സാത്താന്റെ പ്രവര്‍ത്തികളെ തകര്‍ക്കാന്‍ സഹായിക്കുന്ന പ്രാര്‍ത്ഥന

എഫേസൂസുകാര്‍ക്കെഴുതിയ ലേഖനത്തില്‍ വി. പൗലോസ് ശ്ലീഹാ വ്യക്തമായി എഴുതിയിട്ടുണ്ട്: ‘എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പടവെട്ടുന്നത്’ (എഫേ. 6:12) എന്ന്.

സാത്താനും അവന്റെ ആധിപത്യവും സന്നിഹിതമാണെന്നും അത് വിശ്വാസികള്‍ക്കെതിരെ നിരന്തരം യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നതും അംഗീകരിക്കപ്പെട്ടിരിക്കുന്നതാണ്. മനുഷ്യരുടെ നിത്യമരണമാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. സാത്താന്‍ ഉണ്ടെന്നും അവനെതിരായി പോരാടേണ്ടതുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പാപ്പായും പലപ്പോഴും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. സാത്താനെതിരെയുള്ള നിരവധി പ്രാര്‍ത്ഥനകള്‍ സഭ പഠിപ്പിക്കുന്നുമുണ്ട്. അതില്‍ സാത്താന്റെ പ്രവര്‍ത്തനങ്ങളെ നശിപ്പിക്കാനുള്ള ഒരു പ്രാര്‍ത്ഥന കൂടുതല്‍ ശക്തിയുള്ളതാണ്. ആ പ്രാര്‍ത്ഥന ഇപ്രകാരമാണ്…

‘ഓ സ്വര്‍ഗ്ഗീയപിതാവേ, അങ്ങയുടെ പ്രിയപുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെയും നാമത്തില്‍, അങ്ങയുടെ വലിയ ശത്രുവായ സാത്താനെയും അവന്റെ കോട്ടകളെയും തകര്‍ക്കണമെന്ന് ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു. അവയെ നരകാഗ്നിയിലേയ്ക്ക് തള്ളി, അഴിക്കാനാവാത്ത ചങ്ങലയാല്‍ എന്നന്നേയ്ക്കുമായി ബന്ധിക്കണമേ. അങ്ങയുടെ നാമവും അങ്ങയുടെ രാജ്യവും സ്തുതിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യട്ടെ.

ഈശോയുടെ തിരുഹൃദയവും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവും ഞങ്ങളുടെ ഇടയില്‍ ഭരണം നടത്തട്ടെ. ഓരോ ശ്വാസത്തിലും അങ്ങയുടെ നാമം ഏറ്റുപറഞ്ഞ്, അങ്ങേയ്ക്ക് നന്ദിയും സ്തുതിയും അര്‍പ്പിച്ചുകൊണ്ട് ദൈവമേ, അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.’

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.