“എനിക്ക് കുഞ്ഞിനെ തന്നില്ലെങ്കിൽ…” അക്രൈസ്തവയായ ഒരു അമ്മയുടെ  പ്രാർത്ഥന

ദൈവത്തിന്റെ പക്കൽ പല ആവശ്യങ്ങളും ഉന്നയിക്കാറുണ്ട്. എപ്പോഴും അല്ലെങ്കിലും പ്രതിസന്ധിഘട്ടങ്ങളിൽ ദൈവവുമായി കൂടുതൽ അടുത്തുനില്‍ക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ, പലപ്പോഴും നമ്മുടെ ആഗ്രഹങ്ങൾ സാധിച്ചുകിട്ടാൻ താമസമെടുക്കും. അപ്പോൾ ദൈവത്തെ പഴിച്ചും സ്വയം ശപിച്ചും വിശ്വാസം നഷ്ടപ്പടുത്തിയുമൊക്കെ നിരാശയുടെ കയത്തിലേയ്ക്ക് പലരും വീഴാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള അൽപവിശ്വാസികൾക്ക് ഒരു മാതൃകയാണ് ക്രിസ്റ്റിന ചൗ. അവരുടെ ജീവിതത്തിലൂടെ ഒന്ന് കടന്നുപോകാം.

1975-ലാണ് സിംഗപ്പൂരുകാരിയായ ക്രിസ്റ്റീനയുടെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് അടുത്ത വർഷം ഇവർക്ക് ഒരു മകനുണ്ടായി. കുഞ്ഞുമായുള്ള ജീവിതം സന്തോഷകരമായി മുന്നോട്ടുപോയി. അപ്പോഴാണ് ഒരു കുഞ്ഞ് കൂടി വേണമെന്ന് അവർക്ക് തോന്നുന്നത്. പ്രായം കൂടിവരുന്നതിനാൽ ഇനി ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യതയില്ല എന്ന് പലരിൽ നിന്നും കേട്ടത് അവരെ മാനസികമായി തകർത്തു. അങ്ങനെയിരിക്കുമ്പോഴാണ് കത്തോലിക്കയായ സുഹൃത്തിനെ കണ്ടുമുട്ടുന്നത്. അവരിലൂടെയാണ് ക്രിസ്റ്റീന ക്രിസ്തുമതത്തെക്കുറിച്ച് അറിഞ്ഞത്.

ഒരിക്കൽ പരസ്പരമുള്ള സംസാരത്തിനിടെ എപ്പഴോ ആ സുഹൃത്തിനോട് രണ്ടാമത്തെ ഒരു കുഞ്ഞിനായുള്ള ആഗ്രഹവും അതിനു കഴിയാത്ത തന്റെ അവസ്ഥയും എല്ലാം അവള്‍ പങ്കുവച്ചു. അപ്പോൾ ആ സുഹൃത്ത്, വി. അൽഫോൻസ് ലിഗോരിയുടെ നാമത്തിൽ ഒരു ദൈവാലയമുണ്ടെന്നും അവിടെച്ചെന്ന് മാതാവിന്റെ നൊവേനയില്‍ ഒൻപത് ആഴ്ച പങ്കെടുക്കുവാനും ഉപദേശിച്ചു. ധാരാളം അക്രൈസ്തവർ എത്തുന്ന ഇടമാണ് അതെന്നും അവിടെച്ചെന്നു പ്രാർത്ഥിച്ച് ധാരാളം ആളുകൾ അനുഗ്രഹങ്ങൾ പ്രാപിക്കുന്നു എന്നും പറഞ്ഞു. അങ്ങനെ ആദ്യമായി ക്രിസ്റ്റീന ഒരു ക്രിസ്ത്യൻ ദൈവാലയത്തിൽ കയറി.

ഒൻപത് ആഴ്ചകൾ വളരെ ഭക്തിനിർഭരമായി കടന്നുപോയി. എന്നാൽ, ഫലമൊന്നും കണ്ടില്ല. ചെറിയ നിരാശ തോന്നിയെങ്കിലും അത് കാര്യമാക്കാതെ ഒരു കുഞ്ഞിനായി പ്രാർത്ഥിച്ചുകൊണ്ട് നൊവേനകളിൽ പങ്കെടുക്കുന്നത് തുടർന്നു. മടുപ്പ് തോന്നാതെ പ്രാർത്ഥിക്കുവാൻ സുഹൃത്തും ധൈര്യം നൽകി.  ഈ സമയമൊക്കെ ക്രിസ്റ്റീനയുടെ ഭർത്താവും പള്ളിയിൽ എത്തിയിരുന്നു. ജോലി കഴിഞ്ഞ് ഭർത്താവിന്റെ കൂടെ പള്ളിയിലെത്തുമ്പോൾ ആ അര മണിക്കൂർ അവിടെ എന്താണ് സംഭവിക്കുന്നതെന്നു പോലും അവർക്ക് അറിയില്ലായിരുന്നു. വൈകാതെ തന്നെ മരിയൻ ഗീതങ്ങൾ ഇഷ്ടമായ അദ്ദേഹം അവ പാടി എപ്പോഴും പ്രാർത്ഥനയിലായിരിക്കുവാൻ ശ്രമിച്ചു.

ഈ സമയങ്ങളിലൊക്കെയും മാതാവിന്റെ നൊവേന കൂടുവാൻ അവർ എത്തിയിരുന്നു. ആഴ്ചകൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു. ഏകദേശം 52 ആഴ്ചകൾ. അതായത് ഒരു വർഷം കഴിഞ്ഞു. പ്രാർത്ഥനകൾ മുറയ്ക്ക് നടക്കുന്നു. ഫലമൊന്നും ഇല്ല. പ്രായം കൂടുന്നു. ക്രിസ്റ്റീനയുടെ മനസ്സിൽ ആധി കയറി. അവൾ മാതാവിന്റെ രൂപത്തിന് അടുത്തേയ്ക്കെത്തി. എന്നിട്ട് സങ്കടത്തോടെ മാതാവിനോട് പറഞ്ഞു: “ക്ഷമിക്കണം മാതാവേ, ഇതെന്റെ അവസാനത്തെ മുന്നറിയിപ്പാണ്. ഇനിയും എനിക്ക് കുഞ്ഞിനെ തന്നില്ലെങ്കിൽ രണ്ടാമതൊരു കുഞ്ഞിനായുള്ള ശ്രമം, പ്രതീക്ഷ എല്ലാം ഞാൻ ഉപേക്ഷിക്കും.”

അന്ന് കണ്ണ് നിറഞ്ഞുകൊണ്ടാണ് ക്രിസ്റ്റീന അവിടുന്ന് ഇറങ്ങിയത്. എന്നാൽ, ആ കണ്ണീർ വെറുതെയായില്ല. അടുത്ത മാസം ക്രിസ്റ്റീന ഗർഭിണിയായി. സദ്വാർത്ത അറിഞ്ഞ ഉടൻ അവൾ മാതാവിന്റെ രൂപത്തിങ്കലേയ്ക്ക് ഓടി. സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മൂത്ത മകൻ ഉണ്ടായ അതേ ദിവസം തന്നെ രണ്ടാമത്തെ കുഞ്ഞും ഉണ്ടായി. രണ്ടു വർഷങ്ങൾക്കു ശേഷം കുടുംബം ഒന്നാകെ ഡിസംബർ എട്ടാം തീയതി മാമ്മോദീസ സ്വീകരിച്ചു. ഇന്ന് അനേകർക്ക്‌ മാതൃകയായി ആ കുടുംബം ജീവിക്കുകയാണ്.