“ഞാൻ ഇപ്പോഴും ദൈവത്തെ സ്നേഹിക്കുന്നു” -കോവിഡ് മൂലം കുടുംബം മുഴുവൻ നഷ്ടപ്പെട്ട വൈദികൻ

ബ്രസീലിലെ സാവോ പോളോയിലെ ഇടവക വികാരി ഫാ. ഗിൽവാൻ മാനുവൽ ഡാ സിൽവയ്ക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടത് തന്റെ കുടുംബത്തെ മുഴുവനുമാണ്. തന്റെ മാതാപിതാക്കളെയും രണ്ട് സഹോദരങ്ങളെയും വെറും ആറ് ദിവസത്തിനുള്ളിലാണ് അദ്ദേഹത്തിന് നഷ്ടമായത്. എന്നാൽ ഈ വേദനയിലും ഫാ. ഗിൽവാൻ ഉറപ്പിച്ചു പറയുന്നു, “ഞാൻ ഇപ്പോഴും എന്റെ ദൈവത്തെ ശക്തമായി സ്നേഹിക്കുന്നു.”

മാർച്ച് 31 -ന്, ഫാ. ഗിൽവാന്റെ പിതാവ് മാനുവൽ അനേഷ്യോ ഡി സൂസയും സഹോദരൻ വിസെൻറ് മാനുവൽ ഡി സിൽവയും കൊറോണ വൈറസ് ബാധിച്ചു മരിച്ചു. നാല് ദിവസത്തിനുശേഷം അദ്ദേഹത്തിന്റെ അമ്മ അന്റോണിയ റോസ ഡ സിൽവ സൂസയും ഇതേ രോഗത്താൽ മരണമടഞ്ഞു. ഏപ്രിൽ 5 -ന് ഈ വൈദികന് തന്റെ കുടുംബത്തിലെ അവസാനത്തെ അംഗമായ സഹോദരി റോസ മരിയ ഡാ സിൽവയെയും നഷ്ടപ്പെട്ടു. തന്റെ കുടുംബത്തിലെ ദാരുണമായ ഈ നഷ്ടങ്ങൾ ഫാ. ഗിൽവാന്റെ വിശ്വാസത്തെ ഒട്ടും തളർത്തിയില്ല. പ്രയാസകരമായ ഈ സമയങ്ങളിൽ പ്രാർത്ഥനയാണ് തന്നെ ആശ്വസിപ്പിക്കുന്നതെന്നും ജീവിതത്തിൽ നേരിടുന്ന എല്ലാ വെല്ലുവിളികൾക്കിടയിലും ദൈവത്തെ സ്നേഹിക്കുന്നത് തുടരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

“കർത്താവേ, അങ്ങേയ്ക്ക് എന്നിൽ നിന്ന് എല്ലാം എടുക്കാം, പക്ഷേ ഞാൻ എപ്പോഴും അങ്ങയെ സ്നേഹിക്കും, എന്നെ അനുഗ്രഹിക്കേണ്ട കൈകളോ കാലുകളോ സ്പർശിക്കുവാനോ അവരെ ഒന്ന് ചുംബിക്കാൻ പോലുമോ എനിക്ക് സാധിച്ചില്ല. അത് വികാരത്തിന്റെയും വിശ്വാസത്തിന്റെയും നിമിഷമായിരുന്നു” – അദ്ദേഹം കണ്ണീരോടെ പറയുന്നു.

അഭിഷേകം നടത്തുവാൻ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഡ്രസ്സ് ധരിച്ചെത്തിയപ്പോൾ അദ്ദേഹം തന്റെ മകനാണെന്ന് മനസിലാക്കിയ അമ്മ പറഞ്ഞു: “എന്റെ മകനേ, നീ ആശുപത്രിക്കുള്ളിൽ എന്താണ് ചെയ്യുന്നത്? ഇവിടെ വളരെ അപകടകരമാണ്; പുറത്തു പോവുക,”
വേദനകള്‍ക്കിടയിലും ദൈവത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഈ വൈദികന്‍ തന്റെ പൗരോഹിത്യജീവിതം തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.