പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ വിശുദ്ധ ഗീവര്‍ഗ്ഗീസിനോടുള്ള ശക്തമായ പ്രാർത്ഥന

മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ സൈനികനായിരുന്നു വിശുദ്ധ ഗീവര്‍ഗ്ഗീസ്. തന്റെ ജീവിതത്തിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ഇന്ന് ലോകം മുഴുവനും വണങ്ങപ്പെടുന്നത്. ഗ്രാമവാസികളുടെ സമാധാനപൂര്‍ണ്ണമായ ജീവിതത്തിനുവേണ്ടി കുതിരപ്പുറത്ത് എത്തി ഉഗ്രസർപ്പത്തിന്റെ തല പിളർന്നെന്നതാണ് ചരിത്രം.

ഇതിലെ സർപ്പത്തെ പിശാചിനോടും അവന്റെ പ്രലോഭനങ്ങളോടുമാണ് ഉപമിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ തിന്മയുടെ ശക്തികൾക്ക്, പ്രത്യേകിച്ച് പ്രലോഭനങ്ങൾക്കെതിരെയുള്ള പോരാളിയായാണ് വിശുദ്ധ ഗീവര്‍ഗ്ഗീസ് സഭയിൽ ആദരിക്കപ്പെടുന്നത്. ഇക്കാരണത്താൽ ആത്മീയ യുദ്ധത്തിൽ സഹായം നൽകണമേയെന്ന് വിശുദ്ധ ഗീവര്‍ഗ്ഗീസിനോട് നമുക്ക് പ്രാർത്ഥിക്കാം.

“ദൈവത്തിന്റെ വിശ്വസ്തദാസനും രക്തസാക്ഷിയുമായ വിശുദ്ധ ഗീവര്‍ഗ്ഗീസേ, യേശുവിനോടുള്ള സ്നേഹത്തിലും വിശ്വാസതീക്ഷ്ണതയിലും ജ്വലിച്ച് തിന്മയുടെ, അന്ധകാരത്തിന്റെ, പ്രലോഭനത്തിന്റെ ശക്തിയോട് അങ്ങ് പോരാടിയല്ലോ. വേദനയോ പീഡനമോ വാളോ മരണമോ യേശുവിനോടുള്ള സ്നേഹത്തിൽ നിന്ന് അങ്ങയെ പിന്തിരിപ്പിച്ചില്ല. എന്നെ നിരന്തരം വലയം ചെയ്യുന്ന പ്രലോഭനങ്ങളിൽ നിന്നും മോചനം നേടാൻ അങ്ങ് എന്നെ സഹായിക്കണമേ. സധൈര്യം അവയെ നേരിട്ടുകൊണ്ട് എന്നെ ഭരമേൽപ്പിച്ചിരിക്കുന്ന കുരിശുകളെ ക്ഷമയോടെ ചുമന്നുകൊണ്ട് ഈശോയെ അനുഗമിക്കാൻ എന്നെയും പ്രാപ്തയാക്കണമെ. ധീരനായ പോരാളീ, തിന്മയ്ക്കെതിരെയുള്ള പോരാട്ടത്തിൽ എനിക്ക് മാർഗ്ഗദീപമാകണമേ. ഒടുവിൽ ജീവന്റെ കിരീടം സ്വന്തമാക്കാനും എനിക്ക് സാധിക്കുമാറാകട്ടെ. ആമ്മേൻ.”