സ്വര്‍ഗ്ഗസ്ഥനായ പിതാവേ..! പ്രാര്‍ത്ഥന സുവിശേഷത്തിന്‍റെ ഹൃദയത്തുടിപ്പ്

  ഫാ. വില്യം നെല്ലിക്കല്‍

  ദൈവത്തെ “പിതാവേ” എന്നു വിളിക്കുന്നവര്‍

  ക്രിസ്തുനാഥന്‍ ഏകാന്തമായി പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് വി. ലൂക്കാ സുവിശേഷകന്‍ വരച്ചുകാട്ടുന്നത് (ലൂക്കാ 11:1-13). പ്രാര്‍ത്ഥന കഴിഞ്ഞ ഈശോയോട് “ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണേ, ഗുരുവേ!” എന്ന് ശിഷ്യന്മാര്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. പ്രാര്‍ത്ഥിക്കുമ്പോള്‍… എന്നു വിളിച്ചു പ്രാര്‍ത്ഥിക്കണം. ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥനയുടെ സൂത്രവാക്കാണിത് – പിതാവ്. ജീവിതത്തിലുടനീളം തനിക്ക് പ്രേരണയും പ്രചോദനവുമായ പിതാവുമായുള്ള സംവാദത്തിലൂടെ വളര്‍ത്തുന്ന ആത്മബന്ധത്തിന്‍റെ സൂത്രവാക്കാണിത് – പിതാവ്! നിങ്ങള്‍ക്കും എനിക്കും, സകലര്‍ക്കുമായി അവിടുന്ന് പകര്‍ന്നുനല്കുന്ന വാക്കാണിത്.

  “പിതാവ്” എന്ന സംജ്ഞയുടെ രണ്ടു വശങ്ങള്‍ 

  ‘പിതാവ്’ എന്ന സംജ്ഞയോട് മറ്റ് രണ്ട് അഭ്യര്‍ത്ഥനകള്‍ കൂടി ക്രിസ്തു കൂട്ടിച്ചേര്‍ക്കുന്നു. “അങ്ങയുടെ നാമം പൂജിതമാകണമേ.” “അങ്ങയുടെ രാജ്യം വരണമേ.”

  സ്വര്‍ഗ്ഗസ്ഥനായ പിതാവേ…! എന്ന ഈ പ്രാര്‍ത്ഥന ദൈവത്തിന് ഏറ്റവും സമുന്നതമായ സ്ഥാനം നല്കുന്നതാണ്. ഒപ്പം ക്രിസ്തുവിന് ഏറ്റം പ്രിയങ്കരവുമായിരുന്നെന്ന് നമുക്ക് അനുമാനിക്കാം. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ വിശുദ്ധി ലോകത്തിന് പകര്‍ന്നു നല്കിക്കൊണ്ട്, ദൈവരാജ്യം ഈ ഭൂമിയില്‍ മനുഷ്യരുടെ മധ്യേ സമീപസ്ഥമാക്കുകയും, പിതാവായ ദൈവത്തിന്‍റെ സ്നേഹാര്‍ദ്രമായ കര്‍തൃത്വം ഈ പ്രാര്‍ത്ഥന വഴി യാഥാര്‍ത്ഥ്യമാക്കുകയുമായിരുന്നു ക്രിസ്തു. മാത്രമല്ല, തന്‍റെ ശിഷ്യന്മാര്‍ക്കും അത് പഠിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിനു മുഴുവന്‍ അത് പകര്‍ന്നുനല്കുകയും ചെയ്യുകയായിരുന്നു!

  ദൈവം സകലരുടെയും പിതാവ്

  ഏതു മനുഷ്യനും മതസ്തര്‍ക്കും ചൊല്ലാവുന്ന പ്രാര്‍ത്ഥനയാണ്, സ്വര്‍ഗ്ഗസ്ഥനായ പിതാവേ… എന്ന പ്രാര്‍ത്ഥന.  മദ്രാസില്‍ പഠിക്കുന്ന കാലത്ത്, താമസസ്ഥലത്തിന് വളരെ അടുത്ത് ഒരു ചിന്മയാ വിദ്യാലയമുണ്ടായിരുന്നു. അവിടെ നിന്നും കുട്ടികള്‍ എന്നും രാവിലെ അസംബ്ലിയില്‍, ജാതി ഭേദമെന്യേ പതിവായി ചൊല്ലിയിരുന്ന “സ്വര്‍ഗ്ഗസ്ഥനായ പിതാവേ…” എന്ന പ്രാര്‍ത്ഥന തമിഴില്‍ – “വിണ്ണുലകില്‍ ഇരുക്കും തന്തയേ…” എന്നു കേള്‍ക്കുന്നത് വളരെ ഇമ്പകരമായിരുന്നു.

  ഉപനിഷിത്തുക്കളിലെ അദ്വൈത വേദാന്തത്തിന്‍റെ പ്രയോക്താവായിരുന്ന, ചിന്മയാ പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ചിന്മയാനന്ദ സ്വാമികളുടെ പേരിലുള്ള സ്ഥാപനമാണത്. അദ്ദേഹം എറണാകുളത്തുകാരനായ ഒരു ബാലകൃഷ്ണ മേനോനായിരുന്നു. അഹം ബ്രഹ്മാസ്മി… പ്രപഞ്ചം മുഴുവനിലും ആവസിച്ചിരിക്കുന്ന ബ്രഹ്മന്‍, എന്നില്‍ ആത്മനില്‍ ഉണ്ടെന്ന ‘വേദാന്തവെളിച്ചം’ അദ്ദേഹത്തിനു ലഭിച്ചു. അങ്ങനെ ദൈവം ഒന്നേയുള്ളൂവെന്നും, ആ ദൈവം സകലര്‍ക്കും പിതാവാണെന്നതും പഠിപ്പിക്കാനുള്ള ഉള്‍ക്കാമ്പ് ചിന്മയാനന്ദ സ്വാമികളുടെ അടിസ്ഥാന ബോധ്യമായിരുന്നു, വിശ്വാസമായിരുന്നു!

  ഒരു സമഗ്രമായ പ്രാര്‍ത്ഥന

  ക്രിസ്തു പഠിപ്പിച്ച ‘സ്വര്‍ഗ്ഗസ്ഥനായ പിതാവേ…’ എന്ന പ്രാര്‍ത്ഥനയെ സമഗ്രമാക്കുന്നത് മൂന്ന് യാചനകളാണ്. മനുഷ്യന്‍റെ അടിസ്ഥാനാവശ്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളാണവ: അന്നത്തിനും, പരസ്പരം ക്ഷമിക്കുന്നതിനും, പിന്നെ, പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനും പിന്തുണയ്ക്കാനുമുളള മൂന്ന് യാചനകളാണവ (3-4).

  അന്നം നേടുവാനും, അന്യോന്യം ക്ഷമിക്കുവാനും, പ്രലോഭനങ്ങളില്‍ വീഴാതിരിക്കുവാനും ദൈവസഹായം അനിവാര്യമാണ്. ആദ്യം നാം പ്രാര്‍ത്ഥിക്കുന്നത് ജീവിതത്തിന്‍റെ അടിസ്ഥാനാവശ്യമായ അപ്പത്തിനായിട്ടാണ്. അന്നം-അപ്പം ജീവിതയാത്രയില്‍ പാഥേയമാണ്. അപ്പമാണ് മുന്നേറുവാന്‍ മനുഷ്യന് ശാരീരികമായ ശക്തി നല്കുന്നത്. യാത്രയ്ക്ക് തടസ്സമായേക്കാവുന്നതോ, ശേഖരിച്ചു വച്ചതിനാല്‍ ഭാരപ്പെടുത്തുന്നതോ, പാഴാക്കിക്കളയാനുള്ളതോ ആയ ഉച്ഛിഷ്ടമല്ല അന്നം.

  ക്ഷമിക്കുന്നവനാണ് ക്ഷമ ലഭിക്കുന്നത്

  രണ്ടാമതായി യാചിക്കുന്നത് ക്ഷമയ്ക്കു വേണ്ടിയാണ്. ദൈവത്തില്‍ നിന്നും നാം നേരിട്ടു വാങ്ങുന്നതല്ല – കിട്ടുന്നതല്ല ക്ഷമ. പ്രകടമായ വിധത്തില്‍, പ്രത്യക്ഷമായും സാഹോദരങ്ങളോട് അനുരഞ്ജനപ്പെട്ടു കൊണ്ട്, കുറവുകള്‍ പരസ്പരം ക്ഷമിച്ച്, അതിലൂടെ ദൈവത്തിന്‍റെ കാരുണ്യം സ്വീകരിക്കുന്ന അനുഭവവും അവബോധവുമാണ് മാപ്പ് – ക്ഷമ!

  ദൈവം നമ്മുടെ കുറവുകള്‍ ക്ഷമിക്കുന്നതു കൊണ്ടാണ് നാം ജീവിക്കുന്നത്. അതിനാല്‍ സഹോദരങ്ങളോട് അനുദിനജീവിതത്തില്‍ ക്ഷമിക്കാന്‍ നമുക്കും സാധിക്കണം. സഹോദരങ്ങളോട് ക്ഷമിക്കുവാനും മാപ്പ് നല്കുവാനും സന്നദ്ധതയുള്ളവര്‍ക്കാണ് ജീവിതത്തില്‍ മാപ്പ് ലഭിക്കുന്നത്. വ്യക്തികളുടെ ഹൃദയത്തില്‍ വളരേണ്ടതും, ഹൃദയത്തില്‍ നിന്നും ഉതിര്‍ക്കൊള്ളേണ്ടതുമാണ് അനുതാപം – മാപ്പ്!

  അവസാനമായി പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ, എന്നും നാം പ്രാര്‍ത്ഥിക്കുന്നു. കാരണം, അഴിമതിയുടെയും അധര്‍മ്മത്തിന്‍റെയും കെണികളാല്‍ നാം ലോകത്ത് സദാ വലയം ചെയ്യപ്പെട്ടിരിക്കയാണ്. അതില്‍ നാം മുങ്ങിപ്പോകരുത്, കുടുങ്ങിപ്പോകരുത്! എന്താണ് പ്രലോഭനമെന്ന് നമുക്കെല്ലാവര്‍ക്കും നന്നായി അറിയാം. അതുകൊണ്ടാണ്, “ജ്ഞാനസ്നാനം വഴി ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ കാരുണ്യം, ദയ, സ്നേഹം, സൗമ്യത, ക്ഷമ എന്നിവ ധരിക്കണം” എന്ന് കൊളോസിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ വി. പൗലോസ് അപ്പസ്തോലന്‍ അനുസ്മരിപ്പിക്കുന്നതും (കൊളോ. 2, 12-14).

  മുട്ടിപ്പായ പ്രാര്‍ത്ഥനയ്ക്കുള്ള പ്രതിഫലം

  പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഈശോയുടെ പാഠം പിന്നെയും തുടരുന്നത് ചെറിയ രണ്ട് ഉപമകളിലൂടെയാണ്. അവയില്‍ ആദ്യത്തേത്, രണ്ടുപേര്‍ തമ്മിലുള്ള സുഹൃദ്ബന്ധത്തെക്കുറിച്ചും, മറ്റേത് പിതാവിന് പുത്രനോടുളള കടമകളെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നു (5-12). അങ്ങനെ, പിതാവായ ദൈവത്തില്‍ നാം അര്‍പ്പിക്കേണ്ട സമ്പൂര്‍ണ്ണമായ വിശ്വാസത്തെക്കുറിച്ചാണ് രണ്ട് കഥകളും പഠിപ്പിക്കുന്നത്.

  നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന പിതാവില്‍ പ്രത്യാശയര്‍പ്പിച്ച് ധൈര്യത്തോടെ, നിരന്തരമായി അവിടുന്നില്‍ ആശ്രയിച്ചു ജീവിക്കാനും, അങ്ങനെ അവിടുത്തെ രക്ഷാകര പദ്ധതിയില്‍ പങ്കുകാരാകുവാനും അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. അതിനാല്‍ പ്രാര്‍ത്ഥനയാണ് നമ്മുടെ കൈവശമുണ്ടായിരിക്കേണ്ട പ്രഥമവും പ്രധാനവുമായ ജീവിതത്തിന്‍റെ ‘പണിയായുധം’!

  ദൈവം ശ്രവിച്ച അബ്രാഹത്തിന്‍റെ മുട്ടിപ്പായ പ്രാര്‍ത്ഥന

  പഴയനിയമത്തില്‍ സോദോം ഗൊമോറാ നഗരങ്ങളെക്കുറിച്ച് അബ്രാഹത്തോട് ദൈവം സംഭാഷിക്കുമ്പോള്‍, അവിടുന്ന് നശിപ്പിക്കാന്‍ പോകുന്ന നഗരങ്ങള്‍ക്കു വേണ്ടി അബ്രാഹം യാചിക്കുന്നു. നല്ലവരായ 50 പേരുണ്ടെങ്കില്‍ അങ്ങ് നഗരത്തെ നശിപ്പിക്കുമോ..? ഇല്ല! നഗരത്തിനു വേണ്ടി അബ്രാഹം ദൈവത്തോടു നടത്തുന്ന വിലപേശല്‍. 50-ല്‍ നിന്ന് 30-ലേയ്ക്കും പിന്നെ 10-ലേയ്ക്കും അവസാനം ഒരാള്‍ നല്ലവനായി നഗരത്തിലുണ്ടെങ്കില്‍ താന്‍ ആ നഗരത്തെ നശിപ്പിക്കുകയില്ലെന്ന് ദൈവം പറയുന്നത് ഏറെ ഹൃദയസ്പര്‍ശിയാണ് (ഉല്‍. 18:20-32).

  ദൈവത്തിന്‍റെ അനന്തമായ ക്ഷമയും, കാരുണ്യവും, അസ്തമിക്കാത്ത സ്നേഹവുമാണ് ഇവിടെ ഉല്പത്തി പുസ്തകം പ്രതിഫലിക്കുന്നത്. അതിനാല്‍ നാം മുട്ടിപ്പായി പ്രാര്‍ത്ഥിക്കണം എന്ന സന്ദേശം പഴയനിയമത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ ദൈവത്തെയോ, മറ്റാരേയോ ബോധ്യപ്പെടുത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതില്ല. നമ്മുടെ വിശ്വാസവും ക്ഷമയും ശക്തിപ്പെടുത്തിക്കൊണ്ട്, നമുക്കാവശ്യമായ അനുദിന ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങള്‍ക്കായി ദൈവത്തോടുള്ള ഒരു മല്പിടുത്തമാണ് പ്രാര്‍ത്ഥന എന്ന് വ്യാഖ്യാനിക്കാം. അത് ആവശ്യവുമാണ്.

  ദൈവാത്മാവിനെ നല്കണമേ!

  ക്രിസ്തു ഇന്ന് സുവിശേഷത്തില്‍ പറയുന്ന ശ്രദ്ധേയമായ മറ്റൊരു കാര്യം, നാം ഒരിക്കലും ആവശ്യപ്പെടാത്തൊരു കാര്യമാണ് – അത് പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്നതാണ്. ക്രിസ്തു പറയുന്നത്, “മക്കള്‍ക്ക് നല്ല ദാനങ്ങള്‍ നല്കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!” (13).

  അതിനാല്‍ പരിശുദ്ധാത്മാവിനെ തരണമേ എന്നു പ്രാര്‍ത്ഥിക്കണം. കാരണം, നമുക്ക് നല്ല ജീവിതസരണികള്‍ തെളിയിക്കുന്നതും, ദൈവഹിതം നിര്‍വ്വഹിക്കുന്നതിനുമുള്ള അറിവും, അവബോധവും, തുറവിയും, സ്നേഹവും തരുന്നത് പരിശുദ്ധാത്മാവാണ്. ദൈവാത്മാവിന്‍റെ ചൈതന്യമാണ്. സ്വര്‍ഗ്ഗീയപിതാവിന് ഇന്നാളില്‍ നമുക്ക് സമര്‍പ്പിക്കാവുന്ന മനോഹരമായ പ്രാര്‍ത്ഥന – “പിതാവേ, പരിശുദ്ധാത്മാവിനെ ഞങ്ങള്‍ക്കു നല്കണമേ!, അങ്ങേ അരൂപിയെ അയയ്ക്കണമേ, ഞങ്ങളെ അങ്ങേ അരൂപിയാല്‍ നിറയ്ക്കണമേ…” എന്നതാണ്.

  യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യകാനാഥയുടെ ജീവിതം മുഴുവനും അരൂപിയാല്‍ നിറഞ്ഞതായിരുന്നു. അമ്മയുടെ മാദ്ധ്യസ്ഥവും നമുക്ക് തേടാം. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായും, നയിക്കപ്പെട്ടും ക്രിസ്തുവിനോട് അനുരൂപരായി ജീവിക്കുവാനുള്ള വരം തരണമേ എന്ന് നമുക്ക് സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കാം.

  ഫാ. വില്യം നെല്ലിക്കല്‍

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.