ജപമാലയുടെ ശക്തി

മറിയത്തിന്റെ മടിയിലിരുന്ന് ക്രിസ്തുവിനെ ധ്യാനിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ജപമാല. ക്രിസ്തുവിനെ കേന്ദ്രീകരിച്ചുള്ള ജീവിതത്തിന്റെയും വിശുദ്ധിയുടെയും പ്രാര്‍ത്ഥനയാണത്. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ‘പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല’ എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ പഠിപ്പിക്കുന്നതു പോലെ, “അത് അവിടുന്നില്‍ നിന്നും പഠിക്കലാണ്; അവിടുത്തോടുള്ള പ്രാര്‍ത്ഥനയാണ്.”

ജപമാല ചൊല്ലുക എന്നാല്‍ മറിയത്തോടൊപ്പം യേശുവിന്റെ തിരുമുഖം ധ്യാനിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല. അമ്മയെ ബഹുമാനിക്കുമ്പോള്‍ പുത്രനെയാണ് ബഹുമാനിക്കുകയും സ്‌നേഹിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നത്. നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തി പാപത്തിന്റെയും അന്ധകാരത്തിന്റെയും ശാപത്തിന്റെയും കെടുതികളില്‍ നിന്ന് രക്ഷിക്കപ്പെടും.

നിരന്തരം ജപമാല ചൊല്ലുമ്പോള്‍ ചിലര്‍ക്കെങ്കിലും ആവര്‍ത്തനവിരസത തോന്നാം. ഒരു പ്രാവശ്യം നന്മ നിറഞ്ഞ മറിയം ചൊല്ലിയാലും പോരേ, എന്തേ മാതാവ് കേള്‍ക്കില്ലേ? എന്നിങ്ങനെ ചോദിക്കുന്നവരുണ്ട്. നന്മ നിറഞ്ഞ മറിയമേ… എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ദൈവത്തിന്റെ വചനമല്ലേ? വചനത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്, വചനം നിങ്ങളെ ശുദ്ധീകരിക്കും; വചനം നിങ്ങളെ സ്വതന്ത്രരാക്കും എന്നല്ലേ. നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന ഈ വചനങ്ങള്‍ക്ക് വിശുദ്ധീകരിക്കാനും സ്വതന്ത്രരാക്കാനും കഴിയും. എന്നാല്‍, ഈ വചനങ്ങള്‍ക്കെതിരെ സാത്താന്‍ സര്‍വ്വശക്തിയുമെടുത്ത് പൊരുതും. കാരണം, രക്ഷയുടെ ആദ്യവചനങ്ങളാണത്. ആ വചനങ്ങള്‍ക്ക് അമ്മ ‘ആമ്മേന്‍’ പറഞ്ഞപ്പോഴാണ് സാത്താന്റെ പതനം ആരംഭിച്ചത്. അതുകൊണ്ടാണ് ജപമാല പ്രാര്‍ത്ഥനയോട് അവന് ഇത്ര വിദ്വേഷം.

നന്മനിറഞ്ഞ മറിയമേ… ആവര്‍ത്തിക്കുമ്പോള്‍ പരിശുദ്ധ കന്യകയെയാണ് സംബോധന ചെയ്യുന്നതെങ്കിലും മാതാവിനോടൊപ്പവും മാതാവിലൂടെയും നമ്മുടെ സ്‌നേഹപ്രകടനം യേശുവിലേക്കാണ് ലക്ഷ്യം വച്ചിരിക്കുന്നത്. പരിശുദ്ധ അമ്മയോട് നിരന്തരം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരെ അമ്മ ഒരുനാളും കൈവിടില്ല. ഏത് അപകടകെണിയിലും നമുക്കു മുമ്പേ പോയി അമ്മ നമ്മളെ സഹായിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.

അതുകൊണ്ട്, ഇടവിടാതെ നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം. എല്ലാ ശത്രുക്കളില്‍ നിന്നും, അപകടങ്ങളില്‍ നിന്നും, രോഗങ്ങളില്‍ നിന്നും വിടുതല്‍ പ്രാപിച്ച് വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കുകയും ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.