശങ്ങളിലും വലിയ സ്വാധീനം ചെലുത്തി. പലരും തീര്‍ത്ഥാടനവാഹനത്തെ അനുഗമിക്കുന്നതുപോലെ ഏതാനും ദൂരം സഞ്ചരിച്ച് തങ്ങളുടെ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയുണ്ടായി. വേറൊരു ദിവസം അഗര്‍ത്തലയില്‍ വച്ച് വഴി ചോദിക്കാനായി വണ്ടി നിര്‍ത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിവന്ന് വഴി പറഞ്ഞുതരികയും എന്റെ യാത്രയെക്കുറിച്ച് കേട്ട് എന്നെ ഏറെ അഭിനന്ദിക്കുകയും ചെയ്തു. നിങ്ങളെപ്പോലെ ഇത്രയും പ്രായമുള്ള വ്യക്തികള്‍ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നതു കാണുമ്പോള്‍ വളരെ പ്രചോദനം തോന്നുന്നതായും ആ ചെറുപ്പക്കാരന്‍ പറഞ്ഞു.

ഇതുവരെയുള്ള യാത്രയിലുടനീളം കരുണയും നന്മയുമുള്ള മനുഷ്യരെയാണ് തനിക്ക് എവിടെയും കാണാന്‍ സാധിച്ചതെന്നും പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് തന്റെ യാത്രക്ക് ലഭിക്കുന്നതെന്നും ഈ വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു.

വഴി തടഞ്ഞവര്‍ തന്നെ വഴികാട്ടിയ സംഭവം 

വഴി തടഞ്ഞവര്‍ തന്നെ വഴികാട്ടിയ ഒരു സംഭവത്തെക്കുറിച്ച് പ്രശാന്ത് അച്ചന്‍ വിവരിക്കുന്നതിങ്ങനെ. “ഒരു ദിവസം മണിപ്പൂരിലെ വനത്തിലൂടെയുള്ള രാത്രിയാത്രക്കിടെ ഏതാനും ആളുകള്‍ വഴിയിലേക്കു കടന്നുവന്ന് വഴി തടഞ്ഞു. ചെറുപ്പക്കാരുള്‍പ്പെടെ നൂറോളം ആളുകളുണ്ടായിരുന്നു അവര്‍. ആ റോഡിലൂടെ കടന്നുപോകുന്ന മിലിട്ടറിയുടെ ഉള്‍പ്പെടെയുള്ള വാഹനങ്ങളെല്ലാം അവര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. കാര്യമന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ഞങ്ങളുടെ പ്രദേശത്ത് കഴിഞ്ഞ നാലു ദിവസമായി വൈദ്യുതി ഇല്ലെന്നും അത് കിട്ടുന്നതു വരെ പ്രതിഷേധമെന്നവണ്ണം ഞങ്ങള്‍ വഴി തടയുമെന്നുമാണ്.

അങ്ങനെ നില്‍ക്കെ പ്രതിഷേധക്കാരില്‍ ഒന്നു രണ്ടു പേര്‍ എന്നെ ശ്രദ്ധിക്കുകയും എന്റെ അടുത്തു വന്ന് യാത്രയെക്കുറിച്ച് ചോദിക്കുകയും അവരുടെ നിസ്സഹായാവസ്ഥയെക്കുറിച്ച് പറയുകയും ചെയ്തു. ഒരാളെ കടത്തിവിട്ടാല്‍ എല്ലാവരേയും പോകാന്‍ അനുവദിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുറച്ചു കഴിഞ്ഞ് ഒന്നു രണ്ട് ചെറുപ്പക്കാര്‍ വന്ന് ബൈക്ക് സൈഡിലേക്ക് മാറ്റിവയ്ക്കാന്‍ പറഞ്ഞു. ഒറ്റക്കു നീക്കാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞപ്പോള്‍ അവര്‍ സഹായിക്കുകയും പിന്നീട് വണ്ടിയുടെ ലൈറ്റിടാതെ സൈഡിലൂടെ വേഗത്തില്‍ ഓടിച്ച് പൊയ്ക്കൊള്ളാൻ രഹസ്യമായി അനുവാദം നല്‍കുകയും ചെയ്തു. അന്യനാട്ടുകാരനാണെന്നും വ്യത്യസ്തമായ യാത്രാലക്ഷ്യമാണെന്നുമെല്ലാം മനസിലാക്കി ആ മനുഷ്യര്‍ നല്‍കിയ പരിഗണനയും കരുതലുമായിരുന്നു അത്. ആ സംഭവവും എന്നെ ഏറെ സ്പര്‍ശിച്ചു.”

ചെറിയ ചില അപകടങ്ങളും 

ചെറുതും വലുതുമായി രണ്ട് അപകടങ്ങളാണ് യാത്രക്കിടയില്‍ ഫാ. പ്രശാന്തിന് സംഭവിച്ചത്. “ഒന്ന് വളരെ വലുതെന്നു പറയാവുന്ന  ഒരു അപകടമായിരുന്നു. ഒറീസ്സയിലെ ഹൈവേയിലൂടെ യാത്ര ചെയ്യവേ ഉറങ്ങിപ്പോയതാണ് കാരണം. മൂന്നു-നാല് അടി താഴ്ചയുള്ള ചെളി നിറഞ്ഞ ഓടയിലേക്കു വീണു; ബൈക്ക് എന്റെ ദേഹത്തേയ്ക്കും. നാട്ടുകാരില്‍ ചിലര്‍ വേഗം തന്നെ ഓടിയെത്തി. എനിക്ക് ശരീരത്തില്‍ ഒരു പോറല്‍ പോലും ഉണ്ടായിരുന്നില്ല. ബൈക്കിന് ചെറിയ തകരാറുകള്‍ സംഭവിച്ചു. അതോടെ യാത്ര തുടരണമോ എന്ന് സംശയിച്ചു. പക്ഷേ ആ ബൈക്ക് പരിശോധിച്ച് റിപ്പയര്‍ ചെയ്തു തന്ന പതിമൂന്നു വയസു മാത്രം പ്രായമുള്ള ഒരു കൊച്ചു മെക്കാനിക് ബൈക്കിന്റെ കാര്യത്തില്‍ ഉറപ്പു നല്‍കി. മാത്രവുമല്ല ഈ പ്രായത്തിലും ഇത്രയും വലിയ സാഹസത്തിന് മുതിര്‍ന്നല്ലോ എന്നുപറഞ്ഞ് അവന്‍ എന്റെ കാലില്‍ തൊട്ട് വണങ്ങുകയും ചെയ്തു. ആ കൗമാരക്കാരന്റെ സഹായവും വാക്കുകളും എനിക്ക് തുടര്‍ന്നുള്ള യാത്രക്ക് വലിയ പ്രചോദനമാവുകയും ചെയ്തു.”

മനോഹരമായ സ്ഥലങ്ങളും അനുകൂലമായ കാലവസ്ഥയുമൊക്കെ ആയിരുന്നെങ്കിലും പല സംസ്ഥാനങ്ങളിലും റോഡ് ഗതാഗതം വളരെ ദുര്‍ഘടമായിരുന്നു. മണിപ്പൂരിലെ ഇംഫാലിലേയ്ക്കുള്ള യാത്രയില്‍ 270 കിലോമീറ്ററോളം വഴി എന്നു വിളിക്കാന്‍ പോലുമാകാത്ത ഇടങ്ങളിലൂടെയാണ് യാത്ര ചെയ്തത്; അതില്‍ 120 കിലോമീറ്ററോളം വനത്തിലൂടെയും. ധാരാളം അപകടസാധ്യതകള്‍ ഉള്ള വഴി. ദൈവാനുഗ്രഹം കൊണ്ട് അപകടമൊന്നും സംഭവിക്കാതെ കഷ്ടിച്ചു രക്ഷപെട്ടു എന്നു പറയാം. ഈ വഴിയിലൂടെയുള്ള യാത്രയില്‍ ഒരു ബസോ, കാറോ പോലും കണ്ടില്ല എന്നത് എത്രമാത്രം ഒറ്റപ്പെട്ട ജീവിതമാണ് അവിടുത്തെ ജനങ്ങള്‍ നയിക്കുന്നത് എന്നതിന് തെളിവാണ്. ചെറിയ വീടുകളുള്ള ഏതാനും കോളനികള്‍ കണ്ടു എന്നല്ലാതെ ഒരു സ്‌കൂളോ, സ്ഥാപനമോ ഒന്നും ആ യാത്രക്കിടെ കാണാനായില്ല. നമ്മള്‍ മനസിലാക്കിയിരിക്കുന്നതിലും എത്രയോ ഒതുങ്ങിയ ജീവിതമാണ് പല ദേശത്തും ആളുകള്‍ നയിക്കുന്നത് എന്ന് മനസിലാക്കാന്‍ കഴിഞ്ഞു.

തീര്‍ത്ഥാടനം 

“എല്ലാ അര്‍ത്ഥത്തിലും എന്റെ ഈ യാത്രയെ തീര്‍ത്ഥാടനം എന്നു വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. യാത്രക്കിടെ നിരവധി തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതു കൊണ്ടും ദൈവാന്വേഷണത്തിന് സമാനമായ വിശ്വാസം, സമാധാനം, പ്രകൃതി എന്നിവ തേടിയുള്ള യാത്ര ആയതിനാലുമാണത്” – ഫാ. പ്രശാന്ത് പറയുന്നു.

തേവര കോളജിന്റെ പ്രകൃതിസൗഹൃദ മുഖം 

2010 – ല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ചുമതലയേറ്റെടുത്ത ഫാ. പ്രശാന്ത് കോളജിന് എക്കാലവും അഭിമാനിക്കാവുന്ന പ്രകൃതിസൗഹൃദ മുഖം നല്‍കുകയുണ്ടായി. ആദ്ധ്യാത്മിക, അദ്ധ്യാപകജീവിതത്തിനൊപ്പം പൊക്കാളി കൃഷി, തണ്ണീര്‍ത്തട സംരക്ഷണം, സൈക്ലിംഗ് എന്നിങ്ങനെ വിവിധ മേഖലകളില്‍ മികവുറ്റ മാതൃക ഫാ. പ്രശാന്ത് തന്റെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും നല്‍കിയിട്ടുണ്ട്.

ജൈവകൃഷി, ചെറുകാടുകളുടെ നിര്‍മ്മാണം, വനസംരക്ഷണം, ജലസംരക്ഷണം എന്നിവ ജീവിതവ്രതമാക്കിയ ഫാ. പ്രശാന്തിന് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഹരിതപുരസ്‌കാരം ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. നാലേക്കറിലേറെ സ്ഥലത്ത് കോളജിനു സ്വന്തമായി ജൈവകൃഷിയുണ്ട്. 2013 – ല്‍ എ ലെവല്‍ നാക് അക്രഡിറ്റേഷന്‍ നിലനിര്‍ത്തിയതിനൊപ്പം 2014 -ല്‍ കോളജിനു സ്വയംഭരണ പദവിയും അച്ചന്റെ സാരഥ്യത്തില്‍ നേടിയെടുത്തിരുന്നു.

സൈക്കിളിലെത്തുന്ന കോളജ് പ്രിന്‍സിപ്പല്‍

പ്രിന്‍സിപ്പലായിരിക്കെ ഫാ. പ്രശാന്ത് സൈക്കിളിലാണ് കോളജില്‍ വന്നുപോയിരുന്നത്. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ദിവസം കളമശേരിയിലെ താമസ സ്ഥലത്തേയ്ക്ക് സൈക്കിളില്‍ മടങ്ങിയ അദ്ദേഹത്തെ വിദ്യാര്‍ത്ഥികള്‍ അനുഗമിച്ച് യാത്രയയപ്പ് നല്‍കിയിരുന്നു. അച്ചന്റെ ഓള്‍ ഇന്ത്യാ യാത്രയിലും ആ ലാളിത്യം പ്രകടമാണ്. ചെന്നൈയിലും ബംഗളൂരുവിലും കൊണ്ടുപോയിട്ടുണ്ട് എന്ന ധൈര്യത്തില്‍ ഇന്ത്യ മുഴുവന്‍ കറങ്ങാനായി പതിമൂന്നു വര്‍ഷം പഴക്കമുള്ളതും കേടുപാടു തീര്‍ത്തെടുത്തതുമായ ബൈക്ക് ഉപയോഗിച്ചതും അത്യാവശ്യം വേണ്ടതു മാത്രം നിറച്ചൊരു ബാഗു മാത്രം കൈയ്യില്‍ കരുതിയതുമെല്ലാം അതുകൊണ്ടായിരുന്നു. അച്ചന്റെ യാത്രാപ്രേമവും എളിമയും അറിയാവുന്നതുകൊണ്ട് കോളജില്‍ നിന്ന് വിരമിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ സൈക്കിളാണ് ഫാ. പ്രശാന്തിന് സമ്മാനിച്ചത്.

കുടുംബം

തേവര പാലയ്ക്കാപ്പിള്ളില്‍ സേവ്യറിന്റേയും ത്രേസ്യാമ്മയുടേയും ഒമ്പതു മക്കളില്‍ അഞ്ചാമനാണ് ഫാ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി. ബിരുദ-ബിരുദാനന്തര പഠനങ്ങള്‍ ഉത്തരേന്ത്യയിലായിരുന്നു. 1994 -ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം, മുംബൈയിലെ ടാറ്റ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്ന് 1997 -ല്‍ സോഷ്യല്‍ വര്‍ക്കില്‍ പിഎച്ച്ഡിയും നേടി. മലയാളം, ഇംഗ്ലീഷ് എന്നിവ കൂടാതെ ഹിന്ദി, മറാഠി തുടങ്ങിയ പല ഭാഷകളിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.

കീർത്തി ജേക്കബ് 

2 COMMENTS

Leave a Reply to Biju mathewCancel reply