കുമ്പസാരത്തിന് നന്നായി ഒരുങ്ങുവാന്‍ വിശുദ്ധ യൗസേപ്പിതാവിനോട് മാദ്ധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന

    നന്നായി ഒരുങ്ങിയാണ് നാം കുമ്പസാരത്തിനായി എത്തുന്നത്. എന്നാൽ ചില
    സമയങ്ങളിൽ കുമ്പസാരത്തിനണയുന്നത് അൽപം ഭയത്തോടെയാണ് – പ്രത്യേകിച്ച് ദീർഘനാളായി കുമ്പസാരിച്ചിട്ടെങ്കിൽ. നാമെല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണിത്. എന്നാൽ ഈ പ്രതിസന്ധിയിൽ നാം ഒറ്റയ്ക്കല്ല. ദൈവവും സകല വിശുദ്ധരും നമുക്കൊപ്പമുണ്ട്.

    അനുതപിക്കുന്ന പാപിയെ ദൈവത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ വിശുദ്ധർ ശക്തമായ മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ട്. കുമ്പസാരത്തിനണയുന്ന ഓരോ വ്യക്തിക്കും ദൈവത്തിന്റെ കരുണയെ ആശ്ലേഷിക്കുവാൻ കഴിയുന്നതിനായി വി. യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥ്യം യാചിച്ചു കൊണ്ടുള്ള ഒരു പ്രാർത്ഥന ഇതാ. ഈ പ്രാർത്ഥന ചൊല്ലി കുമ്പസാരത്തിനൊരുങ്ങാം…

    “എന്റെ സ്നേഹനിധിയായ ഈശോയെ, എന്റെ ആത്മാവിന്റെ രക്ഷയെ പ്രതീക്ഷിച്ച് അനുതാപത്തോടെയുള്ള എന്റെ ഈ കുമ്പസാരത്തെ അങ്ങ് സ്വീകരിക്കേണമേ. അങ്ങയെ പ്രതി പാപത്തിന്റെ ബന്ധനങ്ങളിൽ നിന്ന് അകന്നിരിക്കുവാനുള്ള വലിയ കൃപ എനിക്ക് നൽകണമേ. അങ്ങനെ ഞാൻ രാപ്പകൽ എന്റെ പാപങ്ങളെയോർത്ത് പശ്ചാത്തപിക്കട്ടെ.

    ലോകത്തിന്റെ രക്ഷകനായ ഈശോയെ, പാപികൾക്കായി, കുരിശില്‍ പീഡകൾ സഹിച്ചു മരിച്ച ഈശോയെ, കരുണയോടെ എന്നെ കടാക്ഷിക്കണമേ. എന്നിലേയ്ക്ക് വിശുദ്ധി പകരുകയും പാപങ്ങളെ തിരിച്ചറിഞ്ഞ് ഏറ്റുപറയുവാൻ എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ. ഈശോയുടെ പരിപാലകനായ വി. യൗസേപ്പിതാവേ, ദൈവപുത്രനായ ഈശോയെ ദൈവഹിതത്തിനൊത്തവിധം ജ്ഞാനത്തിലും പ്രായത്തിലും വളർത്തിയതുപോലെ എന്നേയും വിശുദ്ധിയിൽ വളരുവാൻ അനുദിനം സഹായിക്കണമേ.

    വി. യൗസേപ്പിതാവേ, പാപസാഹചര്യങ്ങളിൽ നിന്ന് ഓടിയകലുവാനും നിന്മ നിറഞ്ഞ സാഹചര്യങ്ങളിലേയ്ക്ക് ഓടിയടുക്കുവാനുമുള്ള വിവേകം എനിക്ക് ഈശോയിൽ നിന്ന് വാങ്ങിത്തരണമേ. ഇന്ന് ഞാൻ ഒരു കുമ്പസാരത്തിനായി ഒരുങ്ങുമ്പോൾ ഏറ്റവും പശ്ചാത്താപത്തോടെ ഒരുങ്ങി പാപങ്ങൾ ഏറ്റുപറയുവാനും അങ്ങനെ ഈശോയുടെ പ്രിയപ്പെട്ട മകനായി/ മകളായി മാറുവാനും എനിക്കായി മാദ്ധ്യസ്ഥ്യം വഹിക്കേണമേ.

    പരിശുദ്ധ അമ്മേ, അമലോത്ഭവ മാതാവേ, അനുതാപത്തോടെ പാപങ്ങൾ ഏറ്റുപറയുവാനും പിന്നീട് അവ ആവർത്തിക്കാതിരിക്കുവാനുമുള്ള കൃപ ഈശോയിൽ നിന്ന് എനിക്ക് വാങ്ങിത്തരേണമേ. ആമ്മേൻ.”