വൈദ്യസഹായം ലഭിക്കുന്നില്ല; ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയായിൽ ഗർഭിണികളും കുഞ്ഞുങ്ങളും മരിക്കുന്നു

കോവിഡ്-19 പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഘാലയായിൽ ഗർഭിണികളായവർക്ക് കൃത്യമായ വൈദ്യസഹായം ലഭിക്കുന്നില്ലായെന്ന് റിപ്പോർട്ട്. ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ ഈ കോവിഡ് കാലത്ത് നൂറുകണക്കിന് നവജാതശിശുക്കളും നിരവധി ഗർഭിണികളായ സ്ത്രീകളും മരണമടഞ്ഞു. മരണമടഞ്ഞവരിൽ ഭൂരിഭാഗവും ക്രൈസ്തവ വിശ്വാസത്തിലുള്ളവരാണ്.

കോവിഡ് ലോക്ക് ഡൌൺ ആരംഭിച്ച ഏപ്രിൽ തുടങ്ങി ജൂൺ മാസം വരെയുള്ള കാലയളവിൽ 877 നവജാതശിശുക്കളും 61 ഗർഭിണികളും മരണമടഞ്ഞു. കൃത്യസമയത്ത് വൈദ്യസഹായം ലഭിക്കാത്തതാണ് മിക്ക മരണങ്ങളുടെയും കാരണം. കഴിഞ്ഞ ദിവസം ഗർഭിണിയായ ഒരു സ്ത്രീ മരിച്ചു. എന്നാൽ അവളുടെ കുഞ്ഞിനെ പുറത്തെടുത്തു. കണ്ടെയിൻമെൻറ് സോണിൽ നിന്നും വന്നു എന്ന കാരണത്താൽ പല ആശുപത്രികളിലും അവരെ പ്രവേശിപ്പിച്ചില്ല. ഇത്തരം നിരവധി കേസുകൾ മേഘാലയായിൽ ഉണ്ടെന്ന് നിയമസഭാംഗമായ മസൽ അംപരീൻ ലിങ്‌ഡോ വെളിപ്പെടുത്തുന്നു.

ശരിയായ ജനനസ്ഥലത്തിന്റെ അപര്യാപ്തത, കൗമാരക്കാർക്കിടയിലെ ഗർഭാവസ്ഥ, ഗുരുതരമായ രക്തക്കുറവ് തുടങ്ങിയവയാണ് മിക്ക മരണങ്ങൾക്കും പിന്നിൽ. മേഘാലയായിലെ 53 ശതമാനം ഗർഭിണികളും വിളർച്ച ബാധിച്ചവരാണ്. ഗ്രാമീണമേഖലയിൽ 15-49 വയസ് പ്രായമുള്ള സ്ത്രീകളിൽ ഇത് 60 ശതമാനത്തോളം വരും. അതിനാൽത്തന്നെ ശരിയായ ചികിത്സ ആവശ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.