കൗമാരക്കാരായ മക്കൾക്കൊപ്പം പ്രാർത്ഥിക്കുവാനുള്ള ചില വഴികൾ ഇതാ

മക്കൾ വളരുന്നതനുസരിച്ച് അവരുടെ പ്രാർത്ഥനാ ജീവിതത്തിലും വ്യത്യാസവും വളർച്ചയും ഉണ്ടാകണം. പ്രത്യേകിച്ച് കുടുംബ പ്രാർത്ഥനകളിൽ. കൗമാരക്കാരായ മക്കളെ പ്രാർത്ഥനാ ജീവിതത്തിൽ വളർത്തേണ്ടതും താത്പര്യമുള്ളവരാക്കേണ്ടതും കുടുംബാഗംങ്ങളുടെ കടമയാണ്. വളരുന്ന കുട്ടികളെയും ഒപ്പം കൂട്ടി ഒന്നിച്ച് പ്രാർത്ഥിക്കേണ്ടത് ഇന്ന് ഓരോ കുടുംബവും നേരിടുന്ന വലിയ വെല്ലുവിളിയാണ്.

പന്ത്രണ്ടോ പതിമൂന്നോ വയസിൽ എത്തിക്കഴിയുമ്പോൾ മക്കൾക്ക് കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ വിരസത അനുഭവപ്പെടാം. പിന്നീട് അത് പ്രാർത്ഥന ഉപേക്ഷിക്കുന്ന രീതിയിലേക്ക് കുട്ടികളെ നയിക്കും. ഒപ്പം പ്രാർത്ഥനാ സമയങ്ങൾ എങ്ങനെയെങ്കിലും നഷ്ട്ടപ്പെടുത്തുവാനുള്ള ശ്രമങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാം. ഇത്തരം അവസരങ്ങളിൽ കുടുംബത്തോടൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കാൻ കുട്ടികളെ പ്രചോദിപ്പിക്കുന്നതിനുള്ള ചില നിർദ്ദേശങ്ങൾ ഇതാ.

1. ഒരു വൈകുന്നേരം കുറച്ചു സമയം മാറ്റിവെച്ച് ഞായറാഴ്ചത്തെ വായനകൾ കുടുംബം ഒന്നിച്ചിരുന്ന് വായിക്കുകയും അല്പസമയം ധ്യാനിക്കുകയും ചെയ്യുക. ഒപ്പം ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുവാനും സ്തുതിക്കുവാനും അല്പസമയം ചിലവഴിക്കുക. പിന്നീട് ഒന്നിച്ചിരുന്ന് മധ്യസ്ഥ  പ്രാർത്ഥനകൾ നടത്തി പ്രാർത്ഥനകൾ അവസാനിപ്പിക്കാം.

2. ക്രിസ്തുമസ്, ഈസ്റ്റർ എന്നിങ്ങനെയുള്ള  പ്രധാനപ്പെട്ട അവസരങ്ങളിൽ കൂടുതൽ സമയം പരസ്‌പരമുള്ള സംസാരത്തിനായും പ്രാർത്ഥനക്കായും ധ്യാനത്തിനായും ബൈബിൾ വായനക്കായും ചിലവഴിക്കുക.

3. ഒരുമിച്ചു കൂടുവാൻ കുടുംബത്തിൽ കിട്ടുന്ന എല്ലാ അവസരങ്ങളെയും പരമാവധി നല്ല രീതിയിൽ പ്രയോജനപ്പെടുത്തുക. ജന്മദിനങ്ങൾ, പ്രിയപ്പെട്ടവരുടെ മരണം, അതിഥികളുടെ വരവ്, ചില പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ അവസരങ്ങളിൽ ദൈവത്തിനു നന്ദി പറയുക. ഇത്തരം രീതികൾ മക്കളിൽ വിശ്വാസം വർധിപ്പിക്കുവാൻ കാരണമാകും.

4. കൗമാരക്കാരായ മക്കളിൽ പ്രാർത്ഥന വളരെ ആവശ്യമാണെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. അവർക്കു  മാതൃകയായി മാതാപിതാക്കൾ മാറുമ്പോൾ അത് കുട്ടികളുടെ പ്രാർത്ഥനാ ജീവിതത്തെയും സ്വാധീനിക്കും. പ്രാർത്ഥനയ്ക്ക് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കേണ്ടതും പ്രാർത്ഥനയ്ക്ക് വളരെ സഹായകമാണ്.