
ഈശോയോടൊപ്പം സുപ്രഭാതം
സർവ്വശക്തനായ പിതാവേ ശാന്തതയിൽ നിന്റെ ദിവ്യപ്രകാശത്തിൽ ഞാൻ എന്റെ ജീവിതം ആരംഭിക്കുന്നു. പ്രത്യാശയുടെ ആശ്വാസത്തിന്റെ സന്ദേശം നീ ഏറ്റവും അത്യാവശ്യമുള്ള നിന്റെ മക്കൾക്കു പകർന്നു നൽകാൻ ഇന്നേ ദിവസം എന്നെ ഉപകരണമാക്കണമേ. എന്റെ ഹൃദയവും എനിക്കുള്ള സർവ്വതും ദൈവമേ നിനക്കു ഞാൻ സമർപ്പിക്കുന്നു. ഇന്നേ ദിനത്തിലെ എന്റെ ജീവിതം പരിശുദ്ധ മാർപാപ്പായുടെ ഈ മാസത്തെ നിയോഗങ്ങൾക്കു വേണ്ടി ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ
സ്വർഗ്ഗസ്ഥനായ പിതാവേ….
ഈശോയോടൊപ്പം മദ്ധ്യാഹ്നം
“ഒരു വിശ്വാസിയായിരിക്കുക എന്നാൽ വിശ്വാസത്തിന്റെ കണ്ണുകളിലുടെ എല്ലാം എങ്ങനെ കാണാമെന്നു പഠിക്കുകയാണ്”(ഫ്രാൻസീസ് പാപ്പ). ഈശോയെ, എല്ലാം വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണാൻ എന്നെ പ്രാപ്തനാക്കണമേ.
ഈശോയോടൊപ്പം രാത്രി
“ദൈവമേ, അവിടുന്നാണ് എന്റെ ദൈവം, ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേയ്ക്കായി ദാഹിക്കുന്നു” (സങ്കീ. 63:1). ദൈവമേ പ്രകാശം പരത്തുന്ന നിന്റെ സാന്നിധ്യത്തിനു ഞാൻ നന്ദി പറയുന്നു. ഇന്നേദിനം മറ്റുള്ളവരെ വേദനിപ്പിച്ച വാക്കുകൾ എന്റെ അധരത്തിൽ വന്നു പോയെങ്കിൽ, മറ്റുള്ളവരെക്കുറിച്ച് അപകീർത്തി പറഞ്ഞെങ്കിൽ എന്നോടു ക്ഷമിക്കണമേ. ദൈവമേ നാളെ പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്ത് സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാൻ എന്നെ സഹായിക്കേണമേ. ആമ്മേൻ.
നന്മ നിറഞ്ഞ മറിയമേ….