വി. ജോസഫിനെപ്പോലെ വേദനിക്കുന്നവരോടൊപ്പം സഭ നിൽക്കുന്നു: ആലപ്പോയിലെ വൈദികൻ

കോവിഡ് പകർച്ചവ്യാധിയാലും യുദ്ധത്തിന്റെ ദുരിതങ്ങളാലും ദാരിദ്ര്യത്താലും വലയുന്നവർക്കു മുന്നിലേയ്ക്ക് ദൈവിക കരുതലിന്റെ മാതൃകയായി വി. യൗസേപ്പിതാവിനെ നൽകി ആലപ്പോയിലെ വൈദികനായ ഫാ. ഇബ്രാഹിം അൽസബാഗ്. വേദനിക്കുന്നവരുടെ അടുക്കൽ വി. യൗസേപ്പിതാവിനെപ്പോലെ സഭയും ഒപ്പമുണ്ടായിരിക്കും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പത്തുവര്‍ഷത്തോളമായി നീളുന്ന യുദ്ധത്തിന്റെ കെടുതികൾ, കോവിഡ് പകർച്ചവ്യാധിയാല്‍ രൂക്ഷമായ സാഹചര്യം, തൊഴിലില്ലായ്മ, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിനു വക കണ്ടെത്തുവാൻ പോലും കഴിയാത്ത മാതാപിതാക്കൾ, പണപ്പെരുപ്പം ഇവ സിറിയയിൽ വര്‍ദ്ധിക്കുകയാണ്. ഒപ്പം നിസഹായരായി ആത്മഹത്യ ചെയ്യുന്ന കുടുംബനാഥന്മാരുടെ എണ്ണവും കൂടുന്നു. ഇത്തരത്തിലുള്ള വേദനകളുടെ നടുവിൽ നിൽക്കുന്ന വിശ്വാസികളെ യൗസേപ്പിതാവ് ഉണ്ണീശോയെയും മറിയത്തെയും ചേർത്തുനിർത്തിയതു പോലെ സഭയും ചേർത്തുനിർത്തുന്നു എന്ന് ഫാ. ഇബ്രാഹിം ഓർമിപ്പിച്ചു.

ഈ വേദനകളുടെ നടുവിലും ദൈവമാണ് നമ്മെ ഇവിടെയ്ക്ക് അയച്ചത് എന്ന പ്രത്യാശ കൈവിടരുത്. കഷ്ടപ്പാടുകൾ ലഘൂകരിക്കാനും ആവശ്യങ്ങൾ നിറവേറ്റാനും സഭ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. എല്ലാ പ്രായക്കാർക്കും ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ശ്രമിക്കുന്നു. ഒപ്പം കുട്ടികള്‍ക്കു ഭക്ഷണമെത്തിക്കുവാനും മരുന്ന്, വിദ്യാഭ്യാസം എന്നിവ നൽകുവാനും ശ്രമിക്കുന്നു. രോഗികളെയും വികലാംഗരെയും സഹായിക്കുക, തകർന്ന വീടുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലും സഭ ഏർപ്പെടുകയാണ്. ഭൗതികമായ ആവശ്യങ്ങൾ നിറവേറ്റുവാൻ സഹായിക്കുന്നതിനൊപ്പം ആത്മീയതയിൽ ശക്തിപ്പെടുന്നതിനുള്ള സഹായങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.