ഉണ്ണീശോയെ സ്വീകരിക്കാൻ കുഞ്ഞുങ്ങളെയും ഒരുക്കാം

ക്രിസ്തുമസ്, രക്ഷകനായ ഈശോ മനുഷ്യനായി പിറന്നതിന്റെ സ്മരണ പുതുക്കുന്ന അതുല്യമായ നിമിഷം. നമ്മുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും മാറ്റി വെച്ച് നോമ്പിലൂടെയും പുണ്യപ്രവർത്തികളിലൂടെയും ഈശോയുടെ ജനനത്തിനായി ഒരുങ്ങുകയാണ്. ഈ ഒരുക്കം നമുക്ക് മാത്രം പോരാ. നമ്മുടെ കുഞ്ഞുങ്ങൾക്കും ഉണ്ടാവണം.

കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം അവർക്കു ചെറുപ്പത്തിലേ പകർന്നു കൊടുക്കുന്ന കാര്യങ്ങൾ അവരുടെ മനസ്സിൽ നിൽക്കും. അതിനാൽ ഈ ക്രിസ്തുമസ് കാലം അവരെയും ഒപ്പം കൂട്ടി പുൽക്കൂട്ടിലേയ്ക്ക്, ഉണ്ണിശോയിലേയ്ക്ക് നമുക്കും യാത്ര ചെയ്യാം. അതിനായി സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇതാ:

1. ഈശോയുടെ ജനനം പരിചയപ്പെടുത്തുക

കുട്ടികൾക്ക് ക്രിസ്തുമസ് എന്നത് പുത്തൻ ഉടുപ്പ് കിട്ടുന്ന, പടക്കം പൊട്ടിക്കുന്ന, പുൽക്കൂട് ഉണ്ടാക്കുന്ന ഒക്കെ നിമിഷമായി മാത്രം മാറാം. എന്നാൽ അതിനപ്പുറം നിൽക്കുന്ന ഈശോയുടെ ജനനം എന്ന ആഘോഷത്തെ പരിചയപ്പെടുത്തുവാൻ നിങ്ങൾ മറക്കരുത്. കഥകളിൽ ഈശോയുടെ ജനനത്തെകുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്താം. ബൈബിൾ വായനയിലൂടെയും മറ്റും അവർക്കു മുന്നിലേയ്ക്ക് ഈശോയുടെ ജനനം കൊണ്ടുവരാം. ചിത്രങ്ങളിലൂടെയും മറ്റും ഈശോയുടെ ജനനത്തെ പരിചയപ്പെടുത്താം. ഒപ്പം പുൽക്കൂട് ഉണ്ടാക്കുമ്പോൾ കുട്ടികൾക്കും രൂപം വയ്ക്കാനും പുൽക്കൂട് നിർമ്മിക്കുവാനും ഉള്ള അവസരം നൽകാം. അത് അവരിൽ ഈശോയുടെ ജനനം കൂടുതൽ ആഴത്തിൽ പതിപ്പിക്കും.

2. പള്ളിയിൽ പോകാം, കുട്ടികളെയും കൂട്ടി

ക്രിസ്തുമസ് അടുത്തു വരികയാണ്. ഈ ദിവസങ്ങളിൽ കുട്ടികളെയും കൂട്ടി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. ഇനിയുള്ള ദിവസങ്ങൾ നമ്മുടെ മനസിനെ ഒരുക്കുന്ന സമയമാണ് എന്ന് കുട്ടികളെയും ഓർമ്മിപ്പിക്കുക. ഒപ്പം പ്രാർത്ഥനയിലും മറ്റും കുഞ്ഞുങ്ങൾക്ക് ഇണങ്ങുന്ന ചെറിയ ചെറിയ സുകൃത ജപങ്ങൾ ചൊല്ലിക്കുവാനും അത് അവരെ പഠിപ്പിക്കുവാനും ശ്രമിക്കുക.

3. കുട്ടികളെ ത്യാഗം പരിശീലിപ്പിക്കാം

ക്രിസ്തുമസിനായി ഒരുങ്ങുന്ന ഈ അവസരത്തിൽ  കുഞ്ഞല്ലേ കുട്ടിയല്ലേ എന്ന് കരുതി മാറ്റി നിർത്താതെ കുട്ടികളെയും ആത്മീയ ഒരുക്കത്തിൽ ഉൾപ്പെടുത്തുക. ഇഷ്ടമുള്ള കുഞ്ഞു കുഞ്ഞു സാധനങ്ങൾ ഉണ്ണിയീശോയ്ക്കായി മാറ്റി വയ്ക്കുവാൻ അവരോടു ആവശ്യപ്പെടുക. അതിനായി വരെ ഒരുക്കുക.

4. ഉണ്ണിശോയ്ക്കു സമ്മാനങ്ങൾ നൽകുവാൻ തയ്യാറാക്കാം

ക്രിസ്തുമസിന് മുന്നോടിയായി കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ ഈശോയ്ക്ക് നൽകുവാൻ കുഞ്ഞുങ്ങളെ ഓർമിപ്പിക്കാം. ഒപ്പം ആ ശീലം അവരിൽ വളർത്തിയെടുക്കാം. പ്രാർത്ഥനയിലൂടെയും നല്ല പ്രവർത്തികളിലൂടെയും ആ സമ്മാനം ഈശോയ്ക്കായി കാഴ്ചവയ്പ്പിക്കാം. അതിനു സഹായിക്കുന്ന ചെറിയ പ്രവർത്തനങ്ങൾ അടങ്ങിയ കലണ്ടർ ലഭ്യമാണ്. അതിൽ ഓരോ ദിവസവും ചെയ്യേണ്ട നന്മ പ്രവർത്തികൾ അവരെ കൊണ്ട് ചെയ്യിക്കാൻ ശ്രമിക്കാം.

5. ക്രിസ്തുമസ് ഫ്രണ്ട്

ക്രിസ്തുമസ് ഫ്രണ്ട് എല്ലായിടത്തും ഉള്ള ഒരു ചടങ്ങാണല്ലോ. ഈ ക്രിസ്തുമസിന് നിങ്ങളുടെ കുടുംബത്തിലും ക്രിസ്തുമസ് ഫ്രണ്ട് ഇടാം. അപ്പോൾ കിട്ടുന്ന ആൾക്കായും ഒപ്പം സ്‌കൂളിലും മറ്റും കിട്ടുന്ന ക്രിസ്തുമസ് ഫ്രണ്ടിനായും പ്രാർത്ഥിക്കുവാൻ പറയാം. ഇത് കുട്ടികളിൽ മറ്റുള്ളവർക്കായി പ്രാർത്ഥിക്കുവാൻ ഉള്ള പ്രേരണ വളർത്തും.