വൈദികർക്കും സന്യസ്തർക്കും വേണ്ടിയുള്ള പ്രാർത്ഥന

ദൈവം തന്റെ ശുശ്രൂഷയ്ക്കായി പ്രത്യേകം വിളിക്കുന്നവരാണ് വൈദികരും സന്യസ്തരും. ദൈവജനത്തിന് സേവനം ചെയ്യുന്നതിനായുള്ള ദൈവത്തിന്റെ വിളി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ച് ഇറങ്ങിത്തിരിച്ച ഒരു കൂട്ടം വിശ്വാസികളുടെ കൂട്ടായ്മയാണ് ഓരോ സന്യാസ-സമൂഹവും.

ആധുനിക ലോകത്തിൽ പൗരോഹിത്യ-സന്യാസ ജീവിതങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്. ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് പ്രാർത്ഥനയുടെ ശക്തമായ പിൻബലം ഇവർക്ക് ആവശ്യമാണ്. സന്യസ്തരും വൈദികരും ആത്മീയമായി പ്രാർത്ഥനയിലാണെങ്കിലും സഭാംഗങ്ങൾ എന്ന നിലയിൽ നാം ഒരോരുത്തരും അവർക്കായി പ്രാർത്ഥിക്കേണ്ടിയിരുന്നു. വിശ്വാസികളായ നമ്മുടെ പ്രാർത്ഥന, തങ്ങളായിരിക്കുന്ന ജീവിതാവസ്ഥയിൽ ഏറ്റവും വിശുദ്ധരായി തുടരുന്നതിനും തങ്ങളുടെ വിളിയിൽ ദൈവഹിതത്തിനു യോജിച്ചവിധം നിലനിൽക്കുവാനും പ്രതിസന്ധികളെ തരണം ചെയ്യുവാനുള്ള ശക്തി വൈദികർക്കും സന്യസ്തർക്കും പ്രദാനം ചെയ്യുന്നു.

വൈദികരെയും സന്യസ്തരെയും ദൈവതിരുമുമ്പിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാവുന്ന വളരെ ലളിതവും മനോഹരവുമായ ഒരു പ്രാർത്ഥന ഇതാ:

“പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവമേ, ഞങ്ങളുടെ വൈദികരെയും സന്യസ്തരെയും അങ്ങയുടെ തിരുമുമ്പിൽ പ്രത്യേകം സമർപ്പിക്കുന്നു. കത്തോലിക്കാ സഭയിലെ സമർപ്പിതർക്കായിയുള്ള ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കേൾക്കേണമേ. ദൈവമേ, അവരെ അങ്ങ് വിളിച്ചിരിക്കുന്നത്, തിരഞ്ഞെടുത്തിരിക്കുന്നത് എന്തിനാണെന്ന് അങ്ങ് കൃത്യമായി അവർക്ക് വെളിപ്പെടുത്തി കൊടുക്കണമേ. ധൈര്യത്തോടും സ്നേഹത്തോടും അങ്ങയുടെ ഹിതത്തോടുള്ള സമ്പൂർണ്ണമായ സമർപ്പണത്തോടും കൂടെ അങ്ങയുടെ വിളിക്ക് ഉത്തരം നൽകുവാനുള്ള കൃപ അവരിലേയ്ക്ക്‌ നിരന്തരം ചൊരിയണമേ.

വൈദികരുടെയും സന്യസ്തരുടെയും സംരക്ഷകയായ മറിയമേ, അമ്മയുടെ പ്രത്യേക സംരക്ഷണത്തിന് ലോകം മുഴുവനുമുള്ള വൈദികരെയും സമർപ്പിതരെയും സമർപ്പിക്കുന്നു. ആമ്മേൻ.”