മ്യാന്മാറിന് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ചു യാങ്കോണിന്റെ സഹായ മെത്രാൻ

സൈനിക അട്ടിമറിക്ക് ശേഷം ഭക്ഷ്യക്ഷാമം നേരിടുന്ന മ്യാന്മാറിന് വേണ്ടി പ്രാർത്ഥന അഭ്യർത്ഥിച്ച് യാങ്കോണിന്റെ സഹായ മെത്രാൻ ബിഷപ്പ് സാ യാവ് ഹാൻ. സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിലെ സർക്കാർ നേതാക്കളെ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ നഗരവും മുൻ തലസ്ഥാനവുമായ യാങ്കോണിലെ സഹായ മെത്രാൻ പ്രാർത്ഥന അഭ്യർത്ഥിച്ചത്.

നാം ജാഗ്രതയോടും പ്രാർഥനയോടുംകൂടെ ജീവിക്കണം. സ്ഥിതിഗതികൾ ഗുരുതരമാകുകയാണ്. ക്ഷാമം ഒഴിവാക്കാൻ ഭക്ഷ്യ ശേഖരം നൽകണം. ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് മരുന്നുകൾ ലഭ്യമാക്കണം,”
-ബിഷപ്പ് കൂട്ടിച്ചേർത്തു. ഫെബ്രുവരി ഒന്നിന് മ്യാൻമറിൽ സൈന്യം അട്ടിമറി നടത്തുകയും നൊബേൽ സമ്മാന ജേതാവ് യാങ് സാൻ സൂകി, പ്രസിഡന്റ് വിൻ മൈന്റ് എന്നീ ഉന്നതരടക്കം രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നവംബറിലെ പൊതുതെരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ വഞ്ചന ആരോപണങ്ങളിൽ സർക്കാർ നടപടിയെടുക്കാത്തതിനാലും കോവിഡ് ഉണ്ടായിരുന്നിട്ടും ഒരു തിരഞ്ഞെടുപ്പിന് അനുമതി നൽകിയതിനാലുമാണ് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

“എല്ലാ നേതാക്കളും മ്യാൻമറിന്റെ ജനാധിപത്യ പരിഷ്കരണത്തിന്റെ താല്പര്യത്തിൽ പ്രവർത്തിക്കണം, അർത്ഥവത്തായ സംഭാഷണത്തിൽ ഏർപ്പെടുക, അക്രമത്തിൽ നിന്ന് വിട്ടുനിൽക്കുക, മനുഷ്യാവകാശങ്ങളെയും മൗലിക സ്വാതന്ത്ര്യങ്ങളെയും പൂർണമായി ബഹുമാനിക്കുക.” -യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.