ഇരട്ടി അനുഗ്രഹം കൊണ്ടുവരുന്ന പ്രാർത്ഥന

പലവിധത്തിൽ പ്രാർത്ഥിക്കുന്നവരാണ് നമ്മൾ. കൊന്ത ചൊല്ലിയും, വിശുദ്ധ കുർബാനയിൽ പങ്കെടുത്തും, സുകൃതജപങ്ങളിലൂടെയും, സ്വയംപ്രേരിത പ്രാർത്ഥനയിലൂടെയും, ഉപവാസമെടുത്തുമൊക്കെ നാം പ്രാർത്ഥിക്കാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളുണ്ടാകുമ്പോഴാണ് നമ്മുടെ പ്രാർത്ഥനകൾ പലപ്പോഴും ശക്തിപ്പെടുന്നത്. കാരണം, നമുക്കറിയാം പ്രതിസന്ധികൾ അതിജീവിക്കണമെങ്കിൽ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹം വേണമെന്ന്.

പ്രാർത്ഥിക്കുമ്പോൾ നമുക്ക് ഒരു വിശ്വാസമുണ്ട് – ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും എന്ന്. അൽപം താമസിച്ചാലും നമ്മെ ഉപേക്ഷിക്കുകയില്ല എന്ന്. നമ്മുടെയൊക്കെ പ്രാർത്ഥനയുടെ ആധാരം ഈ വിശ്വാസം തന്നെയാണ്. ദൈവത്തിന് നമ്മോട് സ്നേഹമാണ്. അതിനാൽ തന്നെ ദൈവം തന്റെ പക്കലേയ്ക്ക് വരുന്ന ഓരോ മക്കളെയും അനുഗ്രഹിക്കുക തന്നെ ചെയ്യും. ഇനി കാലതാമസം വരികയാണെങ്കിൽ തന്നെയും അത്, ദൈവം നമുക്ക് കൂടുതൽ നല്ലത് തരുവാൻ വേണ്ടി തന്നെയാണ്.

ദൈവം നമ്മെ അനുഗ്രഹിക്കുന്നതിനായിട്ടാണ് നാം പ്രാർത്ഥിക്കുന്നത്. അപ്പോൾ ഇരട്ടിയായി അനുഗ്രഹം ലഭിക്കണമെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണം? അതിനുള്ള വഴി ഇതാ:

ഇരട്ടി അനുഗ്രഹം ലഭിക്കുന്ന പ്രാർത്ഥന നമുക്ക് ലഭിക്കുന്നത് പഴയ നിയമത്തിലെ ജോബിന്റെ പക്കൽ  നിന്നുമാണ്. സമ്പന്നതയുടെ ഉന്നതിയിൽ നിന്നുമാണ് ജോബ് നഷ്ടങ്ങളുടെ പടുകുഴിയിലേയ്ക്ക് വീഴുന്നത്. അദ്ദേഹത്തിന് എല്ലാം നഷ്ടമായി എങ്കിലും ദൈവാശ്രയബോധം അദ്ദേഹത്തില്‍ അവശേഷിച്ചു. ഒടുവിൽ എല്ലാ സമ്പന്നതയും ദൈവം തിരികെ കൊടുത്തു. ഈ സമയം ജോബ് ചെയ്ത ഒരു പ്രവർത്തിയുണ്ട്. അത് ജോബിന്റെ പുസ്തകം 42:10-ൽ വെളിപ്പെടുത്തുന്നുണ്ട്. അത് ഇപ്രകാരമാണ്: “ജോബ് തന്റെ സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ, അവനുണ്ടായിരുന്ന ഐശ്വര്യം ദൈവം തിരികെ കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായി കൊടുത്തു.”

സ്‌നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ ജോബിന് നഷ്ടപ്പെട്ടത് ദൈവം കൊടുക്കുക മാത്രമല്ല അത് ഇരട്ടിയായി കൊടുക്കുകയും ചെയ്തു. നമ്മുടെ ജീവിതത്തിലും കുറെ നഷ്ടങ്ങളുടെ ലിസ്റ്റുണ്ട്. ആ നഷ്ടങ്ങൾ മാറുന്നതിനായി നാം ദൈവത്തോട് പ്രാർത്ഥിക്കുന്നുമുണ്ട്. എന്നാൽ, ഇരട്ടി അനുഗ്രഹം ലഭിക്കുന്നതിനായി നാം ചെയ്യേണ്ട ഒരു കാര്യം ഇതാണ്, നമ്മുടെ സ്നേഹിതർക്കായി പ്രാർത്ഥിക്കുക. സ്നേഹിതർ എന്നാൽ പ്രിയപ്പെട്ടവരും ചുറ്റുമുള്ളവരുമൊക്കെ ഉണ്ടാവും. അവർക്കു വേണ്ടി പ്രാർത്ഥിക്കുക. അവരുടെ ആവശ്യങ്ങൾ ദൈവത്തോട് പറയുക. എന്നാൽ, അതിനു മുമ്പ്, സമൂഹത്തിൽ ആരും പ്രാർത്ഥിക്കാനില്ലാത്ത ആളുകൾക്കായി പ്രാർത്ഥിക്കണം. അപ്പോൾ നമ്മുടെ പ്രാർത്ഥന ദൈവത്തിനു മുന്നിൽ വിലയുള്ളതായി മാറും. ദൈവം നമ്മെ ഇരട്ടിയായി അനുഗ്രഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.