പഠനത്തിനോ ജോലിക്കോ ആയി മക്കളെ യാത്ര അയയ്ക്കുമ്പോള്‍ ഈ വചനം ചൊല്ലി പ്രാര്‍ത്ഥിച്ച്, അനുഗ്രഹിച്ച് വിടൂ! ദൈവിക സംരക്ഷണം ഉറപ്പ്

മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ യാത്ര അയ്‌ക്കേണ്ട ഒരു സമയം ജീവിതത്തില്‍ എപ്പോഴും വരും. വീട്ടില്‍ നിന്ന് മാറി, പഠിക്കാന്‍ പോവുമ്പോഴോ, ജോലിക്കായി പോവുമ്പോഴോ ഒക്കെയാവാം അത്. അത്രയും കാലം ചെയ്തതുപോലെ ലോകത്തിലെ തിന്മകളില്‍ നിന്ന് അവരെ പൊതിഞ്ഞു സംരക്ഷിക്കാന്‍ പിന്നീട് അവര്‍ക്ക് കഴിയില്ല. ഇത്തരം സാഹചര്യങ്ങളിലാണ് കുട്ടികള്‍ക്ക് മാതാപിതാക്കളുടെ പ്രാര്‍ത്ഥന ഏറ്റവും ആവശ്യമുള്ളത്.

അവരെ ദൂരസ്ഥലത്തേയ്ക്ക് യാത്ര അയ്ക്കുമ്പോഴും അവിടെ അവരെ സകല തിന്മകളില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി മാതാപിതാക്കള്‍ക്ക് പ്രാര്‍ത്ഥിക്കാവുന്ന ഒരു വചനം വിശുദ്ധ ഗ്രന്ഥത്തില്‍ തന്നെയുണ്ട്. അതിങ്ങനെയാണ്, ‘ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോട് ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും’ (ജോഷ്വാ. 1:9).

ചെറിയ വചനമെങ്കിലും അര്‍ത്ഥസമ്പുഷ്ടമാണ് ഈ വചനം. വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നതിന്റെ വിഷമവും പുതിയ അന്തിരീക്ഷത്തെക്കുറിച്ചുള്ള ഭയവും നിറഞ്ഞിരിക്കുന്ന അവസരത്തില്‍ ഇങ്ങനെയൊരു വചനം മക്കള്‍ക്ക് വലിയ ധൈര്യം പ്രദാനം ചെയ്യും. ‘ദൈവം എപ്പോഴും കൂടെയുണ്ടാവും’ എന്ന വലിയ ഓര്‍മ്മപ്പെടുത്തലാണ് അവര്‍ക്ക് ലഭിക്കുന്നത്. മക്കള്‍ക്കു മാത്രമല്ല, അവരെ യാത്ര അയയ്ക്കുന്ന മാതാപിതാക്കള്‍ക്കും അത് വലിയ ധൈര്യം പകരും.

ഇത്തരത്തില്‍ മക്കളോട് തല്‍ക്കാലത്തേയ്‌ക്കെങ്കിലും യാത്ര പറയുമ്പോള്‍ അവരെ ഈ വചനം ചൊല്ലി അനുഗ്രഹിച്ച് വിടാന്‍ ശ്രദ്ധിക്കാം. ദൈവകരങ്ങളില്‍ ഭരമേല്‍പ്പിക്കാന്‍ ശ്രദ്ധിക്കാം.