എന്താണ് പ്രായശ്ചിത്ത പ്രാര്‍ത്ഥന?

ആദത്തിന്റെയും ഹവ്വയുടെയും കാലം തൊട്ടേ മനുഷ്യന്‍ ചെയ്തുവരുന്ന ഒന്നാണ് മറ്റുള്ളവരോട് ചെയ്തുപോയ പാപങ്ങള്‍ക്ക്, തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്യുക എന്നത്. എന്നാല്‍, കര്‍ത്താവായ ഈശോയാണ് കാല്‍വരിയില്‍ യഥാര്‍ത്ഥത്തിലുള്ള പ്രായശ്ചിത്തം അനുഷ്ഠിച്ചത്. അതാകട്ടെ സകലജനതയ്ക്കും വേണ്ടിയും. എങ്കിലും നാം ചെയ്ത തെറ്റുകള്‍ക്ക് പരിഹാരം ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്.

കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇക്കാര്യം പഠിപ്പിക്കുന്നുമുണ്ട്. കുമ്പസാരത്തിലൂടെ പാപമോചനം നേടിയാലും വീണ്ടും മറ്റുള്ളവരോട് ചെയ്ത തെറ്റുകള്‍ക്ക് പരിഹാരം ചെയ്യാന്‍ നാം ബാധ്യസ്ഥരാണെന്നാണ് അത്. കാരണം, എങ്കില്‍ മാത്രമേ നീതി പൂര്‍ണ്ണമാവുകയുള്ളൂ. ഭൗതികമായ പരിഹാരം ചെയ്യല്‍ മാത്രമല്ല ഇതിലൂടെ അര്‍ത്ഥമാക്കുന്നത് മറിച്ച്, അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതും പ്രായശ്ചിത്തത്തിന്റെ ഭാഗമാണ്. ഇതിനെയാണ് പ്രായശ്ചിത്ത പ്രാര്‍ത്ഥന എന്ന് പറയുന്നത്.

അലകോക്കിലെ വി. മര്‍ഗരീത്ത മറിയത്തിന് ഒരിക്കല്‍ ഈശോ പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞത്, തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയിലൂടെ ആത്മാക്കളെ നേടാനാണ്. മാത്രമല്ല, നമ്മുടെ തെറ്റുകള്‍ തിരിച്ചറിയാനും സ്‌നേഹത്തിലൂടെ അവ തിരുത്താനും മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിലൂടെ സാധിക്കും. ദൈവവുമായി രമ്യതയിലാവാനും ദൈവസ്‌നേഹം പ്രഘോഷിക്കാനും ഇതിലും മികച്ച മാര്‍ഗ്ഗവുമില്ല. സ്വന്തം പാപങ്ങളുടെ മേലും ലോകത്തിന്റെ മുഴുവന്‍ പാപങ്ങളുടെ മേലും ഇതുവഴിയായി ദൈവകരുണ ചൊരിയപ്പെടാന്‍ നാം നിമിത്തമാവുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.