ദൈവസാന്നിധ്യത്തിലേയ്ക്ക് നമ്മെത്തന്നെ സമർപ്പിക്കുവാനുള്ള പ്രാർത്ഥന

    നാം പ്രാർത്ഥിക്കുന്ന സമയം നമുക്കുചുറ്റും ഒരു ദൈവസാന്നിധ്യം അനുഭവിക്കുവാൻ സാധിച്ചാൽ, അല്ലെങ്കിൽ ദൈവം നമ്മുടെ അടുത്തുണ്ടെന്നു തോന്നിയാൽ എത്ര മനോഹരമാകും നമ്മുടെ പ്രാർത്ഥന. ദൈവത്തോടൊപ്പം ആയിരിക്കുക എന്നതാണ് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം. ഇതിൽ പലരും അകന്നുപോയിട്ടുണ്ട് എങ്കിലും ദൈവത്തോടൊപ്പം ദൈവസാന്നിധ്യത്തിൽ ഇരിക്കുവാൻ സാധിച്ചാല്‍ നമ്മുടെ ഉള്ളം ശാന്തമായിത്തീരും.

    നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് മുമ്പ് എപ്പോഴെങ്കിലും എന്റെയൊപ്പം ഈശോ ഉണ്ട് എന്ന വിചാരത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നമുക്കുചുറ്റും സന്നിഹിതമായിരിക്കുന്ന ദൈവസന്നിധ്യത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ട് ആ സാന്നിധ്യത്തെ അനുഭവിച്ചുകൊണ്ട് പ്രാര്‍ത്ഥനയിലേയ്ക്ക് കടക്കുവാന്‍ നമ്മെ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥന ഇതാ…

    “എന്റെ സൃഷ്ടാവും നാഥനും ആദ്യവും അന്ത്യവുമായ ദൈവമേ, അങ്ങ് ഇപ്പോള്‍ ഇവിടെ സന്നിഹിതനായിരിക്കുന്നു എന്ന് പൂര്‍ണ്ണമായും ഞാന്‍ വിശ്വസിക്കുന്നു. അങ്ങയുടെ കണ്ണുകള്‍ എന്നില്‍ ഉറപ്പിക്കണമേ. അങ്ങയോടൊപ്പമായിരിക്കുവാന്‍, അങ്ങയുടെ സാന്നിധ്യമനുഭവിക്കുവാന്‍ എന്നെ സഹായിക്കണമേ. അങ്ങയെ ഞാന്‍ ആരാധിക്കുന്നു. മാലാഖമാരോടും വിശുദ്ധരോടുമൊപ്പം ഭൂമിയിലെ വിശ്വാസികളോടും ചേര്‍ന്നുകൊണ്ട് ഈ നിമിഷം അങ്ങയെ ഞാന്‍ ആരാധിക്കുന്നു.

    പരിശുദ്ധ ത്രീത്വമേ, പിതാവേ, പുത്രനായ ദൈവമേ, ഈശോയെ എന്റെ ഓര്‍മ്മകളെയും ബുദ്ധിയെയും മനസിനെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ ഹിതം മനസിലാക്കുവാന്‍ എന്നെ സഹായിക്കേണമേ. ഈ പ്രാര്‍ത്ഥനയുടെ നിമിഷങ്ങളില്‍ എനിക്ക് ആവശ്യമായ ദൈവിക ചൈതന്യവും പ്രകാശവും എന്നിലേയ്ക്ക് ചൊരിയണമേ.

    ദിവ്യരക്ഷകാ, അങ്ങുമായി ഒന്നാകുന്നതിന് എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മേ, മാലാഖമാരെ, എന്റെ പേരിനു കാരണഭൂതരായ വിശുദ്ധരേ, എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണമെ. ആമ്മേന്‍.”