ഒന്നിച്ചുള്ള പ്രാര്‍ത്ഥനയാണോ സമൂഹമായുള്ള പ്രാര്‍ത്ഥനയാണോ കൂടുതല്‍ ഉത്തമം

ഭൂമിയില്‍ ദൈവഹിതം നിറവേറുവാന്‍ ഇടയാകേണ്ടതിന് ദൈവത്തോടു നാം സഹകരിക്കുകയാണ് പ്രാര്‍ത്ഥന കൊണ്ട് സാധ്യമാകേണ്ടത്. നമ്മുടെ ഇഷ്ടത്തിന് കാര്യങ്ങള്‍ സാധിക്കുവാനുള്ള മാര്‍ഗ്ഗമല്ല പ്രാര്‍ത്ഥന എന്നത് മറക്കരുത്. നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ണ്ണമായി അവനില്‍ സമര്‍പ്പിച്ച്, പ്രാര്‍ത്ഥിക്കുന്നതിനു മുമ്പു തന്നെ നമ്മുടെ കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന, നമ്മെക്കാള്‍ നമ്മെ അടുത്തറിയാവുന്ന അവന്റെ ഹിതം നമ്മില്‍ നിറവേറുവാന്‍ നാം പ്രാര്‍ത്ഥിക്കുമ്പോഴാണ് വാസ്തവത്തില്‍ നമ്മുടെ പ്രാര്‍ത്ഥന അതിന്റെ ഉന്നതിയില്‍ എത്തുന്നത്. അങ്ങനെ ദൈവഹിതത്തിലുള്ള പ്രാര്‍ത്ഥനയ്ക്ക് എപ്പോഴും ഉത്തരം ലഭിക്കുക തന്നെ ചെയ്യും. അത് തനിയെ പ്രാര്‍ത്ഥിച്ചാലും ആയിരം പേര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചാലും ഒരുപോലെയാണ്.

വി. മത്തായിയുടെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ, തീര്‍ച്ചയായും രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവരുടെ മദ്ധ്യേ ദൈവമുണ്ട്. എന്നാല്‍, ഒരു വ്യക്തി ഏകനായി പ്രാര്‍ത്ഥിച്ചാലും ആ വ്യക്തി ആയിരക്കണക്കിന് മൈല്‍ അകലെയാണെങ്കിലും ആ സമയം ദൈവം ആ വ്യക്തിയോട് കൂട തന്നെയുണ്ട്. എന്നാല്‍ കൂട്ടായുള്ള പ്രാര്‍ത്ഥന വളരെ പ്രധാനമാണ്. അങ്ങനെയുള്ള പ്രാര്‍ത്ഥന കൊണ്ട് നമ്മുടെ ഐക്യവും പരസ്പര സ്‌നേഹവും വര്‍ദ്ധിക്കുന്നു, വിശ്വാസികള്‍ ഉത്സാഹിപ്പിക്കപ്പെടുന്നു, സ്‌നേഹിക്കുവാനും സത്കര്‍മ്മങ്ങള്‍ ചെയ്യുവാനും പ്രേരിപ്പിക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രം.