സമാധാനം സ്വീകരിക്കാം, മറിയത്തിന്റെ വിമല ഹൃദയത്തില്‍ നിന്ന്

സമാധാനം എന്നത് ദൈവത്തില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക വരമാണ്. അത് കണ്ടെത്താന്‍ കഴിയുന്നതോ ദൈവത്തില്‍ നിന്നുള്ള കൃപ സ്വീകരിച്ചവര്‍ക്കും. സമാധാനമില്ലാത്ത അവസ്ഥ പല ആളുകളുടെയും പ്രശ്‌നമാണ്. ജീവിതത്തിലെ ഓരോരോ പ്രശ്‌നങ്ങളാണ് സമാധാനത്തെ ഹൃദയത്തില്‍ നിന്ന് എടുത്ത് മാറ്റുന്നത്.

ഇത്തരം വിഷമസന്ധികളില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ മാധ്യസ്ഥയാണ് പരിശുദ്ധ മറിയം. മറിയത്തിന്റെ വിമലഹൃദയത്തില്‍ നാം ആശ്വാസം കണ്ടെത്തുകയും മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ സമാധാനം നിറയും. കാരണം മറിയത്തെ നാം വിശേഷിപ്പിക്കുന്നത് സമാധാനരാജ്ഞിയായിട്ടാണല്ലോ.

കുടുംബങ്ങളില്‍ മാത്രമല്ല ലോകത്തില്‍തന്നെയും സമാധാനം സൃഷ്ടിക്കാന്‍ മറിയത്തിന് സാധിക്കുന്നു എന്നതിന് സഭയുടെ ചരിത്രത്തില്‍ തന്നെ തെളിവുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോപ്പ് പിയൂസ് പന്ത്രണ്ടാമന്‍ ലോകം മുഴുവനെയും മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചിട്ടുണ്ട്. 1942 ഒക്ടോബര്‍ 31 ന് ആയിരുന്നു പിയൂസ് പന്ത്രണ്ടാമന്‍ ലോകത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്.

ലോകത്തിലും കുടുംബത്തിലും സമാധാനം പുലര്‍ന്നാല്‍ മാത്രമേ നമ്മുടെ ജീവിതങ്ങളിലും സമാധാനവും സന്തോഷവും നിറയുകയുള്ളൂ. അതുകൊണ്ട് മാതാവിന്റെ വിമലഹൃദയത്തിന് സ്വയം സമര്‍പ്പിതരായി നമുക്ക് നമ്മുടെ ജീവിതങ്ങളെ മാതാവിന്റെ കരങ്ങളിലേക്ക് വച്ചുകൊടുക്കാം. ഈ പ്രാര്‍ത്ഥന അതിന് സഹായിക്കും.

ഓ കാരുണ്യത്തിന്റെ അമ്മേ, ദൈവത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സമാധാനം വാങ്ങിത്തരണമേ. മനുഷ്യഹൃദയങ്ങളെ മാനസാന്തരപ്പെടുത്താനുള്ള പ്രത്യേക കൃപ നല്കിയാലും. ലോകത്ത് സമാധാനം നിലനിര്‍ത്തണമേ. സമാധാനരാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.