കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

    നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം. പ്രത്യേകിച്ച് ദൈവത്തോട് ചേർന്നു നിൽക്കുമ്പോൾ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തകർക്കുവാൻ പിശാച് പലവിധത്തിലുള്ള പ്രലോഭനങ്ങൾ നമ്മുടെ ജീവിതത്തിൽ കൊണ്ടുവന്നേക്കാം. അവിടെയൊക്കെ ശക്തമായ സംരക്ഷണം നൽകുവാൻ, നമ്മെ സഹായിക്കുവാൻ ഒരാളെ നിയോഗിച്ചിട്ടുണ്ട്. അത് പരിശുദ്ധ അമ്മയാണ്.

    നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള പാപബന്ധനകൾ ഉണ്ടാവാം. പലപ്പോഴും അതിൽ നിന്നൊക്കെ പുറത്തുകടക്കണം എന്ന് നാം അതിയായി ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് നാം അശക്തരായിത്തീരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തെ വീർപ്പുമുട്ടിക്കുന്ന പാപക്കുരുക്കുകളിൽ നിന്ന് സംരക്ഷിക്കുവാൻ, കുരുക്കഴിക്കുന്ന മാതാവിന്റെ മാദ്ധ്യസ്ഥ്യം നമുക്ക് തേടാം. മാതാവിനോടുള്ള ശക്തമായ പ്രാർത്ഥന ഇതാ:

    “കന്യാമറിയമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേക്ഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കരങ്ങളുമുള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകൾ നിന്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ. ഞാൻ എത്ര നിസ്സഹായനാണെന്ന് നീ അറിയുന്നു. എന്റെ വേദന അങ്ങ് ഗ്രഹിക്കുന്നുവല്ലോ. ഈ കുരുക്കുകൾ എന്നെ വരിഞ്ഞിരിക്കുന്നത് നീ കാണുന്നു. തന്റെ മക്കളുടെ ജീവിതത്തിലെ കുരുക്കുകൾ അഴിക്കുവാൻ ദൈവം നിയോഗിച്ചിട്ടുള്ള മാതാവായ മറിയമേ, എന്റെ ജീവിതത്തിന്റെ നാട ഞാൻ നിന്നെ ഭരമേല്പിക്കുന്നു. തിന്മയുടെ ശക്തികൾക്ക് അത് നിന്നിൽ നിന്നും തട്ടിയെടുക്കുവാൻ ആവുകയില്ല ഇന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. നിന്റെ കൈകൾക്ക് അഴിക്കാനാവാത്ത കുരുക്കുകളില്ലല്ലോ. കരുത്തുറ്റ മാതാവേ, നിന്റെ കൃപയാലും നിന്റെ മകനും എന്റെ വിമോചകനുമായ ഈശോയുടെ പക്കൽ നിന്നുള്ള മദ്ധ്യസ്ഥശക്തിയാലും ഈ കുരുക്ക് നീ കയ്യിലെടുക്കേണമേ (ആവശ്യം പറയുക).

    ദൈവമഹത്വത്തിനായി ഈ കുരുക്ക് എന്നെന്നേയ്ക്കുമായി അഴിച്ചുകളയണമേ. നീയാകുന്നു എന്റെ ശരണം. എനിക്ക് തരുന്ന ഏകാശ്വാസവും എന്റെ ബലഹീനതയുടെ ശാക്തീകരണവും എന്റെ ദരിദ്ര്യത്തിന്റെ നിർമ്മാർജ്ജനവും ക്രിസ്തുവിനോടൊപ്പം ബന്ധനങ്ങളിൽ നിന്നുള്ള മോചനവുമായ മാതാവേ, ഈ അപേക്ഷകൾ കേൾക്കേണമേ, വഴി നടത്തേണമേ. ആമ്മേൻ.”