പ്രാര്‍ത്ഥന പ്രത്യാശയാണ് – ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍: ഈ ആഴ്ചയിലെ ബുധനാഴ്ച പൊതുപ്രസംഗത്തില്‍ പ്രാര്‍ത്ഥനയുെട ശക്തിയെക്കുറിച്ചാണ് വിശ്വാസികളോട് പാപ്പ പങ്കുവച്ചത്. തകര്‍ച്ചയുടെയും മരണത്തിന്റെയും വക്കില്‍ നിന്നും രക്ഷിക്കുവാന്‍ പ്രാര്‍ത്ഥനയ്ക്ക് സാധിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉറപ്പിച്ച് പറഞ്ഞു. ആയിരക്കണക്കിനു വിശ്വാസികളാണ് പോള്‍ ആറാമന്‍ ഹാളില്‍ എത്തിയത്.

”ആവശ്യമുളളപ്പോള്‍ മാത്രം ദൈവത്തിലേക്ക് തിരിയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നടപടി പ്രയോജനമില്ലാത്തതാണ്. മിക്കവരും അങ്ങനെയാണ് പ്രാര്‍ത്ഥനയെക്കുറിച്ച് കരുതുന്നത്. എന്നാല്‍ ഇത്തരം ചിന്തകള്‍ അസ്ഥാനത്താണ്. നമ്മുടെ ബലഹീനതകളെ നല്ലതുപോലെ അറിയുന്നവനാണ് പിതാവായ ദൈവം. ദയാലുവായ ഒരു പിതാവിന്റെ പുഞ്ചിരിയോടെ നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് അവിടുന്ന് ഉത്തരം നല്‍കും.” പാപ്പ പറഞ്ഞു.

ദൈവകല്‍പനകളെ അനുസരിക്കാതെ പ്രവര്‍ത്തിച്ച യോനയ്ക്ക് ഉണ്ടായ പ്രതിസന്ധികളെയും വിശ്വസിച്ചപ്പോള്‍ ലഭിച്ച രക്ഷയെയും പാപ്പ വിശ്വാസ സമൂഹത്തെ ഓര്‍മ്മപ്പെടുത്തി. കപ്പല്‍ മുങ്ങുവാന്‍ തുടങ്ങിയ നേരത്താണ് യോനായ്ക്ക് തിരിച്ചറിവ് വരുന്നത്. ആ സമയത്ത് പ്രവാചകന്റെ വായില്‍ നിന്നും ഉയര്‍ന്ന രണ്ടു വരി പ്രാര്‍ത്ഥന ദൈവത്തിന്റെ കാരുണ്യത്തെ അവിടേയ്ക്ക് എത്തിച്ചു. ദൈവഹിതത്തില്‍ നിന്നും വേര്‍പ്പെട്ട് ജീവിച്ചിരുന്ന ജനതയെയും മരണത്തെ മുഖാമുഖം കണ്ട കപ്പല്‍ യാത്രക്കാരെയും പ്രവാചകനെയും രക്ഷപെടുത്തിയത് ഈ പ്രാര്‍ത്ഥനയാണ്. ”പ്രാര്‍ത്ഥന പ്രത്യാശയാണ്. നിരാശയുടെ ഇരുളിലേക്ക് നാം നടന്നു നീങ്ങുമ്പോള്‍ നാം കൂടുതലായി പ്രാര്‍ത്ഥിക്കണം. അപ്പോള്‍ പ്രത്യാശയുള്ളവരായി മാറും.” പാപ്പ ഉദ്‌ബോധിപ്പിച്ചു.

ക്രൈസ്തവ വിശ്വാസികളുടെ ഐക്യത്തിനായി നടത്തപ്പെടുന്ന പ്രാര്‍ത്ഥനാ വാരം ഇന്നലെയാണ് ആരംഭിച്ചത്. ‘അനുരഞ്ജനം: ക്രിസ്തുവിന്റെ സ്‌നേഹം ഉത്തേജിപ്പിക്കുന്നു” എന്നതാണ് ഈ വാരാചരണത്തിന്റെ മുദ്രാവാക്യം. ആഗോള ക്രൈസ്തവര്‍ തമ്മില്‍ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.