പാഠം 9: വിശുദ്ധ കുര്‍ബാനയിലെ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ

വി.കുർബാന – ദൈവവും ഞാനും സമാഗമിക്കുന്ന ആത്മീയാനുഭവമാണ്. ഞാനും ക്രിസ്തുവും ഒന്നായി പുതിയ ആകാശവും പുതിയ ഭൂമിയും തീര്‍ക്കുന്ന ആത്മീയനിമിഷം. ഈ അത്ഭുതനിമിഷത്തിനായി ഇന്നും അവന്‍ കാത്തിരിക്കുകയാണ്‌… നഷ്ട്ടപ്പെട്ട എന്നെ… വീടു വിട്ടുപോയ എന്നെ… തള്ളിപ്പറയാന്‍ തയ്യാറാകുന്ന എന്നെ… ഒറ്റിക്കൊടുക്കാന്‍ തുട്ടുകള്‍ കൂട്ടിയ എന്നെ… ജീവിതം മുഴുവന്‍ സ്നേഹം എന്ന ഒറ്റവാക്കിലൂടെ ക്രിസ്തു എനിക്കായി അവതരിച്ചിട്ടും, ഞാന്‍ മറന്നുപോകുന്നു… അവന്റെ കാത്തിരിപ്പിനെ.

നമുക്ക് പഠിക്കാം: ഓരോ വിശുദ്ധ കുർബാനയിലും പ്രാതലൊരുക്കി ഈശോ എന്നെയും കാത്തിരിക്കുന്നു.

മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന് ഒരു സ്ത്രീയില്‍ ഒതുങ്ങി, പിന്നെ അവിടുന്ന് പാപികള്‍ക്കിടയില്‍  ഒതുങ്ങി, ഒടുവില്‍ ഒരു കല്ലറയിലും… പിന്നെ ഇന്നവന്‍ നമുക്കിടയില്‍ ഒതുങ്ങിയിരിക്കുന്നു, ഒരു കുഞ്ഞപ്പത്തോളം ചെറുതായി… ആരെയും ഒതുക്കാതെ സ്വയം ഒതുങ്ങാനുള്ള ക്ഷണമാണിത്.

നമുക്ക് പഠിക്കാം: വിശുദ്ധ കുർബാന ഒരപ്പത്തോളം ഒതുങ്ങുന്ന ദൈവത്തിന്റെ വലിയ സ്നേഹത്തിന്റെ വിരുന്നാണ്.

തീക്കനലില്‍ എരിയുന്ന ജീവിതം പേറുന്ന നമുക്കൊക്കെ വിശുദ്ധ കുർബാന ഒരു ആശ്വാസമാണ്. എന്‍റെ മനസ്സില്‍ ഒരുകടലിരമ്പുമ്പോള്‍ ഈ അപ്പം ആശ്രയമാണ്. അനുഭവങ്ങളുടെ മൂര്‍ച്ചവാളുകള്‍ ചങ്ക് തുളയ്ക്കുമ്പോള്‍ വന്നിരിക്കാന്‍ പറ്റിയ സന്നിധി. വേദനിക്കുന്ന കുഞ്ഞിന് പറ്റിച്ചേര്‍ന്നു കരയാന്‍ ഒരമ്മയുടെ നെഞ്ചുണ്ട്! കുഞ്ഞിളം പ്രായം കഴിഞ്ഞാല്‍ പിന്നെ കരയാനും, പരിഭവം പറയാനും, ആശ്വാസം തേടാനും പറ്റിയ ഒരിടം മാത്രമേ ഉള്ളൂ – അത് ഈ അപ്പത്തിന്‍റെ ചുവട്ടിലാണ്…

നമുക്ക് പഠിക്കാം: സ്നേഹിക്കുന്ന അമ്മയുടെ സാന്നിധ്യത്തില്‍ നാം എല്ലാം മറക്കില്ലേ, അമ്മയോട് എല്ലാം പറയില്ലേ… വിശുദ്ധ കുർബാന അമ്മയേക്കാളും സ്നേഹം നിറഞ്ഞ സന്നിധിയാണ്. തന്‍റെ മക്കള്‍ക്കുവേണ്ടി ചങ്ക് കൊത്തിപ്പറിച്ച് ജീവരക്തം കൊടുക്കുന്ന പക്ഷിയെപ്പോലെ തന്റെ ജീവിതം മുഴുവന്‍ സഹനത്തിന്റെ ചൂളയിലൂടെ കടന്നുപോയി എനിക്കുവേണ്ടി പിടഞ്ഞുമരിച്ചവനാണ്, എന്നും അപ്പത്തില്‍ വരുന്ന തമ്പുരാന്‍. ഓരോ വിശുദ്ധ കുർബാനയും ദൈവത്തിന്റെ മഹാത്യാഗത്തിലേയ്ക്കുള്ള എന്റെ ഹൃദയത്തിന്റെ യാത്രയാണ്.

നമുക്ക് പഠിക്കാം: മനുഷ്യ ജീവിതസാഹചര്യങ്ങളുടെ അൾത്താരകളിൽ മുറിയ്ക്കപ്പെടാനും, ചിന്തപ്പെടാനുമുള്ളതാണ് – വിശുദ്ധ കുർബാനയാകാനുള്ളതാണ് ക്രൈസ്തവന്റെ ജീവിതം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.