ലോകത്തിന്‍റെ സുസ്ഥിതിക്കായി പാപ്പാ രചിച്ച പ്രാര്‍ത്ഥന

ഭൂമിയുടെ സുസ്ഥിതിക്കെന്നപോലെ മാനവികതയുടെ സുസ്ഥിതിക്കായും പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ നാലു വരെ നടക്കുന്ന, സൃഷ്ടിയുടെ കാലത്തോട് അനുബന്ധിച്ച് പ്രാർത്ഥിക്കുന്നതിനുള്ള പ്രാർത്ഥന പാപ്പാ തയ്യാറാക്കി.

“ആകാശവും ഭൂമിയും അതിലെ സകലത്തിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്നേഹമുള്ള ദൈവമേ, അങ്ങേ ദാനമായ ഈ ഭൂമിയുടെ ഭാഗമാണ് ഞങ്ങളും എന്ന ചിന്തയില്‍ ജീവിക്കുവാന്‍ ഞങ്ങളുടെ മനുസ്സു തുറക്കുകയും ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ചെയ്യണമേ. ക്ലേശപൂര്‍ണ്ണമായ ഈ സമയത്ത് ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് തുണയായി ജീവിക്കാന്‍ വിശിഷ്യാ, പാവങ്ങളും വ്രണിതാക്കളുമായവരെ സഹായിച്ചു ജീവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ.

ലോകവ്യാപകമായ ഒരു മഹാമാരിയുടെ പ്രത്യാഘാതങ്ങളെ ക്രിയാത്മകമായി നേരിടുവാനും ക്ലേശിക്കുന്നവരുമായി ഐക്യദാര്‍ഢ്യം പ്രകടമാക്കുവാനുള്ള കരുത്തും കഴിവും അങ്ങ് ഞങ്ങള്‍ക്കു നല്‍കണമേ. കാലികമായ ചുറ്റുപാടുകളില്‍ പൊതുനന്മയ്ക്കായി നിലകൊള്ളുവാനും അതിനാവശ്യമായ മാറ്റങ്ങള്‍ ആശ്ലേഷിച്ചു ജീവിക്കുവാനുമുള്ള അവബോധം ഞങ്ങള്‍ക്കു നല്‍കണമേ. സമൂഹത്തില്‍ ഞങ്ങള്‍ പൂര്‍വ്വോപരി പരസ്പരാശ്രിതരും പരസ്പരബന്ധമുള്ളവരുമാണെന്നു കൂടുതല്‍ മനസ്സിലാക്കട്ടെ. അങ്ങനെ ഭൂമിയുടെയും ഒപ്പം പാവങ്ങളും എളിയവരുമായ ഞങ്ങളുടെ സഹോദരങ്ങളുടെയും കരച്ചില്‍ കേള്‍ക്കുവാനും അതിനോട് പ്രതികരിക്കുവാനും ഞങ്ങളെ പ്രാപ്തരാക്കണമേ.

ഇന്ന് ഞങ്ങള്‍ ലോകത്ത് അനുഭവിക്കുന്ന യാതനകളും ക്ലേശങ്ങളും കൂടുതല്‍ സാഹോദര്യവും സുസ്ഥിതിയുമുള്ള ഒരു ഭൂമിയുടെ പുനര്‍ജ്ജനിക്കായുള്ള നൊമ്പരമായി മനസ്സിലാക്കുവാനും അംഗീകരിക്കുവാനും അങ്ങു ഞങ്ങളെ പ്രാപ്തരാക്കണമേ. ഈ പ്രാര്‍ത്ഥന പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥത്താല്‍ ഞങ്ങളുടെ കര്‍ത്താവും രക്ഷകനുമായ ക്രിസ്തുനാഥനു ഞങ്ങള്‍ സമര്‍പ്പിക്കുന്നു. ആമേന്‍.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.