മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേയ്ക്ക് ദൈവം ഉയർത്തിയ ഒരു നവജാത ശിശു

ഓരോ നവജാത ശിശുവും പ്രതീക്ഷയുടെ അടയാളമാണ്. ഈ ക്രിസ്തുമസ് നാളുകളിൽ ഇമ്മാനുവേൽ എന്ന കുഞ്ഞിന്റെ ജീവിതത്തിലേയ്ക്കുള്ള യാത്ര അതിജീവനം പകരുന്നതും പ്രതീക്ഷയുടെ ഓർമ്മപ്പെടുത്തലുകളുമാണ്. കാരണം, 27 ആഴ്ചകൾ മാത്രം പ്രായമുള്ളപ്പോളാണ് വളരെയേറെ തൂക്കം കുറഞ്ഞ അവസ്ഥയിൽ ഇമ്മാനുവേൽ ജനിക്കുന്നത്. അവൻ ഇന്ന് ജീവിച്ചിരിക്കുന്നതിനെ അത്ഭുതമെന്നല്ലാതെ വിളിക്കാൻ സാധിക്കുകയില്ല. ഇറ്റലിയിലെ നോസെറയിലെ അംബർട്ടോ ഐ ഹോസ്പിറ്റലിൽ നിന്ന് ഡോ. ബാർബരുലോ ഫേസ്ബുക്കിൽ പങ്കുവച്ചതാണ് ഈ സംഭവം.

കഴിഞ്ഞ ആഗസ്റ്റിലാണ് ഇമ്മാനുവേൽ ജനിക്കുന്നത്. ജനിക്കുമ്പോൾ വെറും 1.75 പൗണ്ട് ഭാരം മാത്രം (കുഞ്ഞുങ്ങളുടെ ശരാശരി ജനനഭാരം 7.5 പൗണ്ട്) അവന്റെ അമ്മയ്ക്ക്, മുമ്പ് പല കുട്ടികളും ഗർഭാവസ്ഥയിൽ തന്നെ അബോർഷൻ ആയി പോയിരുന്നു. അതിനാൽ മരണത്തിന്റെ വക്കിൽ നിന്നും ജീവിതത്തിലേയ്ക്കുള്ള അവന്റെ തിരിച്ചുവരവിനെ വലിയ അത്ഭുതമായിട്ടാണ് എല്ലാവരും കാണുന്നത്.

ജനനത്തിനുശേഷം കുഞ്ഞിന് അണുബാധ ഉണ്ടായെങ്കിലും, ചികിത്സയുടെ ഫലമായി അത് ഭേദമായി. മൂന്നു മാസത്തെ ആശുപത്രി വാസത്തിനുശേഷം നവംബറിലാണ് വീട്ടിലേയ്ക്ക് പോകാമെന്ന് ഡോക്ടർമാർ അറിയിക്കുന്നത്. “ഈ ആശുപത്രിയിലെ എല്ലാവരും ഈ യോദ്ധാവിനെ തങ്ങളുടെ അഭിവാദനം അറിയിക്കുന്നു. ഈ കുഞ്ഞിന് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ” – ഡോക്ടർ പറയുന്നു.

ഇമ്മാനുവേലിനെ ശുശ്രൂഷിച്ച ഡോ. ബാർബരുലോ, അവന്റെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുവരവ് വിശ്വാസത്തിന്റെ കണ്ണുകളോടെയാണ് കാണുന്നത്. ഇമ്മാനുവേൽ എന്ന പേരിന്റെ അര്‍ത്ഥം തന്നെ ദൈവം നമ്മോടുകൂടെ എന്നതാണ്. ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു ഈ ദിനങ്ങളെന്ന് ഈ ഡോക്ടർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. “ഞങ്ങൾ കർത്താവിന്റെ കരങ്ങളിലെ ഉപകരണങ്ങൾ മാത്രമാണ്. അവനാണ് തീരുമാനിക്കുന്നത്. ദൈവത്തിന്റെ രക്ഷാകരപ്രവർത്തിയിലെ ചെറിയ സഹകാരികൾ മാത്രമാണ് ഞങ്ങൾ” -അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.