വിശുദ്ധ കുർബാന സ്വീകരിച്ച ശേഷമുള്ള പ്രാർത്ഥന: വി. ഫിലിപ്പ് നേരിയുടെ ജീവിതത്തിൽ നിന്ന് ഒരു സംഭവം

    വിശുദ്ധ കുര്‍ബാന സ്വീകരിച്ചതിനു ശേഷം പതിനഞ്ച് മിനിറ്റെങ്കിലും നാം മൗനമായി പ്രാര്‍ത്ഥിക്കണമെന്നാണ് പല വിശുദ്ധരും അഭിപ്രായപ്പെടുന്നത്. അതിന് കാരണമായി വിശുദ്ധർ ചൂണ്ടിക്കാട്ടുന്നത് ദിവ്യകാരുണ്യ സ്വീകരണത്തിനു ശേഷമുള്ള പതിനഞ്ച് മിനിറ്റ് ഈശോ സജീവമായി നമ്മുടെയുള്ളില്‍ ഉണ്ട് എന്നതാണ്. ഈ സമയമാണ് ഈശോയുമായി സംസാരിക്കുവാനും അവിടുത്തോട്ടു നമ്മുടെ ആഗ്രഹങ്ങൾ പറയുവാനും വിശുദ്ധിയിൽ ജീവിക്കാന്‍ വേണ്ട അനുഗ്രഹം യാചിക്കുന്നതിനുമുള്ള ഉചിതമായ സമയം.

    വി. ഫിലിപ്പ് നേരിയുടെ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ഒരിക്കല്‍ വിശുദ്ധന്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ടിരിക്കവെ ദിവ്യകാരുണ്യം സ്വീകരിച്ചതിനു ശേഷം ഒരു വ്യക്തി കുര്‍ബാന പൂര്‍ത്തിയാക്കുന്നതിനു മുന്നേ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി. ഇതുകണ്ട ഫിലിപ്പ് നേരി, രണ്ട് അള്‍ത്താരബാലകരെ  കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി അയാള്‍ക്കൊപ്പം പറഞ്ഞുവിട്ടു. കുറെ ദൂരം ചെന്നതിനു ശേഷമാണ് അയാള്‍, കത്തിച്ച തിരികളുമായി തന്നെ അനുഗമിക്കുന്ന അള്‍ത്താരബാലകരെ കണ്ടത്. തനിക്ക് പിന്നാലെ ഇത്രയും ദൂരം കത്തിച്ച മെഴുകുതിരികളുമായി ആ കുട്ടികള്‍ അനുഗമിച്ചതിന്റെ അര്‍ത്ഥം അയാള്‍ക്ക് മനസിലായില്ല. കുട്ടികള്‍ അദ്ദേഹത്തോട് അതൊട്ടു പറഞ്ഞതുമില്ല.

    അതുകൊണ്ട് അയാള്‍ തിരികെ വിശുദ്ധന്റെ അടുക്കലെത്തി. എന്തിനാണ് കുട്ടികൾ തിരികളുമായി തന്റെ പിന്നാലെ വന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു “നമ്മുടെ കര്‍ത്താവിന് കൃത്യമായ ആദരവ് കൊടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം, നിങ്ങളുടെയുള്ളില്‍ ഇപ്പോള്‍ യേശുക്രിസ്തുവുണ്ട്. നിങ്ങള്‍ പോകുന്ന വഴിക്ക് എവിടെയെങ്കിലും വച്ച് കര്‍ത്താവിന് വിരുദ്ധമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നത് കണ്ടാല്‍ അതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് മെഴുകുതിരികളുമായി കുട്ടികളെ പിന്നാലെ അയച്ചത്.”

    വിശുദ്ധന്റെ ഈ വാക്കുകള്‍ ദിവ്യകാരുണ്യത്തിലെ ഈശോയുടെ സാന്നിധ്യത്തെക്കുറിച്ച് ആ വ്യക്തിയെ കൂടുതല്‍ ജാഗ്രതയുള്ളവനാക്കി. അന്നുമുതൽ അയാൾ വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുക്കുവാൻ തുടങ്ങി.

    വി. ഫിലിപ്പ് നേരിയുടെ വാക്കുകൾ വിശുദ്ധ കുർബാന ഏറെ ആദരവോടെ സ്വീകരിക്കുവാനും അർപ്പിക്കുവാനും നമ്മെ പ്രേരിപ്പിക്കട്ടെ.