എത്രയും ദയയുള്ള മാതാവേ! ഒരു ഓര്‍മ്മപ്പെടുത്തല്‍ പ്രാര്‍ത്ഥന

എത്രയും ദയയുള്ള മാതാവേ വെറുമൊരു പ്രാര്‍ത്ഥന മാത്രമല്ല, ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഓരോ ക്രൈസ്തവനും പരി. അമ്മയുടെ സ്‌നേഹത്തെയും കരുതലിനെയും ഓര്‍മ്മിക്കാന്‍ ലഭിക്കുന്ന അവസരമായതിനെ കാണാം. ജപമാലയുടെ അതേ ഭക്തിവിചാരത്തോടും ആദരവോടുമാണ് എത്രയും ദയയുള്ള മാതാവേ ഉരുവിടുന്നതെങ്കിലും, ആത്മീയമായി പരി. അമ്മയുടെ സാന്നിധ്യത്തെ, മാദ്ധ്യസ്ഥത്തെ ഓര്‍മ്മപ്പെടുത്തി നമ്മെ വിവേകമുള്ളവരാക്കാന്‍ സഹായിക്കുന്നു എന്നതാണ് ശ്രദ്ധേയം. സംരക്ഷകയും മദ്ധ്യസ്ഥയും മാതാവുമായ ഒരാളെ കുരിശിന്‍ചോട്ടില്‍ വച്ച് ഈശോ നമുക്കായി നല്‍കിയിട്ടുണ്ട്. ഇതാ നിന്റെ അമ്മ എന്ന ആ സ്വരം ശ്രവിക്കുന്ന വിശ്വാസികളുടെ കൂടെ പരി. കന്യകാമറിയം സഹരക്ഷകയായി നിലകൊള്ളുന്നു എന്നതിനെയാണ് ഈ പ്രാര്‍ത്ഥനയിലൂടെ അനുസ്മരിക്കുന്നത്.

കൃത്യമായൊരു എഴുത്തുകാരന്‍ എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ഥനയ്ക്ക് അവകാശപ്പെടാന്‍ ഇല്ല. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച ക്ലെയര്‍വോക്‌സിലെ വി. ബെര്‍ണാഡ് ആണ് ഈ പ്രാര്‍ത്ഥനയെഴുതിയത് എന്ന് പരമ്പരാഗതമായി പറയപ്പെടുന്നു .എന്നാല്‍ അതേ പേരിലുള്ള, ഫ്രഞ്ച് വൈദികനായിരുന്ന ക്‌ളോഡ് ബെര്‍ണാഡ് ആണ് യഥാര്‍ത്ഥ രചയിതാവ് എന്നും വിശ്വസിക്കപ്പെടുന്നു പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ച ക്‌ളോഡ്, പാവപ്പെട്ടവര്‍, തടവുകാര്‍, എന്നിങ്ങനെയുള്ളവരിലേക്ക് ഈ പ്രാര്‍ഥനയുമായി കടന്നുചെന്നിരുന്നതായി ചരിത്രം രേഖപെടുത്തുന്നു.