പ്രോട്ടോക്കോളിന്റെ പേരില്‍ മതവികാരം വ്രണപ്പെടുത്തരുത്: ജാഗ്രതാ സമിതി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മതവികാരം വ്രണപ്പെടുത്തുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതില്‍ ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതി ഉത്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തന്നെയാണ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ പ്രവര്‍ത്തിച്ചുപോരുന്നത്. സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശപ്രകാരം ആരാധനാലയങ്ങളിലെ കര്‍മ്മങ്ങളില്‍ സാമൂഹിക അകലം പാലിച്ച് 75 പേര്‍ക്ക് പങ്കെടുക്കാമായിരുന്നു. തിങ്കളാഴ്ച സര്‍വ്വകക്ഷി യോഗത്തിനു ശേഷം നല്‍കിയ നിര്‍ദ്ദേശപ്രകാരം ഇത് പരമാവധി 50 പേരാക്കി ചുരുക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടങ്കില്‍ പരിഹാര നടപടികള്‍ക്കു വിധേയരാകാനും ക്രൈസ്തവര്‍ ബാദ്ധ്യസ്ഥരാണ്. എന്നാല്‍ ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കാനും ക്രൈസ്തവ വിരോധം തീര്‍ക്കാനും കോവിഡ് പ്രൊട്ടോക്കോള്‍ നിയമങ്ങള്‍ ദുരുപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്ന് സമതി നിരീക്ഷിച്ചു.

കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ പുതുക്കരി സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍ വിവാഹകര്‍മ്മത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന നടക്കുന്നതിനിടയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പള്ളിക്കുള്ളില്‍ കടന്നുകയറുകയും കൃത്യമായി സാമൂഹിക അകലം പാലിച്ച് 50 -ല്‍ താഴെ മാത്രം ആളുകള്‍ ഉള്‍ക്കൊള്ളുന്ന ആരാധനാസമൂഹത്തിന്റെ വിശുദ്ധ കുര്‍ബാനയര്‍പ്പണം തടസപ്പെടുത്തുകയും ചെയ്തു.

പള്ളിയുടെയും വിശുദ്ധ കുര്‍ബാനയുടെയും പവിത്രതയെ ബഹുമാനിക്കാതെ നടത്തപ്പെടുന്ന ഈ ഉദ്യോഗസ്ഥരാജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. അതുപോലെ തന്നെ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശ്വാസ സമൂഹത്തെ പങ്കെടുപ്പിക്കാതെ മൂന്നു ശുശ്രൂഷികളെ മാത്രം ഉള്‍പ്പെടുത്തി വിശുദ്ധ കുര്‍ബാന (പ്രൈവറ്റ് മാസ്) അര്‍പ്പിച്ചിരുന്ന വൈദികനെ പോലീസ് സ്‌റേഷനിലേയ്ക്ക് വിളിച്ചുവരുത്തുകയും ഇനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു.

വിശുദ്ധ കുര്‍ബാന വിലക്കാന്‍ പോലീസിന് അവകാശമുള്ളതായി അറിവില്ല. ക്രൈസ്തവരുള്‍പ്പെടെ ഏതു മതത്തില്‍പെട്ടവരുടെയും ആരാധനാസ്വാതന്ത്ര്യത്തിന്റെ മേല്‍ ഉദ്യോഗസ്ഥര്‍ കടന്നുകയറുന്നത് ശരിയായ നടപടിയല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്വന്തമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഉചിതമല്ല. മറ്റേതൊരു സമൂഹത്തോടും സ്വീകരിക്കാന്‍ മടിക്കുന്ന നടപടികള്‍ ഇവര്‍ ക്രൈസ്തവസമൂഹത്തിന്റെ നേരെ മാത്രം പ്രയോഗിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കുകയില്ല. ക്രൈസ്തവരുടെ മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിനുള്ള ആസൂത്രിതശ്രമമാണ് ഇതിനു പിന്നിലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് ജാഗ്രതാ സമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.