രാജാവിനെ പശ്ചാത്താപത്തിലേയ്ക്ക് നയിച്ച ജപമാല പ്രാർത്ഥന 

    ജപമാല, പാപികളെ മാനസാന്തരത്തിലേയ്ക്കും പശ്ചാത്താപത്തിലേയ്ക്കും നയിക്കുന്നതിന് കാരണമാകും എന്ന് പണ്ടുമുതലേ വിശ്വസിച്ചു പോരുന്നു. അതിനാൽ തന്നെ പാപികളുടെ മാനസാന്തരത്തിനായി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന പതിവ് പലയിടത്തും നിലനിന്നിരുന്നു. ഇത്തരത്തിൽ ജപമാല പ്രാർത്ഥനയിലൂടെ വിശുദ്ധമായ ഒരു ജീവിതത്തിലേയ്ക്ക് കടന്നുവന്ന ഒരു രാജാവുണ്ട്. അദ്ദേഹത്തെ നല്ല ജീവിതം നയിക്കുവാൻ പര്യാപ്തമാക്കിയ ജപമാല പ്രാർത്ഥനാനുഭവത്തിലൂടെ കടന്നുപോകാം…

    ലിയോണിലെയും ഗലീഷ്യയിലെയും രാജാവായിരുന്നു അൽഫോൺസസ്. ക്രൈസ്തവനും പരിശുദ്ധ അമ്മയോട് ആഴമായ ഭക്തിയുമുണ്ടായിരുന്ന അദ്ദേഹം നന്നായി ജീവിക്കുവാൻ എപ്പോഴും ശ്രമിച്ചിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. എങ്കില്‍ തന്നെയും തന്റെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ജപമാല തന്റെ കൈവശം എപ്പോഴും സൂക്ഷിച്ചിരുന്ന അദ്ദേഹം, പരിശുദ്ധ അമ്മയോടുള്ള ബഹുമാനത്തെപ്രതി തന്റെ ബെൽറ്റിൽ എപ്പോഴും ജപമാല തൂക്കിയിട്ടിരുന്നു. ജപമാല പ്രാർത്ഥന ചൊല്ലിയില്ലെങ്കിൽ കൂടി ബെൽറ്റിൽ ഇട്ടിരുന്ന ആ ജപമാല അനേകരുടെയിടയിൽ ഒരു സാക്ഷ്യമായി മാറിയിരുന്നു.

    ഒരിക്കൽ രാജാവിന് മാരകമായ ഒരു അസുഖം പിടിപെട്ടു. വിദഗ്ദ ചികിൽസ ലഭ്യമാക്കിയെങ്കിലും അതൊന്നും ഫലപ്രദമായില്ല. അദ്ദേഹം മരണത്തോട് അടുത്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു സ്വപ്നം കണ്ടു. മരിച്ചു സ്വർഗ്ഗത്തിലെത്തിയ അദ്ദേഹത്തിന്റെ അന്ത്യവിധിയായിരുന്നു ആ സ്വപ്നം. അദ്ദേത്തിനു ലഭിച്ചത് നരകമായിരുന്നു. നരകത്തിലേയ്ക്ക് അദ്ദേഹത്തെ തള്ളിയിടാൻ കൊണ്ടുപോവുകയാണ്. പെട്ടന്ന് അദ്ദേഹത്തിനായി ഒരു സ്ത്രീ മാധ്യസ്ഥം വഹിക്കുന്നതായി കാണുവാൻ കഴിഞ്ഞു.

    ആ സ്ത്രീ പരിശുദ്ധ അമ്മയായിരുന്നു. ‘അമ്മ ദൂതരോട് ഒരു ത്രാസ് കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ ത്രാസിന്റ ഒരു തട്ടില്‍, രാജാവ് ചെയ്ത കുറ്റങ്ങളും പാപങ്ങളും വച്ചു. മറ്റേ തട്ടിൽ ഒരു ജപമാലയും. രാജാവിന്റെ പാപങ്ങളെക്കാൾ ആ ജപമാലയ്ക്ക് ഭാരം ഏറെ കൂടുതായി കാണപ്പെട്ടു. തുടർന്ന് പരിശുദ്ധ അമ്മ രാജാവിനെ നോക്കിപ്പറഞ്ഞു ” ജപമാല ധരിച്ച് അനേകർക്ക്‌ സാക്ഷ്യം നൽകി എന്നെ ബഹുമാനിച്ചതിനു പ്രതിഫലമായി എന്റെ പുത്രനിൽ നിന്ന് ഞാൻ നിങ്ങൾക്കായി അനേകം കൃപ വാങ്ങി നൽകിയിരിക്കുന്നു. നിങ്ങള്‍ക്ക് ഇനിയും കുറച്ചു നാളുകൾ കൂടി അനുവദിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനത്തോടെ അത് ഉപയോഗിക്കുകയും പശ്ചാത്തപിക്കുകയും ചെയ്യുക” – ഇതുപറഞ്ഞ് ആ സ്ത്രീ അപ്രത്യക്ഷയായി.

    പെട്ടന്ന് സ്വപ്നത്തിൽ നിന്നുണർന്ന അദ്ദേഹം അതുവരെ അലട്ടിയ രോഗത്തിന്റെ പിടിയിൽ നിന്ന് താൻ മോചിക്കപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കി. അദ്ദേഹം ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഏറ്റവും പരിശുദ്ധയായ അമ്മയുടെ ജപമാല പ്രാർത്ഥനയിലൂടെ നരക കവാടത്തിൽ നിന്നും അമ്മ എന്നെ രക്ഷിച്ചു.”

    തുടർന്ന് മരണം വരെ അദ്ദേഹം ജപമാലഭക്തി പ്രചരിപ്പിക്കുവാനും വിശുദ്ധമായ ഒരു ജീവിതം നയിക്കുവാനും അനേകമാളുകൾക്ക് മാതൃകയാകുവാനും പ്രത്യേകം ശ്രദ്ധിച്ചു പോന്നു.