വിശുദ്ധ ഗ്രന്ഥം ഭക്തിപൂർവ്വം വായിക്കാൻ വിശുദ്ധ ക്രിസോസ്‌തോം പഠിപ്പിക്കുന്ന പ്രാർത്ഥന

വിശുദ്ധ ഗ്രന്ഥം. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ഭക്തിപൂർവ്വവും ആദരവോടെയും സമീപിക്കേണ്ട ഒരു ഗ്രന്ഥമാണ്. കാരണം, അത് ദൈവത്തിന്റെ വചനമാണ്. അനുദിന ജീവിതത്തിലെ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും താങ്ങാകുവാൻ സ്നേഹം തന്നെയായ ദൈവം തന്റെ സൃഷ്ടിയായ മനുഷ്യന് നൽകുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളുമാണ് വിശുദ്ധ ഗ്രന്ഥം. അത് ദൈവനിവേശിതമാണ്.

എന്നാൽ, പലപ്പോഴും നാം വിശുദ്ധ ഗ്രന്ഥത്തെ വെറുമൊരു പുസ്തകം എന്ന ലാഘവത്തോടെ സമീപിക്കാറുണ്ട്. ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ ഫലപ്രദമായി വളരുവാൻ തക്കവിധം നാം നമ്മുടെ ഹൃദയത്തെ ഒരുക്കേണ്ടതുണ്ട്. അതിനായി വിശുദ്ധ ഗ്രന്ഥം വായിക്കുന്നതിനു മുൻപ് പ്രാർത്ഥിച്ച് ഒരുങ്ങേണ്ടതുണ്ട്. ഇതിനായി വി. ജോൺ ക്രിസോസ്‌തോം പഠിപ്പിക്കുന്ന വളരെ ചെറുതും എന്നാല്‍ മനോഹരവുമായ ഒരു പ്രാർത്ഥനയുണ്ട്. നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും ഒരുക്കുന്ന ആ പ്രാർത്ഥന ഇതാ:

“കർത്താവായ ഈശോയേ, അവിടുത്തെ തിരുവചനം ശ്രവിക്കുവാൻ എന്റെ ഹൃദയത്തിന്റെ ഉൾക്കണ്ണുകളെ തുറക്കണമേ. ഈ ഭൂമിയിൽ ഞാൻ പരദേശിയാണെന്ന് അങ്ങ് അറിയുന്നുവല്ലോ. ആയതിനാൽ അങ്ങയുടെ ഹിതം മനസിലാക്കുവാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ പ്രമാണങ്ങൾ എന്റെ മുന്നിൽ നിന്നു മറയ്ക്കരുതേ. അവയെ എപ്പോഴും തുറവിയുള്ള കണ്ണുകളോടെ കാണുവാനും അവയെക്കുറിച്ചുള്ള അത്ഭുതം എപ്പോഴും മനസ്സിൽ സൂക്ഷിക്കുവാനും എന്നെ സഹായിക്കണമേ.

അങ്ങയുടെ ജ്ഞാനം എന്നിലേയ്ക്ക് പകരണമേ. എന്റെ ദൈവമേ, നിന്റെ അറിവിന്റെ വെളിച്ചത്താൽ എന്റെ മനസിനെയും വിവേകത്തെയും പ്രബുദ്ധമാക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അങ്ങ് വചനത്തിലൂടെ എഴുതിവച്ച കാര്യങ്ങൾ എന്നിലേയ്ക്ക് ചൊരിയണമേ. അവയെ പാലിക്കുവാനും അനുസരിക്കുവാനുമുള്ള കൃപാവരത്തൽ എന്നെ നിറയ്ക്കുകയും ചെയ്യേണമേ. അന്ധകാരത്തെ ഇല്ലായ്മ ചെയ്യുന്ന സർവ്വപ്രകാശത്തിന്റെയും ഉറവിടമായ ദൈവമേ, ഞങ്ങൾക്കൊപ്പം ആയിരിക്കണമേ. ആമ്മേൻ.”

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.