മാർപാപ്പായൊടൊപ്പം നമുക്കു പ്രാർത്ഥിക്കാം

 

ഈശോയോടൊപ്പം സുപ്രഭാതം

സ്വർഗ്ഗീയ പിതാവേ, വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ പുണ്യദിനത്തിൽ പരിശുദ്ധ കുർബാനയിലൂടെ എനിക്കായി തന്നെത്തന്നെ മുറിച്ചു നൽകി, എന്നോടൊപ്പം വസിക്കുന്ന നിന്റെ സജീവ സാന്നിധ്യത്തെ ഞാൻ വാഴ്ത്തുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു. ഈശോയെ ബലിയാകുവാനും ബലി ഏകുവാനും എന്നെ നീ പ്രാപ്തനാക്കണമേ. വിശുദ്ധ കുർബാനയിൽ നീ അനുഭവിക്കുന്ന നിന്ദാപമാനങ്ങൾക്ക് പരിഹാരമായി ഇന്നേദിനം പരിഹാരം ചെയ്യാൻ ഞാൻ സന്നദ്ധനാണ്. എന്റെ കൊച്ചു പരിഹാര പ്രവർത്തികൾ കൊണ്ട് ഈശോയെ സമാശ്വസിപ്പിക്കാൻ എന്നെ സഹായിക്കണമേ . ഇന്നത്തെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ

സ്വർഗ്ഗസ്ഥനായ പിതാവേ….

ഈശോയോടൊപ്പം മദ്ധ്യാഹ്നം

” ദിവ്യകാരുണ്യം ദൈവം ലോകത്തിനു നൽകിയ വലിയ സമ്മാനമാണ്. അതിനാൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക എന്നത് പ്രാധാന്യം അർഹിക്കുന്നു ,വി. ബലിയിൽ പങ്കെടുക്കുന്നതു പ്രാർത്ഥിക്കാൻ മാത്രമല്ല ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കാനുമാണ്. അതു നമ്മളെ രക്ഷിക്കുന്നു, പാപം പൊറുക്കുന്നു, പിതാവിനോട് നമ്മളെ ഐക്യപ്പെടുത്തുന്നു. എത്ര മനോഹരമാണത്! “(ഫ്രാൻസീസ് പാപ്പാ). പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

ഈശോയോടൊപ്പം രാത്രി

” എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും,” (യോഹന്നാന്‍ 6:54).  ദൈവമേ , ഇന്നേ ദിനം വിശുദ്ധ കുർബാനയുടെ ചൈതന്യം അനുസരിച്ചു ജീവിക്കാത്തതിനു ഞാൻ മാപ്പു ചോദിക്കുന്നു. അങ്ങേ വഴികളിൽ നിന്ന് വ്യതിചലിച്ച് സ്വന്തം നേട്ടത്തെയും പുകഴ്ചയെയും പിൻതുടർന്നതിന് എന്നോട് ക്ഷമിക്കണമേ . ഈ രാത്രി നീ എന്നോടൊപ്പം വസിക്കണമേ. നാളെ പുർണ്ണമായും അങ്ങേ വഴികളിലൂടെ നടന്ന് അനേകർക്ക് സ്വർഗ്ഗത്തിലേക്കുള്ള വഴി കാട്ടികൊടുക്കുവാനും എന്നെ സഹായിക്കേണമേ. ആമ്മേൻ

നന്മ നിറഞ്ഞ മറിയമേ ….

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.