നിലത്തെഴുത്തിനും നീതിക്കുമിടയില്‍ ഒരു ചോദ്യം

[avatar user=”Biju Madathikunnel” size=”120″ align=”right” /]

കല്ലേറു ഭയന്ന് ഒരു സ്ത്രീ മണ്ണോട് ചേര്‍ന്നിരിക്കുന്നു. മരണത്തിന്റെ തണുത്ത നിശ്വാസം കടുത്ത ചൂടിലും അവളുടെ മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. ശരിയാണ്. നാഴികകള്‍ക്ക് മുമ്പ് സമൂഹം അനുവദിക്കാത്ത ശരീരത്തിന്റെ കാമനകളിലൂടെ അവള്‍ ജീവിക്കുകയായിരുന്നു. ഗണികയെന്ന് പേരു മുദ്രകുത്തപ്പെട്ട അവള്‍ക്ക് വായിക്കപ്പെടാത്ത ഒരു ഭൂതകാലമുണ്ട്. കല്ലെറിയാന്‍ നില്‍ക്കുന്നവരില്‍ പലരും കിടക്ക പങ്കിട്ടവരാണ്. ശരീരം കൊത്തിപ്പറിച്ചവരാണ്. കൊതിയും അസൂയയും വൈരാഗ്യവും നുരഞ്ഞ് ആരോ ഒരാള്‍ അവളെ ഒറ്റിക്കൊടുത്തിരിക്കണം. മരണമര്‍ഹിക്കുന്ന തെറ്റായിരുന്നു താന്‍ ചെയ്യുന്നതെന്ന് അറിഞ്ഞിട്ടു കൂടി പാപത്തില്‍ തുടരാന്‍ അവളെ പ്രേരിപ്പിച്ച ജീവിത സാഹചര്യമെന്താണ്? അവള്‍ക്ക് ബന്ധുക്കളാരെങ്കിലുമുണ്ടോ?.. അവള്‍ക്ക് ഒരു പേരുണ്ടോ? അറിയില്ല. അല്ലെങ്കില്‍ തന്നെ കുറ്റവാളി ഇത്തരം ചോദ്യങ്ങളുടെ ആനുകൂല്യങ്ങളൊന്നും അര്‍ഹിക്കുന്നില്ല. കാരണം അനേകം മനുഷ്യരുടെ ഇന്ദ്രിയാനുഭവങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ഒടുവില്‍, നീതിബോധത്തിന്റെ പാരസ്പര്യത്തില്‍ അവള്‍ കുറ്റവാളി മാത്രമാണ്. പേരില്ലാത്ത, ആത്മാവോ ഹൃദയമോ മനുഷ്യവികാരങ്ങളോ ഇല്ലാത്ത, ഭൂമിയുടെ ജൈവികാനുഭവങ്ങളുടെ നിരാസം മാത്രം അര്‍ഹിക്കുന്ന, ഓര്‍മകളില്‍ നിന്നു പോലും തുടച്ചു മാറ്റപ്പെടേണ്ട കുറ്റവാളി.

മനുഷ്യന്‍ സ്വന്തം തെറ്റുകളെ ന്യായീകരിക്കുന്ന വക്കീലും, അപരന്റെ തെറ്റുകളെ വിധിക്കുന്ന ന്യായാധിപനുമാണെന്ന ചിന്ത എത്ര ശരിയാണ്. വെറുതെ ഒരു ബൈബിള്‍ വചനം ഓര്‍മിക്കുന്നു. നില്‍ക്കുന്നു എന്നു കരുതുന്നവന്‍ വീഴാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളട്ടെ എന്ന്. ഇന്ന് വരെ എനിക്ക് തെറ്റുപറ്റിയിട്ടില്ല എന്നത് കൊണ്ട് നാളെ എനിക്ക് ഒരിക്കലും തെറ്റുപറ്റില്ല എന്ന് വിചാരിക്കുന്ന മനുഷ്യരുണ്ട്. തന്റെ കുറ്റങ്ങള്‍ വെളിച്ചത്തു വരാത്തതു കൊണ്ടും പിടിക്കപ്പെടാത്തതു കൊണ്ടും നീതിമാനായി ചമയുന്നവരുമുണ്ട്. ഹൃദയത്തില്‍ ഒരിക്കലും മാലിന്യം കടന്നിട്ടില്ല എന്ന് വീമ്പു പറയാന്‍ കെല്‍പ്പുള്ള ആരുണ്ട്. തെറ്റു പറ്റിയ ഒരാള്‍, തെറ്റുകള്‍ ക്ഷമിക്കപ്പട്ട ഒരാള്‍ മറ്റൊരാളുടെ തെറ്റുകളെ കരുണയോടെ വീക്ഷിക്കാന്‍ പഠിക്കും. മറ്റൊരാള്‍ക്കു മുകളില്‍ വിധി പറയാന്‍ കൈയുയര്‍ത്തും മുന്‍പ് അയാളുടെ മനസ്സ് പിടയ്ക്കും. ശരിയാണ്. തെറ്റ് തെറ്റാണ്. നിയമങ്ങളും നീതിയും നടപ്പാക്കേണ്ടതുണ്ട്. കുറ്റവാളികളെ ഇല്ലാതാക്കിക്കൊണ്ട് നീതി നടപ്പാക്കാനാവില്ല. കാരണം തിരിച്ചുവരവിനുള്ള ഒരു സാധ്യത അയാള്‍ക്ക് മരണം വരെയുണ്ട്. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് വിനീതനാകുന്നവന്‍ ഒരു പക്ഷേ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യനായേക്കാം. വിക്ടര്‍ ഹൂഗോയുടെ പാവങ്ങള്‍ എന്ന നോവലിലെ ജീന്‍വാല്‍ജിനേപ്പോലെ. കുരിശില്‍ കിടന്നും ക്രിസ്തുവിനെ തിരിച്ചറിയാന്‍ കഴിഞ്ഞ നല്ല കള്ളനെപ്പോലെ. മാനുഷികമായ നീതി നടപ്പാക്കാന്‍, തെറ്റുകള്‍ക്ക് മനുഷ്യനാല്‍ സാധ്യമായ പരിഹാരങ്ങളിലേയ്‌ക്കെത്താന്‍ നമുക്കെല്ലാം അവകാശവും ബാധ്യതയുമുണ്ട്. പക്ഷേ പലപ്പോഴും പൊട്ടിയ ചില്ലുപാത്രങ്ങള്‍ പോലെ കൂട്ടിയോജിപ്പിക്കാനോ തിരിച്ചു പിടിക്കാനോ കഴിയാത്ത കാലത്തിന്റെ സമസ്യയില്‍ തിരിച്ചുപോക്കിന്റെ നിസ്സഹായതയില്‍ മനുഷ്യന്‍ നിരായുധനാകുന്നു. തീരുമാനങ്ങളുടെയോ പ്രവര്‍ത്തികളുടെയോ പരിണിതഫലങ്ങളെ ഇല്ലാതാക്കാന്‍ കഴിയാത്ത തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്വങ്ങളിലേയ്ക്ക് എല്ലാ മനുഷ്യനും കടന്നു പോകേണ്ടതുണ്ട്.

കുറ്റവാളികളെ കല്ലെറിയാന്‍ നിയമം നമുക്ക് അനുവാദം തന്നേക്കാം. അതിനുള്ള അര്‍ഹതയും നമുക്കുണ്ടായേക്കാം. പക്ഷേ നാളെ ഞാന്‍ കുറ്റവാളിയായാല്‍, എന്റെ ജീവിതത്തോടടുത്തു നില്‍ക്കുന്ന ആരെങ്കിലും കുറ്റവാളികളായാല്‍ സമൂഹത്തിന്റെ നീതി ബോധത്തിനു മുമ്പില്‍ യാചനയോടെ നില്‍ക്കാനേ നമുക്ക് കഴിയൂ. നിയമം നല്ലതു തന്നെ. പക്ഷേ ആത്യന്തികമായി ഒരു നിയമവും നമ്മെ രക്ഷിക്കുന്നില്ല. നമ്മുടെ തിരിച്ചറിവുകളല്ലാതെ. മനുഷ്യത്വം നഷ്ടപ്പെട്ടവരോടും മനുഷ്യത്വം കാണിക്കാന്‍ പഠിക്കുമ്പോഴാണ് ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയാകുന്നത്. നിങ്ങളില്‍ പാപമില്ലാത്തവര്‍ അവളെ കല്ലെറിയട്ടെ എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ പാപിനിയെ പാപിനിയല്ലാതാക്കുന്നില്ല. അത് മനുഷ്യകുലത്തിന്റെ ആന്തരികതയിലേയ്ക്ക് ദൈവം ചേര്‍ത്തുവെയ്ക്കുന്ന ഒരു സൂചികയാണ്. കല്ലെറിയപ്പെടേണ്ടവളും കല്ലെറിയാന്‍ നില്‍ക്കുന്നവരും ഒരു നിമിഷം അവരുടെ ഹൃദയത്തിലേയ്ക്ക് നോക്കുന്നു. ഹൃദയങ്ങള്‍ കാണുന്ന ക്രിസ്തുവിന്റെ വചനങ്ങള്‍ പാപിനിയേയും നീതിനടപ്പാക്കാന്‍ തത്രപ്പെടുന്ന സമൂഹത്തെയും ഹിംസയുടെ അടിസ്ഥാന ത്വരയില്‍ നിന്ന് താത്ക്കാലികമായെങ്കിലും രക്ഷിക്കുന്നു. വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങളും വിധിക്കരുത് എന്ന ക്രിസ്തുവചനത്തിന്റെ അന്തരാര്‍ത്ഥത്തിലേയ്ക്ക് മാനവകുലത്തെ ക്ഷണിക്കുന്നു.

ആസക്തിയോടെ സ്ത്രീയെയോ പുരുഷനെയോ നോക്കുന്നവന്‍ ഹൃദയത്തില്‍ വ്യഭിചാരം ചെയ്തു കഴിഞ്ഞു എന്ന ക്രിസ്തുവിന്റെ ഓര്‍മപ്പെടുത്തല്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്താത്ത ഒരു കാലം നമ്മുടെ ജീവിതത്തിലൊരിക്കലും ഉണ്ടാവില്ല എന്ന് തീര്‍ച്ച പറയാന്‍ നമുക്കാര്‍ക്കെങ്കിലുമാകുമോ. ശരീരത്തിന്റെ തൃഷ്ണകളില്‍ ആന്തരികതയുടെ പ്രകാശത്തിലേയ്ക്ക് നടക്കാന്‍ മാനുഷിക ശ്രമങ്ങള്‍ കൊണ്ട് മാത്രം കഴിഞ്ഞു എന്നു വരില്ല. നിവര്‍ന്ന് നില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഓരാള്‍ക്കും അത് സ്വന്തം ക്രഡിറ്റാണെന്ന് അവകാശപ്പെടാനും കഴിയില്ല. കാരണം നമ്മളായിരിക്കുന്നതിന് കാരണമായിരിക്കുന്ന മനുഷ്യരും ജീവിതാവസ്ഥകളും ഉണ്ട് വിനയത്തോടെ സമ്മതിച്ചേ തീരു. ദാരിദ്ര്യം ചില മനുഷ്യരെ കുറ്റവാളികളാക്കുന്നതു പോലെ തന്നെ ധനാസക്തിയും സുഖാന്വേഷണങ്ങളും മനുഷ്യരെ അധമരാക്കുന്നുണ്ട്. കുറ്റവാളികള്‍ നമ്മളെ നൊമ്പരപ്പെടുത്തണം. അതിക്രമങ്ങള്‍ക്കിരയായവരെക്കുറിച്ച് നമുക്ക് കാരുണ്യമുണ്ടാകണം. പക്ഷേ ജീര്‍ണതകളുടെ മേല്‍ വിധി പ്രസ്താവിക്കുന്നതിനു പകരം രോഗത്തെ ഭിഷഗ്വരന്മാര്‍ കാണുന്നതു പോലെ നമ്മുടെയും സമൂഹത്തിന്റെ അഴുക്കുകളുടെ മേല്‍ നമുക്ക് അസ്വസ്ഥതയുണ്ടാവണം. നന്മകള്‍ കൊണ്ട് മരുന്നുകള്‍ രൂപപ്പെടുത്തണം.

ഇരുണ്ട ഇടങ്ങളില്‍ നിന്നും മനുഷ്യന് പൂര്‍ണമായും മോചനമില്ല. വെളിച്ചത്തിനു മുഖം തിരിഞ്ഞിരിക്കുമ്പോള്‍ നിഴല്‍ അയാളുടെ പിന്നിലാണെന്ന് മാത്രമേയുള്ളൂ. എങ്കിലും നിഴല്‍ അയാളുടെ കൂടത്തന്നെയുണ്ട്. പുറമെയുള്ള ഇരുട്ടിലും വലുതാണ് അകത്തുള്ള ഇരുട്ട്. അത് എത്രമാത്രമാണെന്ന് ചിലപ്പോള്‍ നാം പോലും അറിഞ്ഞെന്നു വരില്ല, യഥാര്‍ത്ഥ വെളിച്ചം എന്താണന്ന് തിരിച്ചറിയും വരെ. ദീര്‍ഘനാള്‍ ഇരുട്ടിലും ഇരുണ്ട ഇടങ്ങളിലും ജീവിക്കുന്നവര്‍ അതിനു യോജ്യമായ ഒരു ജൈവിക പരിതസ്ഥിതി രൂപപ്പെടുത്തുന്നുണ്ട്. കണ്ണുകള്‍ പോലും അതിനനുസരിച്ച് ട്യൂണ്‍ ചെയ്യപ്പെടുന്നു. കൂടുതല്‍ വെളിച്ചത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ വേദനിക്കും. തുറക്കാന്‍ കഴിയാത്തരീതിയില്‍ ജലാര്‍ദ്രമാകും. നമ്മുടെ തിരിച്ചറിവുകളും വിധികളും അപൂര്‍ണ്ണങ്ങളാണ്. അതു കൊണ്ട് ഹിസാംത്മകാമായ വാക്കുകളും മനോഭാവങ്ങളും പുറപ്പെടുവിച്ച് നമ്മുടെ ആശയസംവേദനങ്ങള്‍ മലിനമാക്കാതിരിക്കുന്നതാണ് വിവേവകവും വിനയവും. അല്ലെങ്കില്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്കിഷ്ടപ്പെടാത്ത തീരങ്ങളില്‍ നാം ചെന്നടിഞ്ഞ് പുറത്തെറിഞ്ഞു കളഞ്ഞ വിഴുപ്പുകള്‍ പ്രപഞ്ചം നമുക്ക് തിരിച്ചു തന്നാലോ?

ഹൃദയത്തിന്റെ ശേഖരത്തില്‍ നിന്ന് ഇനിയും നല്ലവ മാത്രം പുറത്തെടുക്കാന്‍ കഴിയാത്ത വിധം നാം ദരിദ്രരായിരിക്കുന്നുവോ?

ബിജു മഠത്തിക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.