അയാൾക്ക് ആ രാത്രിയിൽ ഉറങ്ങാൻ കഴിയുമായിരുന്നില്ല

[avatar user=”Sheen” size=”thumbnail” align=”right”]Sheen Palakuzhy[/avatar]

ദൈവത്തിന്റെ ആലയം പണിയാന്‍ നിയോഗം ലഭിച്ച പുരോഹിതന്റെ വിചാരങ്ങളിലൂടെയുള്ള യാത്ര…

ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാരംഭിച്ച ദൈവാലയ കൂദാശ കഴിഞ്ഞ്, ആളും ആരവങ്ങളുമൊഴിഞ്ഞ്, പള്ളിയും പരിസരങ്ങളും അപ്പോഴേക്കും വിജനമായിക്കഴിഞ്ഞിരുന്നു. രാത്രിയിൽ, അലങ്കാര ദീപങ്ങളുടെ ബഹുവർണ്ണ പ്രഭയിൽ കുളിച്ചു കിടന്ന, ആ ദൈവാലയ മുറ്റത്ത്, അവസാനത്തെ അതിഥികളായി ഞങ്ങളെത്തുമ്പോൾ, ഒരാൾ മാത്രം ആ ദൈവാലയത്തെത്തന്നെ ഉറ്റുനോക്കി, അപ്പോഴും മുറ്റത്ത് ഉണർന്നിരിപ്പുണ്ടായിരുന്നു.

അയാൾക്ക് ആ രാത്രിയിൽ ഉറങ്ങാൻ കഴിയുമായിരുന്നില്ല. കാരണം അയാൾക്കായിരുന്നു ആ ആലയം പടുത്തുയർത്താനുള്ള നിയോഗം ലഭിച്ചത്. മറ്റേതോ ദേശത്തു നിന്നു വന്ന് അവിടെ പാളയമടിച്ച് അയാൾ ആ നിയോഗം പൂർത്തിയാക്കുകയായിരുന്നു.

സംവൽസരങ്ങൾ നീണ്ട ആ കർമ്മം പൂർത്തിയാക്കാൻ ഒരുപാടു വിയർപ്പും കണ്ണീരും ആത്മസംഘർഷങ്ങളും നേദിച്ച് അയാൾ വല്ലാതെ തകർക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ, ആ ആലയത്തിൽ ദൈവം വസിക്കാൻ തുടങ്ങിയ, ആത്മസംതൃപ്തിയുടെ ഈ രാത്രി, അയാൾക്കു മാത്രം അവകാശപ്പട്ടതാണ്. നിദ്രയോ സ്വപ്നങ്ങളോ അതിഥികളോ മറ്റെന്തെങ്കിലുമോ ആ രാത്രിയുടെ ശിഷ്ടഭാഗം കവർന്നെടുക്കാൻ അയാൾ ഇഷ്ടപ്പെടുന്നില്ല. എന്നിട്ടും അയാൾ ഹൃദയപൂർവം ഞങ്ങളെ ആ ഭവനത്തിൽ സ്വീകരിച്ചു.

കൗമാരത്തിൽ നിന്നു യൗവ്വനത്തിലേക്കുളള ജീവിതത്തിന്റെ ഗതിമാറ്റം നടക്കുന്ന നിർണ്ണായകമായ ഒരു കാലഘട്ടത്തിൽ, ഒരേ പാഠശാലയിൽ ഒരു വ്യാഴവട്ടക്കാലം മുഴുവൻ ഒരുമിച്ചു പരിശീലനം നേടിയിട്ടും, അക്കാലത്തൊന്നും അയാളിൽ എനിക്കു കണ്ടെത്താൻ കഴിയാതിരുന്ന അഭൗമമായ ഒരാത്മസംതൃപ്തിയും ആനന്ദവും ആ മുഖത്ത് ഓളം വെട്ടുന്നത് മങ്ങിയ വെളിച്ചത്തിലും ആ രാത്രിയിൽ ഞാൻ വ്യക്തമായി കണ്ടു.

ശരിയാണ്, ആ ആനന്ദത്തിന് അയാൾക്കർഹതയുണ്ട്. കാരണം ഈ നിർമ്മാണത്തിനിടയിൽ അയാൾ കടന്നു പോയിട്ടുള്ള ആത്മസംഘർഷങ്ങളുടെ കണക്കെടുത്താൽ, ഒരായുഷ്ക്കാലം മുഴുവൻ അയാൾക്കു സന്തോഷിക്കാൻ വകയുണ്ട്.
പുതിയൊരു ദൈവാലയം വേണമെന്നുള്ള ജനത്തിന്റെ ആഗ്രഹം ദൈവത്തിന്റെ മനസ്സുമായി തട്ടിച്ചു നോക്കി തീരുമാനമെടുക്കേണ്ട ചുമതല അയാൾക്കായിരുന്നു. എത്ര കാലം ക്ഷമയോടെ കാത്തിരുന്നിട്ടാവും, എത്ര തവണ ചോദിച്ചിട്ടാവും അയാൾക്ക് സ്വർഗ്ഗത്തിൽ നിന്ന് ഒരുത്തരം കിട്ടിയത്? അറിയില്ല; അതയാൾക്കു മാത്രമേ അറിയൂ!
പണിയാരംഭിക്കുമ്പോൾ അതു പൂർത്തിയാക്കാൻ വേണ്ട വക ഇപ്പോൾ തനിക്കില്ല എന്ന് ഉത്തമ ബോധ്യമുണ്ടായിട്ടും ദൈവപരിപാലനയിൽ മാത്രം ആശ്രയിച്ച്, കണ്ണുംപൂട്ടി നിർമ്മാണ പ്രക്രിയയിലേക്കെടുത്തു ചാടാനുളള വിപദി ധൈര്യം അയാൾ എങ്ങനെ, എവിടെ നിന്നാവും സമ്പാദിച്ചത്?

തന്റെ ദേശവും കാലവും മനസ്സാക്ഷിയും പരിഗണിച്ച്, അത്യാവശ്യവും ആവശ്യവും അലങ്കാരവും ആഡംബരവും തമ്മിലുള്ള അതിർവരമ്പുകൾ നിശ്ചയിക്കാൻ അയാൾ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടാവും. ഓരോ തീരുമാനത്തിലും ഒരു നൂറു വിമർശനങ്ങൾ അയാളെ പതിയിരുന്ന് ആക്രമിച്ചിട്ടുണ്ടാവണം! തനിക്കറിയാത്ത നിർമ്മാണ വിഷയങ്ങളെപ്പറ്റി കൂട്ടുപണിക്കാർ വാചാലരാകുമ്പോൾ, അവർ പോലുമറിയാതെ എത്രയോ തവണ ഭൂമിയോളം സ്വയം താണ് അയാൾ മനസ്സുകൊണ്ട് അവർക്കൊക്കെ ശിഷ്യപ്പെട്ടിരിക്കണം!

ഓരോ കല്ലു പടുക്കുമ്പോഴും അയാളുടെ ഹൃദയത്തിന്റെ ഒരു കഷ്ണവും അതിനൊപ്പം അയാൾ ചേർത്തു വച്ചിട്ടുണ്ടാവും. എല്ലാം ചേർത്തു പടുക്കുമ്പോൾ എന്തായിത്തീരുമെന്ന മാനുഷികമായ ആധിയിൽ വിറപൂണ്ട്, അയാളുടെ എത്ര അത്താഴങ്ങൾ അയാൾ മറന്നിട്ടുണ്ടാവും!

താഴെയും മുകളിലുമുള്ളവരുടെ ഹിതാഹിതങ്ങൾക്കിടയിൽ വിഭജിക്കപ്പെട്ട അയാൾക്ക് എത്രയോ രാത്രികളിൽ നിദ്ര തന്നെ ഒരു (ദുഃ)സ്വപ്നമായി മാറിയിട്ടുണ്ടാവും!
കല്ലുടയ്ക്കുന്നവൻ മുതൽ താഴികക്കുടം മിനുക്കുന്നവൻ വരെയുള്ള സകലരുടെ പിഴവിനും ഉത്തരം നൽകാൻ അയാൾക്കുള്ള ബാധ്യത അയാളുടെ സ്വസ്ഥതയും സമാധാനവും കവർന്നെടുത്തത് അയാൾ പോലുമറിഞ്ഞിട്ടുണ്ടാവില്ല! കാരണമറിയാത്ത ആകുലതകൾ അയാളുടെ ആയുസ്സിന്റെ എത്ര ദിവസങ്ങൾ കെടുത്തിക്കളഞ്ഞിട്ടുണ്ടാവും! സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവുമായ പരാധീനതകളിൽപ്പെട്ട് കൂട്ടുവേലക്കാർ പലരും പാതിവഴിയിൽ പണിയുപേക്ഷിച്ച് മടങ്ങിയിട്ടും ഉപേക്ഷിക്കാനാവാത്ത ഉത്തരവാദിത്വ ബോധം അയാളെ ഒരുപക്ഷേ ഭ്രാന്തനാക്കിയിട്ടുണ്ടാവും!

എല്ലാ പണികളും കഴിഞ്ഞ്, ‘ഞാൻ പ്രയോജനമില്ലാത്ത ദാസനാണ്, കടമ നിർവഹിച്ചതേയുള്ളൂ’ എന്നൊരു തിരുവചനമോർമ്മിച്ച് മടങ്ങിപ്പോകേണ്ടവനാണ് എന്നറിയാമെങ്കിലും കെട്ടുപണിയിൽ പുലർത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും ജാഗ്രതയെക്കുറിച്ചും അയാൾക്കു നല്ല ബോധ്യങ്ങളുണ്ടായിരുന്നിരിക്കണം!

ഇത്രയൊക്കെ ക്ഷമയോടെ സഹിക്കാൻ തക്കവണ്ണം അയാൾ ആരാണ്?

അയാൾ ആ ദൈവാലയത്തിലെ പുരോഹിതനാണ്!

ഈ രാത്രിയിൽ അവിടെ സങ്കീർത്തനങ്ങൾ ആലപിക്കേണ്ടതും നാളെ പുലർകാലത്ത് ആ പുതിയ ബലിപീഠത്തിൽ ബലിയാകേണ്ടതും ബലിയർപ്പിക്കേണ്ടതും അയാൾ തന്നെയാണ്!
അതിനാൽ ഈ രാത്രിയിൽ അയാളുടെ ഏകാന്ത ധ്യാനത്തെ ഭഞ്ജിക്കാതെ എത്രയും വേഗത്തിൽ മടങ്ങേണ്ടിയിരിക്കുന്നു.

കല്ലും മണ്ണും മരവും കൊണ്ടു പടുത്തുയർത്തുന്നതു മാത്രമല്ല ദൈവാലയം. നമ്മുടെ ജീവിതവും കുടുംബവും പണിയിടങ്ങളും ബന്ധങ്ങളും ജീവിക്കുന്ന ഇടങ്ങളുമൊക്കെ ദൈവാലയങ്ങൾ തന്നെ. പടുത്തുയർത്താൻ ഇത്തിരി ത്യാഗം സഹിക്കേണ്ടി വരും. അതിന് നിങ്ങളൊരു പുരോഹിത(ൻ) ആകേണ്ടിവരും!

ഫാ. നിതീഷ്‌, ഫാ. ഷീന്‍
ഫാ. നിതീഷ്‌, ഫാ. ഷീന്‍

NB: ഫാ. നിതീഷ്‌ എന്ന സഹവൈദികന്‍ പണികഴിപ്പിച്ച ദേവാലയത്തില്‍ ആദ്യമായി ചെന്നപ്പോള്‍ മനസ്സില്‍ വന്ന വിശുദ്ധ വിചാരങ്ങള്‍. 

ഇത്രയേറെ ആത്മനിർവൃതിയോടും സംതൃപ്തിയോടും കൂടി നിതീഷച്ചനെ ഞാൻ ഇതിനു മുമ്പു കണ്ടിട്ടില്ല. പാറശാല കുടയാൽ ജപമാലരാജ്ഞി ഇടവകയ്ക്കും ആ ദേശത്തിനും വേണ്ടി, ഒരുപാട് ത്യാഗം സഹിച്ച്, മനോഹരമായ ഒരു ദൈവാലയം പണികഴിപ്പിച്ച പ്രിയ സഹോദരന് ആത്മാർത്ഥമായ അനുമോദനങ്ങളും പ്രാർത്ഥനകളും! ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.