മെക്സിക്കൻ അതിർത്തിയിൽ വൈദികൻ കുത്തേറ്റു മരിച്ചു

ഉത്തര മെക്സിക്കൻ അതിർത്തി നഗരമായ മറ്റാമോറോസിൽ കത്തോലിക്കാ വൈദികൻ കുത്തേറ്റു മരിച്ചു. ഫാ. ജോസ് മാർട്ടിൻ ഗുസ്മാൻ വേഗ എന്ന വൈദികനാണ് കൊല്ലപ്പെട്ടതെന്ന് മറ്റാമോറോസ് രൂപത വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഇടവകക്കാർ ഉച്ചത്തിലുള്ള നിലവിളി കേട്ട് ചെന്ന് നോക്കിയപ്പോൾ ഫാ. ജോസ് മാർട്ടിനെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നു.

വൈദികന്റെ കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നു വ്യക്തമല്ല. ഈ വർഷം മെക്സികോയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ. ജോസ് മാര്‍ട്ടിന്‍. സഭയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ 26 വൈദികർ മെക്സിക്കോയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മെക്സിക്കോയിലെ നിരവധി രൂപതകളിൽ നിന്നും വൈദികരെ ഭീഷണിപ്പെടുത്തിയതായുളള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെന്നും മമറ്റാമോറോസ് രൂപതവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത കാലങ്ങളിൽ മോഷണ ശ്രമത്തിനിടയിലും തട്ടിക്കൊണ്ടുപോയും മറ്റും നിരവധി വൈദികരെ മെക്സിക്കോയിൽ കൊലപ്പെടുത്തിയിട്ടുണ്ട്.