പാപ്പായുടെ അപ്പോസ്‌തോലിക സന്ദര്‍ശനത്തിന് മുന്നൊരുക്കമായി സ്ലോവാക്യയില്‍ നാല്‍പ്പതുദിന പ്രാര്‍ത്ഥനാചരണം

സെപ്റ്റംബര്‍ 12 മുതല്‍ 15 വരെയുള്ള ഫ്രാന്‍സിസ് പാപ്പായുടെ സ്ലോവാക്യ സന്ദര്‍ശനത്തിന് മുന്നോടിയായി അവിടുത്തെ വിശ്വാസികളെ ആത്മീയമായി ഒരുക്കുവാന്‍ 40 ദിവസത്തെ പ്രാര്‍ത്ഥനാ സംരംഭം നടത്തപ്പെടും. സ്ലോവാക്യയുടെ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 40 ദിവസത്തെ പ്രാര്‍ത്ഥനാ ദിനാചരണങ്ങള്‍.

ആഗസ്റ്റ് ഏഴാം തീയതി മുതല്‍ സെപ്റ്റംബര്‍ 15 ആം തീയതി വരെയാണ് ഈ പ്രാര്‍ത്ഥനാ മാരത്തോണ്‍. ഓരോ വിശ്വാസിയും തങ്ങളുടെ ഭവനത്തിലോ, ദേവാലയത്തിലോ, സ്വന്തം കൂട്ടായ്മയിലോ ഇരുന്നു ജപമാല അര്‍പ്പിച്ചുകൊണ്ട് ഈ ആത്മീയ ഒരുക്കത്തില്‍ പങ്കുചേരാം. പ്രാര്‍ത്ഥനയിലൂടെ ആത്മീയ പൂച്ചെണ്ട് തയ്യാറാക്കുന്നതില്‍ പങ്കുകാരാകാന്‍ നല്ലമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുന്നുവെന്നും ഈ സംരംഭത്തിലൂടെ ഓരോ വിശ്വാസിയും പരിശുദ്ധ പിതാവിനു വേണ്ടിയും സ്ലോവാക്ക്യക്കു വേണ്ടിയും പ്രാര്‍ത്ഥനയിലൂടെ ഓരോ പൂവ് അര്‍പ്പിക്കുവാന്‍ കഴിയുമെന്നും സംഘാടകര്‍ അറിയിച്ചു.

പരിശുദ്ധ കന്യാമറിയത്തിന്റെയും അവളുടെ ജീവിതപങ്കാളിയായ വി. യൗസേപ്പിതാവിന്റെയും മാതൃക സ്വീകരിക്കാന്‍ സ്ലോവാക്യയിലെ മെത്രാന്മാര്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഈ യാത്രയില്‍ ഓരോ വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ക്ഷണിക്കുന്നുവെന്ന് കൂട്ടിച്ചേര്‍ത്ത മെത്രാന്മാര്‍ ഫ്രാന്‍സിസ് പാപ്പായും തന്റെ സന്ദര്‍ശനത്തില്‍ വ്യക്തിപരമായി നമ്മെ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.