ശുദ്ധീകരണാത്മാക്കള്‍ക്കായി ഈശോ വി. ജര്‍ത്രൂദിനെ പഠിപ്പിച്ച പ്രാര്‍ത്ഥന

ഒരിക്കല്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച സമയത്ത് താന്‍ കര്‍ത്താവിനോടൊപ്പം ശുദ്ധീകരണസ്ഥലത്ത് എത്തിച്ചേര്‍ന്നതായി വി. ജര്‍ത്രൂദ് കണ്ടു. താന്‍ ആവശ്യപ്പെടാൻ ആഗ്രഹിച്ചതിലും അധികം ആത്മാക്കള്‍ ആ ദിവ്യകാരുണ്യ സ്വീകരണശേഷം അവിടെ നിന്ന് മോചിപ്പിക്കപ്പെടുന്നത് വിശുദ്ധ മനസ്സിലാക്കി. പിന്നീടുള്ള നാളുകളിലും വിശുദ്ധ ശുദ്ധീകരണാത്മാക്കള്‍ക്കായി തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.

ഒരു ദിവസം, ഈ പ്രാര്‍ത്ഥന വഴി എത്ര ആത്മാക്കളെ മോചിപ്പിക്കുമെന്ന് അവള്‍ കര്‍ത്താവിനോട് ചോദിച്ചു. അതിന് ഉത്തരമായി അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്: “എന്റെ സ്‌നേഹം പാവപ്പെട്ട ആത്മാക്കളെ മോചിപ്പിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നു. ഉദാരമതിയായ ഒരു രാജാവ്, തന്റെ പ്രിയപ്പെട്ട ചങ്ങാതി കുറ്റക്കാരനായാല്‍ തന്റെ നീതി നിമിത്തം മാത്രം തടവറയില്‍ ഇടുന്നതുപോലെയാണ് എന്റെ സ്ഥിതി. സുഹൃത്തുക്കളാരെങ്കിലും അവനു വേണ്ടി മോചനാഭ്യര്‍ത്ഥനയും എന്തെങ്കിലും കാഴ്ചദ്രവ്യവുമായി വരാന്‍ രാജാവ് കാത്തിരിക്കുന്നു. അങ്ങനെ ആരെങ്കിലും വന്നാലുടന്‍ രാജാവ് തടവറയിലുള്ള സുഹൃത്തിനെ മോചിപ്പിക്കും. അതുപോലെ തന്നെ ഈ പാവപ്പെട്ട ആത്മാക്കള്‍ക്കായി സമര്‍പ്പിക്കപ്പെടുന്നതെല്ലാം ഞാന്‍ വലിയ സന്തോഷത്തോടെ സ്വീകരിക്കുന്നു. എന്തെന്നാല്‍, ഞാന്‍ ഏറ്റവും വില കൊടുത്ത് സ്വന്തമാക്കിയ ആത്മാവ് എന്റെയടുത്തായിരിക്കാനാണ് എനിക്ക് ആഗ്രഹം.”

വി. ജര്‍ത്രൂദിന് ഈശോ പറഞ്ഞുകൊടുത്ത പ്രാര്‍ത്ഥനയാണ് ഇന്ന് നമുക്ക് സുപരിചിതമായ ഒരു പ്രാര്‍ത്ഥന. “നിത്യപിതാവേ, ശുദ്ധീകരണസ്ഥലത്തുള്ള എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും എന്റെ കുടുംബത്തിലും സഭയിലും ലോകത്തെങ്ങുമുള്ള എല്ലാ നിര്‍ഭാഗ്യവാന്മാരായ പാപികള്‍ക്കു വേണ്ടിയും അങ്ങേ പുത്രനായ യേശുവിന്റെ ഏറ്റവും വിലയേറിയ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കുന്ന ദിവ്യബലികളോട് ചേര്‍ന്ന് അങ്ങേക്ക് ഞാന്‍ കാഴ്ച വയ്ക്കുന്നു. ആമ്മേന്‍.”