ശാന്തമായി ഉറങ്ങണോ..? ഈ സങ്കീര്‍ത്തനം ധ്യാനിക്കാം 

    ചെയ്യാനുള്ള കാര്യങ്ങളും ആവലാതികളും പ്രശ്നങ്ങളുമെല്ലാം നമ്മുടെ ഓര്‍മ്മയില്‍ നിറയുന്ന, സ്വസ്ഥത കെടുത്തുന്ന ഒരു സമയമാണ് ഉറങ്ങുന്നതിനു മുമ്പുള്ള സമയം. ഇത്തരം ആകുലതകള്‍ പലപ്പോഴും നമ്മുടെ ഉറക്കത്തെ കെടുത്തുക മാത്രമല്ല അമിതമായ ആശങ്ക നമ്മില്‍ ഉണ്ടാകുന്നതിനും കാരണമാകും.

    പലരുടെയും ജീവിതം ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഇത്തരമൊരു സാഹചര്യത്തെ നേരിടുമ്പോൾ സമാധാനത്തിന്റെ ദാതാവായ ദൈവത്തിന് നമ്മെ പൂര്‍ണ്ണമായി വിട്ടുകൊടുക്കുവാന്‍ നമുക്ക് കഴിഞ്ഞാല്‍ ആന്തരികമായ സമാധാനം വീണ്ടെടുക്കുവാന്‍ കഴിയും. ആകുലതായാല്‍ നിറഞ്ഞിരിക്കുന്ന ഒരു മനസിന്‌ ചിലപ്പോള്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന് അറിയാതെ വരും. ഇത്തരം സാഹചര്യങ്ങളില്‍ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കാവുന്ന ഒരു സങ്കീര്‍ത്തനഭാഗം ഇതാ:

    സങ്കീര്‍ത്തനം 4: ദൈവത്തില്‍ ആനന്ദവും സുരക്ഷിതത്വവും

    1. എനിക്ക് നീതി നടത്തിത്തരുന്ന ദൈവമേ, ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ എനിക്ക് ഉത്തരമരുളണമേ! ഞെരുക്കത്തില്‍ എനിക്ക് അങ്ങ് അഭയമരുളി കാരുണ്യപൂര്‍വം എന്റെ പ്രാര്‍ഥന കേള്‍ക്കണമേ!

    2. മാനവരേ, എത്രനാള്‍ നിങ്ങള്‍ എന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കും? എത്രനാള്‍ നിങ്ങള്‍ പൊള്ളവാക്കുകളില്‍ രസിച്ച് വ്യാജം അന്വേഷിക്കും?

    3. കര്‍ത്താവ് നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന്  അറിഞ്ഞുകൊള്ളുവിന്‍; ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ അവിടുന്ന് കേള്‍ക്കുന്നു.

    4. കോപിച്ചു കൊള്ളുക, എന്നാല്‍ പാപം ചെയ്യരുത്; നിങ്ങള്‍ കിടക്കയില്‍ ധ്യാനിച്ച് മൗനമായിരിപ്പിന്‍.

    5. ഉചിതമായ ബലികള്‍ അര്‍പ്പിക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുവിന്‍.

    6. ആര് നമുക്ക് നന്മ ചെയ്യും? കര്‍ത്താവേ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ എന്ന് പലരും പറയാറുണ്ട്.

    7. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയില്‍ അവര്‍ക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തില്‍ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു.

    8. ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങ് തന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്‍കുന്നത്.

    ദൈവത്തിന് നദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ വചനം നമ്മെ ദൈവത്തില്‍ ആശ്രയം വയ്ക്കുന്നതിലും സംരക്ഷണം നല്‍കുന്ന ദൈവത്തിന്റെ കരങ്ങളില്‍ സുഖമായി ശാന്തമായി ഉറങ്ങുന്നതിനും നമ്മെ സഹായിക്കും.