മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്കിടെ മലയാളി വൈദികന് കുത്തേറ്റു. ഫാ.ടോമി കളത്തൂർ മാത്യുവിനാണ് (48) കുത്തേറ്റത്. ഇദ്ദേഹത്തിന്റെ കഴുത്തിലാണ് കുത്തേറ്റത്. മെൽബൺ ഫോക്നർ നോർത്തിലെ സെന്റ് വില്യം ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 11 ന് ആയിരുന്നു സംഭവം. ഇറ്റാലിയൻ കുർബാനയാണ് ഈ സമയം നടന്നുവന്നത്.
പള്ളിയിൽ അതിക്രമിച്ചു കയറിയ അക്രമി വാക്കുതർക്കത്തെ തുടർന്ന് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ഫാ.ടോമിയെ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമി രക്ഷപെട്ടു. നിങ്ങൾ ഇന്ത്യക്കാരനാണ്. ഹിന്ദുവോ മുസ്ലിമോ ആണ്. നിങ്ങൾ കുർബാന അർപ്പിക്കാൻ പാടില്ല. നിങ്ങളെ കൊല്ലും എന്ന് ആക്രോശിച്ചാണ് അക്രമി ടോമിക്കു നേരെ ചാടിവീണത്. ഗുരുതരപരിക്കേറ്റ ഫാ.ടോമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം ആരോഗ്യം വീണ്ടടെത്തുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞയാഴ്ചയും അക്രമി പള്ളിയിൽ എത്തിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. എന്നാൽ ഇയാൾ കുർബാനകളിലൊന്നും പങ്കെടുത്തിരുന്നില്ല. അക്രമി ഇറ്റലിക്കാരനാണെന്ന് പോലീസ് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടപ്പാട്: ദീപിക