മുന്‍വിധികളെ മാറ്റിനിര്‍ത്താന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന

പരിചയമുള്ളതോ ഇല്ലാത്തതോ ആയ വ്യക്തികളെ ഏതെങ്കിലും കാര്യത്തില്‍ വിലയിരുത്താന്‍ വെമ്പല്‍ കൊള്ളുന്നവരാണ് ബഹുഭൂരിപക്ഷം ആളുകളും. അവരെക്കുറിച്ച് നമുക്കെല്ലാം മനസിലായി എന്ന തെറ്റിദ്ധാരണയോടെയാണ് നാം അത്തരം വിലയിരുത്തല്‍ നടത്തുക. എന്നാല്‍, എത്രയും വേഗം തിരുത്തേണ്ട ഒരു സ്വഭാവമാണിത്. ഭാവിയില്‍ നമുക്കു തന്നെ ദോഷകരമായി തീരുന്ന സ്വഭാവ ദൂഷ്യമാണിത്.

ഏതൊരാളെക്കുറിച്ചും നല്ലത് പറയാന്‍ പരമാവധി ശ്രമിക്കുക, അവരിലെ നന്മയെ കണ്ടെത്താനുള്ള ശ്രമം നടത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കൂടാതെ ഈ സ്വഭാവത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കുന്ന ഒരു പ്രാര്‍ത്ഥന തോമസ് കെംപിസ് പഠിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്..

‘ദൈവമേ, അറിയേണ്ടതു മാത്രം അറിയാനുള്ള കൃപ എനിക്ക് നല്‍കണമേ. സ്‌നേഹിക്കേണ്ടതിനെ സ്‌നേഹിക്കാനും അര്‍ഹിക്കുന്നതിനെ അഭിനന്ദിക്കാനും വിലപ്പെട്ടതിനെ മാനിക്കാനും തിന്മയെ വെറുക്കാനും കാഴ്ചയെ മാത്രം വിശ്വസിച്ചു കൊണ്ട് വിലയിരുത്തലുകള്‍ നടത്താതിരിക്കാനും എനിക്ക് സാധിക്കട്ടെ. എല്ലാത്തിനും ഉപരിയായി ഈശോയേ, എന്റെ സ്ഥാനത്ത് അങ്ങായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു എന്ന് ചിന്തിച്ചുകൊണ്ട് ഓരോ നിമിഷവും പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിക്കട്ടെ. ആമ്മേന്‍.’