വിന്‍സെന്‍റ് ലാംബേര്‍ട്ടിനു വേണ്ടി കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് പാരീസ് ആർച്ച്ബിഷപ്പ് 

പത്ത് വർഷത്തോളമായി മരണം കാത്തുകഴിയുന്ന വിന്‍സെന്‍റ് ലാംബേര്‍ട്ടിനു വേണ്ടി കുർബാന അർപ്പിച്ചു പ്രാർത്ഥിക്കുവാൻ വൈദികരോട് ആഹ്വാനം ചെയ്തുകൊണ്ട് പാരീസ് ആർച്ച്ബിഷപ്പ് മൈക്കൽ ഓപെറ്റിറ്റ്. കോടതി ഉത്തരവ് പ്രകാരം ഭക്ഷണവും വെള്ളവും നൽകുന്നത് ഡോക്ടർമാർ പിൻവലിച്ച സാഹചര്യത്തിലാണ് വിന്സെന്റിനു വേണ്ടി പ്രാർത്ഥിക്കുവാൻ ബിഷപ്പ് ആവശ്യപ്പെട്ടത്.

വിന്സെന്റിന് നമ്മുടെ കരുണയും പ്രാർത്ഥനയും ആവശ്യമുള്ള സമയമാണ്. അദ്ദേഹത്തെ പൂർണ്ണമായും ദൈവത്തിന് സമർപ്പിച്ചുകൊണ്ട് ദിവ്യബലിയിൽ പ്രാർത്ഥിക്കുക – ബിഷപ്പ് വൈദികരോട് ആവശ്യപ്പെട്ടു. 2008-ൽ അപകടം സംഭവിച്ചതിനെത്തുടർന്ന് ജീവൻരക്ഷാ ഉപാധികളുടെ സഹായത്തോടുകൂടിയാണ് അദ്ദേഹം ജീവൻ നിലനിർത്തിയിരുന്നത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ നിലയിൽ യാതൊരു മാറ്റവും ഉണ്ടാകാഞ്ഞതിനെ തുടർന്ന് ഭാര്യയും മറ്റും ദയാവധത്തിന് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, മാതാപിതാക്കൾ വിൻസെന്റിനെ മരണത്തിനു വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു. മകന് ഭക്ഷണവും മരുന്നും നൽകണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഞായറാഴ്ച മുതലാണ് അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നൽകിവന്നിരുന്ന ട്യൂബ് നീക്കം ചെയ്തത്. ഫ്രാൻസിസ് പാപ്പായും ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.