ദൈവത്തെ കൂടുതൽ സ്നേഹിക്കുവാൻ ആഗ്രഹിക്കുന്നുവോ..? എങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു പ്രാർത്ഥന ഇതാ 

  ദൈവത്തിന് നമ്മോടുള്ള സ്നേഹം അനന്തമാണ്. അതിനുള്ള തെളിവാണ്, ക്രൂരമായ പീഡനങ്ങൾ സഹിച്ച് ദൈവപുത്രനായ ഈശോയുടെ കുരിശുമരണം. തന്റെ പുത്രനെ ബലി നൽകുവാൻ തക്കവിധം അവിടുന്ന് നമ്മെ അത്രത്തോളം സ്നേഹിച്ചു. കുരിശിലെ ഈശോയുടെ സ്നേഹത്തോളം വരില്ല ഈ ലോകം നൽകുന്ന ഒരു സ്നേഹവും. കാരണം, ജീവൻ നൽകി സ്നേഹിച്ചവൻ അവിടുന്ന് മാത്രമാണ്.

  ഈശോ നൽകുന്ന സ്നേഹം എത്രത്തോളം നാം തിരികെ നൽകിയിട്ടുണ്ട്..? നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യമാണ് ഇത്. ചില ആളുകളെ കണ്ടിട്ടുണ്ട്. ഈശോയെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാനുള്ള തീക്ഷ്ണത ഉള്ളിൽ പേറി നടക്കുന്നവർ. അവരെ ശയിക്കുവാനായി ഒരു ചെറിയ പ്രാർത്ഥന ചുവടെ ചേർക്കുകയാണ്. ഈശോയോടുള്ള സ്നേഹത്തിൽ വളരുവാൻ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ജോൺ ഹെൻട്രി ന്യൂമാൻ പഠിപ്പിക്കുന്ന പ്രാർത്ഥനയാണ്. ഈ പ്രാർത്ഥനയിലൂടെ അനുദിനം കടന്നു പോയി ദൈവത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാം

  “എന്റെ കർത്താവേ, അങ്ങയിൽ ഞാൻ വിശ്വസിക്കുന്നു. അങ്ങാണ് പരമകാരുണികനായ ദൈവം എന്ന് ഞാൻ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു. അങ്ങയുടെ സൃഷ്ടിയാണെങ്കിലും അവിടുത്തെ സ്വർഗ്ഗീയ മനോഹാരിതയുമായി  താരതമ്യം ചെയ്യുമ്പോൾ ഞാൻ നിസാരനാണെന്ന് ഏറ്റുപറയുന്നു. അങ്ങയുടെ സ്വർഗ്ഗീയ മനോഹാരിതയിൽ എന്നെ ആകർഷിക്കണമേ. അങ്ങനെ ഞാൻ അങ്ങയെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാൻ ഇടയാകട്ടെ. അങ്ങയെ സ്നേഹിക്കുവാനുള്ള തീവ്രമായ ആഗ്രഹം എന്നിൽ ഉണർത്തണമേ.

  ദൈവമേ, ഞാൻ എത്രത്തോളം കുറവായാണ് നിന്നെ സ്നേഹിക്കുന്നത് എന്ന് നീ അറിയുന്നുവല്ലോ. അങ്ങയുടെ പ്രത്യേക കൃപാവരം ഇല്ലാതെ അങ്ങയെ സ്നേഹിക്കുവാൻ കഴിയുകയില്ല എന്ന് ഞാൻ തിരിച്ചറിയുന്നു. ദൈവമേ, എന്നെ പൂർണ്ണമായും അങ്ങയിൽ ഉറപ്പിക്കണമേ. അങ്ങയെ കാണുന്നതിനുള്ള അനുഗ്രഹം നഷ്ടപ്പെടാതെ സൂക്ഷിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ. അങ്ങനെ അങ്ങയെ കൂടുതൽ സ്നേഹിക്കുവാൻ സ്നേഹിക്കുവാൻ ഇടയാകട്ടെ. ആമ്മേൻ.”

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

  അഭിപ്രായങ്ങൾ