കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാൻ നഴ്‌സിംഗ് ജോലിയിൽ തിരികെ പ്രവേശിച്ച് ഒരു വൈദികൻ

ദൈവത്തിന്റെ വിളിക്ക് ഉത്തരം നൽകിക്കൊണ്ട് ഉപേക്ഷിച്ച നേഴ്‌സിങ് ജോലിയിലേക്ക് തിരികെ പ്രവേശിച്ചിരിക്കുകയാണ് പോർച്ചുഗലുകാരനായ ഒരു വൈദികൻ. ഫാ. റൂബൻ ഫിഗ്വിരേദോ എന്ന വൈദികനാണ് കോവിഡ് പകർച്ച വ്യാധിയാൽ ഒറ്റപ്പെട്ടു പോകുന്നവരിലേയ്ക്ക് ദൈവത്തിന്റെ സ്നേഹ സ്വാന്ത്വനം പകരുവാൻ പഴയ നഴ്‌സിംഗ് കുപ്പായം തിരികെയെടുത്തത്. കോവിഡ് മൂലം ഏകാന്തതയിൽ ആയവർക്ക് സാന്ത്വനം പകരുവാൻ ദൈവം തന്നെ വിളിക്കുന്നു എന്ന തിരിച്ചറിവിൽ സഭാധികാരികളുടെ അനുമതിയോടെയാണ് നഴ്‌സായി ശുശ്രൂഷ ചെയ്യുവാൻ ആരംഭിച്ചത്.

സാന്താരെം രൂപതയ്ക്കായി 2017 -ൽ ആണ് ഫാ. റൂബൻ തിരുപ്പട്ടം സ്വീകരിക്കുന്നത്. നഴ്‌സിംഗ് കഴിഞ്ഞു പരിശീലനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് തന്നെ കുറിച്ചുള്ള പദ്ധതി മറ്റൊന്നാണെന്നു റൂബൻ തിരിച്ചറിയുകയും സെമിനാരിയിൽ ചേരുകയും ചെയ്തത്. പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ഇടവക ദൈവാലയത്തിൽ ശുശ്രൂഷ ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് കോവിഡ് പകർച്ച വ്യാധി രൂക്ഷമാകുന്നത്.

കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമായപ്പോൾ ആരോഗ്യ പ്രവർത്തകരുടെയും നഴ്‌സുമാരുടെയും കുറവ് രൂക്ഷമായ പ്രതിസന്ധികളിലേയ്ക്ക് നയിച്ചു. ലോക് ഡൌൺ ആയതിനാൽ മറ്റു പരിപാടികൾ ഒന്നും നടക്കില്ല. ഈ സാഹചര്യത്തിൽ ആണ് കോവിഡ് രോഗികളെ ശുശ്രൂഷിക്കുവാനും നഴ്‌സായി സേവനം ചെയ്യുവാനും ഉള്ള അനുമതി ഫാ. റൂബൻ ബിഷപ്പിനോട് ആവശ്യപ്പെട്ടത്. ബിഷപ്പ് പൂർണ്ണ പിന്തുണ നൽകുകയും ചെയ്തതോടെ ഫാത്തിമയിലെ താൽക്കാലിക ആശുപത്രിയിൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നതിനായി അദ്ദേഹം എത്തിത്തുടങ്ങി.

“ഈ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, നഴ്‌സുമാർക്കും ആരോഗ്യ പരിപാലന വിദഗ്ധർക്കും വളരെയധികം ആവശ്യമുണ്ട്. ഈ അവസ്ഥ കണ്ടെല്ലെന്നു നടിക്കുവാൻ എനിക്ക് കഴിയുമായിരുന്നില്ല. ഞാൻ ദൈവത്തിൽ ശരണം വയ്ക്കുവാനും പ്രതീക്ഷയോടെ ആയിരിക്കുവാനും ആണ് രോഗികളെ പ്രേരിപ്പിക്കുന്നത്. ക്രിസ്ത്യാനികളെന്ന നിലയിൽ, ക്രിസ്തു നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. ക്രിസ്തു നമ്മോടൊപ്പം നടക്കുന്നു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ആ ക്രിസ്തു രൂപം രോഗികളുടെ മനസ്സിൽ സൃഷ്‌ടിക്കുന്നതിനാണ് ഞാൻ ശ്രമിക്കുന്നത് “- അദ്ദേഹം പറഞ്ഞു.

“രോഗികളായ ആളുകൾ തങ്ങളുടെ പക്കലേയ്ക്ക് കടന്നു വരുന്ന നഴ്സ് ഒരു വൈദികനാണെന്നു അറിയുമ്പോൾ വളരെ അധികം ആശ്വാസം പ്രകടിപ്പിക്കാറുണ്ട്. അവർക്കായി പ്രാർത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുമ്പോൾ വലിയ ഒരു സമാധാനം കടന്നു വരുന്നത് കാണാം. പലപ്പോഴും ഈ ഒരു ശുശ്രൂഷയിലൂടെ രോഗികളായ ആളുകൾക്ക് മരണത്തിനു മുൻപ് പ്രാർത്ഥനയും ആശീർവാദവും നൽകുവാൻ കഴിയുന്നു. അത് അവർക്കും ഒപ്പം എനിക്കും വളരെ സന്തോഷം നൽകുന്നു” – അച്ചൻ പറയുന്നു. കൂടാതെ കോവിഡ് ബാധിതരും പ്രായമായവരും ആയ വൈദികരെയും ഈ യുവ വൈദികൻ ശുശ്രൂഷിക്കുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.