പ്രാര്‍ത്ഥനയിലെ മടുപ്പ് മാറുന്നതിനായി വിശുദ്ധ ആന്‍സെലം പഠിപ്പിക്കുന്ന പ്രാര്‍ത്ഥന 

പ്രാര്‍ത്ഥന ഒരാളുടെ ആത്മാവിന് ശക്തി പകരുന്ന ദൈവിക ഔഷധമാണ്. നമ്മുടെ ആഗ്രഹങ്ങള്‍ സഫലമാകുവാന്‍ വേണ്ടി മാത്രമല്ല നാം പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തിന്റെ ഹിതം തിരിച്ചറിയുവാനും അവിടുത്തെ പാതയില്‍ ചരിക്കുവാനും കൂടിയാണ്.

എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനാ ജീവിതം എപ്പോഴും ഒരേപോലെ നില്‍ക്കണം എന്നില്ല. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക സാധാരണയാണ്. ചിലപ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ മടുപ്പ് അനുഭവപ്പെടാം. അതിനെ പ്രാര്‍ത്ഥനയിലൂടെ തന്നെ അതിജീവിക്കുമ്പോള്‍ നാം കൂടുതല്‍ ശക്തരാകും. തന്റെ സുഹൃത്തിന്റെ  പ്രാര്‍ത്ഥനയിലെ മടുപ്പ് മാറ്റുന്നതിനായി വിശുദ്ധ ആന്‍സെലം തയ്യാറാക്കിയ ഒരു പ്രാര്‍ത്ഥന ഉണ്ട്. ഈ പ്രാര്‍ത്ഥന നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിലെ മരവിപ്പിനെ അതിജീവിക്കുവാന്‍ നമ്മെ സഹായിക്കും:

‘പ്രിയ ദൈവമേ, എന്റെ പ്രാര്‍ത്ഥനാ ജീവിതം ഇപ്പോള്‍ മരവിച്ച അവസ്ഥയിലാണ്. എന്റെ ഉള്ളില്‍ അങ്ങയുടെ സ്‌നേഹത്താല്‍ ജ്വലിക്കുന്ന അഗ്‌നി ചെറുതാകുന്നു ദൈവമേ. എങ്കിലും അനന്തകാരുണ്യവാനായ അങ്ങേയ്ക്ക് എന്നെ സഹായിക്കുവാന്‍ കഴിയുമല്ലോ. പ്രാര്‍ത്ഥനയില്‍ മരവിപ്പ് അനുഭവിക്കുന്ന എന്നെയും എന്റെ സുഹൃത്തിനെയും (സുഹൃത്തിന്റെ പേര്) ആത്മീയമായ മരവിപ്പില്‍ നിന്നും പുറത്തു കൊണ്ടുവരണമേ. അങ്ങയുടെ കരുണയാല്‍ ആത്മീയമായ ഉന്മേഷത്താല്‍ ഞങ്ങളെ നിറയ്ക്കണമേ.

ദൈവമേ മനുഷ്യസഹജമായ എല്ലാ സ്‌നേഹത്തെക്കാളും  ഉന്നതമാണല്ലോ അങ്ങയുടെ കരുണ. അതിനാല്‍ അങ്ങ് എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ. അങ്ങനെ അങ്ങുടെ ഹിതത്തിന്  അനുസൃതമായ ഒരു ജീവിതത്തിലേയ്ക്ക് ഞാന്‍/ഞങ്ങള്‍ അതിവേഗം മടങ്ങി വരട്ടെ. ഞങ്ങള്‍ ആയിരിക്കുന്നിടത്തെല്ലാം അങ്ങയുടെ നിയന്ത്രണത്തിലും സംരക്ഷണത്തിലും ആയിരിക്കട്ടെ. കാലങ്ങള്‍ക്ക് അതീതനും നിത്യനുമായ ദൈവത്തില്‍ എത്തിചേരുന്നതുവരെ അങ്ങേയ്ക്ക് ഇഷ്ടമുള്ളവരായി ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.