പുരോഹിതൻ എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? വിശുദ്ധ ഗ്രന്ഥത്തിൽ അതെവിടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്

വിശുദ്ധ ഗ്രന്ഥത്തിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന സവിശേഷമായ ഒരു വാക്കാണ് പുരോഹിതൻ എന്നത്. ചരിത്രരേഖകളിലും ഈ വാക്ക് പ്രതിപാദിക്കുന്നുണ്ട്. പ്രസ്ബിറ്റർ എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്രീസ്റ്റ് അഥവാ പുരോഹിതൻ എന്ന വാക്ക് ഉണ്ടായത്. അതിന്റെ യഥാര്‍ത്ഥ അർത്ഥമാകട്ടെ, മുതിര്‍ന്നയാൾ എന്നും.

പഴയ നിയമത്തിലായാലും പുതിയ നിയമത്തിലായാലും ദൈവത്തിന് ബലി അർപ്പിക്കുന്ന വ്യക്തിയെയാണ് പുരോഹിതൻ എന്ന് വിളിച്ചുവരുന്നത്. ഉൽപത്തി പുസ്തകത്തിന്റെ ആരംഭത്തിൽ തന്നെ പുരോഹിതൻ എന്ന വാക്ക് പ്രതിപാദിക്കുന്നുണ്ട്.

“സാലെം രാജാവായ മെല്‍ക്കിസെദെക്ക്‌ അപ്പവും വീഞ്ഞും കൊണ്ടുവന്നു. അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു അവന്‍. അവന്‍ അബ്രാമിനെ ആശീര്‍വദിച്ചു കൊണ്ടു പറഞ്ഞു: ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ കൃപാകടാക്ഷം നിന്റെ മേലുണ്ടാകട്ടെ! ശത്രുക്കളെ നിന്റെ കൈയ്യിലേല്‍പിച്ച അത്യുന്നത ദൈവം അനുഗൃഹീതന്‍. അബ്രാം എല്ലാറ്റിന്റെയും ദശാംശം അവന് കൊടുത്തു” (ഉല്‍. 14: 18-20).

ജനങ്ങളുടെ പ്രതിനിധിയായി നിന്ന് ദൈവത്തിന് ബലിയര്‍പ്പിക്കുന്ന ജോലിയാണ് മോശ അടക്കമുള്ള പുരോഹിതർ നിർവ്വഹിച്ചു കൊണ്ടിരുന്നത്. ഏറ്റവും വലിയ പുരോഹിതനായാണ് ഈശോ അറിയപ്പെടുന്നത്. കാരണം സ്വന്തം ജീവൻ തന്നെയാണല്ലോ ജനത്തിനു വേണ്ടി അവിടുന്ന് ദൈവത്തിന് ബലിയായി നൽകിയത്. അതുവഴിയായി പുതിയൊരു പുരോഹിതദൗത്യവും ഈശോ നൽകി. ഹെബ്രായർക്കെഴുതിയ ലേഖനത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നു.

“എന്നാല്‍, വരാനിരിക്കുന്ന നന്മകളുടെ പ്രധാന പുരോഹിതനായി ക്രിസ്‌തു പ്രത്യക്ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണ്ണവും മനുഷ്യനിര്‍മ്മിതമല്ലാത്തതും സൃഷ്‌ടവസ്‌തുക്കളില്‍ പെടാത്തതുമായ കൂടാരത്തിലൂടെ എന്നേയ്ക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു. അവന്‍ അവിടെ പ്രവേശിച്ച് നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല. സ്വന്തം രക്തത്തിലൂടെയാണ്‌” (ഹെബ്രാ. 9: 11-12).

“നമ്മുടെ മുന്നോടിയായി യേശു, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതനായിക്കൊണ്ട്‌ ഏത് വിരിക്കുള്ളില്‍ പ്രവേശിച്ചുവോ അതേ വിരിക്കുള്ളിലേക്ക്‌ ഈ പ്രത്യാശ കടന്നുചെല്ലുന്നു” (ഹെബ്രാ. 6: 20).

അപ്പസ്തോല പ്രവര്‍ത്തനങ്ങളിലും വി. മത്തായിയുടെ സുവിശേഷത്തിലും ഇക്കാര്യം വ്യക്തമാകുന്നു. “അവര്‍ സഭകള്‍ തോറും ശ്രേഷ്‌ഠന്മാരെ നിയമിച്ച്‌ പ്രാര്‍ത്ഥനയോടും ഉപവാസത്തോടും കൂടെ അവരെ തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിന് സമര്‍പ്പിച്ചു” (അപ്പ. പ്രവ. 14: 23).

“യേശു ശിഷ്യന്മാരോട്‌ അരുളിച്ചെയ്‌തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌ തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ” (മത്തായി 16: 24).

പുരോഹിതൻ മാത്രമല്ല, മാമ്മോദീസാ സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും തന്റെ ജീവിതം അനുദിന ബലിയായി ദൈവത്തിന് സമർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ