സര്‍പ്പങ്ങളുടെയിടയില്‍ പ്രാവുകളെപ്പോലെയാവാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലാം

ഒരു നല്ല ക്രിസ്ത്യാനി ആയിരിക്കുക എന്നത് എളുപ്പമല്ല. ചിലപ്പോള്‍ തോന്നും സര്‍പ്പങ്ങളെപ്പോലെ അപകടങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് ഈ ലോകം മുഴുവനും എന്ന്. പലപ്പോഴും അത്തരം ലോകം സുവിശേഷം ജീവിക്കുന്നതില്‍ നിന്നും നമ്മെ അകറ്റും. എന്നാല്‍ അത് ഇന്നത്തെ ലോകത്തിന്റെ മാത്രം പ്രത്യേകതയല്ല. ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ ദൗത്യവുമായി അയച്ച സമയത്തും അവരോടും തിന്മയുടെ ആക്രമണങ്ങളെക്കുറിച്ചുള്ള സൂചന നല്‍കുന്നുണ്ട്.

‘ഈ പന്ത്രണ്ടു പേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു: നിങ്ങള്‍ വിജാതീയരുടെയടുത്തേക്കു പോകരുത്; സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരുമായിരിക്കുവിന്‍. എന്റെ നാമംമൂലം നിങ്ങള്‍ സര്‍വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപെടും’. (മത്തായി 10 : 5,16, 22)

ഇത്തരത്തില്‍ തിന്മകളുടെ ശക്തികളുടെ മധ്യേ പ്രാവുകളെപ്പോലെ നിഷ്‌കളങ്കരായി ജീവിക്കാന്‍ സ്വര്‍ഗീയ സഹായം തേടുന്നതിനുള്ള ഒരു പ്രാര്‍ത്ഥന ഡച്ച്, കാത്തലിക് വൈദികനായ ഹെന്റി നോവെന്‍ പഠിപ്പിക്കുന്നുണ്ട്. അതിങ്ങനെയാണ്…

കര്‍ത്താവായ ദൈവമേ, അങ്ങയുടെ സുവിശേഷം ലോകത്തില്‍ അറിയിക്കുന്നതിനായാണല്ലോ അങ്ങെന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ചിലപ്പോഴൊക്കെ ലോകത്തിലെ തിന്മകള്‍ എന്നെ ഗ്രസിക്കുന്നതായി തോന്നും. പലപ്പോഴും ലോകത്തിന് മുന്നില്‍ ഉത്തരമില്ലാത്തവനായി ഞാന്‍ മാറുന്നു. എന്നാല്‍ കര്‍ത്താവേ അങ്ങ് പറഞ്ഞിട്ടുണ്ടല്ലോ, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്‌കളങ്കരും ആയിരിക്കണമെന്ന്. അതുകൊണ്ട് ഗുരുതരാവസ്ഥയിലുള്ള എന്റെ സാഹചര്യങ്ങളില്‍ എന്നെ എളിമയും നിഷ്‌കളങ്കതയും പഠിപ്പിക്കണമേ.

സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ ലോകത്തിലെ തിന്മകള്‍ എന്നെ കീഴടക്കാതിരിക്കട്ടെ. ചിന്തയിലും വാക്കുകളിലും പ്രവര്‍ത്തികളിലും വ്യക്തതയും വിവേകവും ശീലമാക്കാനും അതുവഴിയായി ഈ ലോക തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കാനും എനിക്ക് സാധിക്കട്ടെ. അങ്ങനെ സര്‍പ്പങ്ങളുടെ മധ്യേ പ്രാവിനെപ്പോലെ നിഷ്‌കളങ്കതയിലും പരിശുദ്ധിയിലും ജീവിക്കാന്‍ എനിക്ക് സാധിക്കട്ടെ. ആമ്മേന്‍.