ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഈ വാക്കുകളോട് ചേര്‍ന്ന് സ്വര്‍ഗരാജ്ഞിയായ മറിയത്തോട് പ്രാര്‍ത്ഥിക്കാം

സ്വര്‍ഗ്ഗരാജ്ഞിയായ മറിയത്തെക്കുറിച്ച് 2012-ല്‍ പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്‍ സന്ദേശം നല്‍കുകയുണ്ടായി. ‘വിശ്വാസത്തിന്റെ പദവി’ എന്നാണ് മറിയത്തിന്റെ സ്വര്‍ഗരാജ്ഞി പദത്തെക്കുറിച്ച് പാപ്പാ അന്ന് പറഞ്ഞത്. അതിന് അദ്ദേഹം നല്‍കുന്ന വിശദീകരണം ഇങ്ങനെ…

രാജാവായിരുന്നെങ്കിലും ദാസന്മാരില്‍ ദാസനായും അനേകരുടെ ശുശ്രൂഷകനായുമാണ് യേശുക്രിസ്തു ഭൂമിയില്‍ ജീവിച്ചത്. അതുപോലെ തന്നെയാണ് പരിശുദ്ധ മറിയവും. സ്വര്‍ഗ്ഗരാജ്ഞി എങ്കിലും ദൈവത്തിനു വേണ്ടി മനുഷ്യരുടെ ഇടയില്‍ സേവനം ചെയ്യുന്നവള്‍. മനുഷ്യരുടെ വിമോചനത്തിനായി സ്വയം ദൈവത്തിന് സമര്‍പ്പിച്ച് ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിച്ചവള്‍. അമ്മയായും സഹോദരിയായും ദാസിയായുമെല്ലാം പരിശുദ്ധ മറിയം ഇന്നും നമുക്കായി സന്നിഹിതയാവുന്നു.

മറിയം എങ്ങനെയാണ് ഈ സ്വര്‍ഗ്ഗരാജ്ഞി പദം സ്വന്തമാക്കിയത്? പ്രാര്‍ത്ഥനയിലൂടെയും കൃതജ്ഞതാ പ്രകാശനത്തിലൂടെയും സ്വയം സമര്‍പ്പണത്തിലൂടെയും തന്നില്‍ ശരണം പ്രാപിക്കുന്നവരെ ദൈവത്തിലേയ്ക്ക് അടുപ്പിച്ചുകൊണ്ട്. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള, ഈശോയിലേയ്ക്കുള്ള വാതിലായ പരിശുദ്ധ മറിയത്തിന്റെ കൈകളിലേയ്ക്ക് നമുക്ക് നമ്മെത്തന്നെ സമര്‍പ്പിക്കാം… നമ്മുടെ ദു:ഖങ്ങളെ സമര്‍പ്പിക്കാം..

വിശ്വാസം, സന്തോഷം, സ്‌നേഹം ഇവ മൂന്നും സമ്മേളിക്കുന്ന, അല്ലെങ്കില്‍ പ്രതീക്ഷപ്പെടുന്ന പദവിയാണ് രാജാവ് അല്ലെങ്കില്‍ രാജ്ഞി. അതുകൊണ്ടു തന്നെ ഈ ലോകജീവിതത്തിലും മരണാനന്തര ജീവിതത്തിലും ആവശ്യമായ അനുഗ്രഹങ്ങള്‍ ഈശോയില്‍ നിന്ന് ലഭിക്കാന്‍ പരിശുദ്ധ മറിയത്തോട് തന്നെ നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം.