ജപമാല പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ശക്തി

അത്ഭുതകരമായ ശക്തിയുള്ള പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. ഓരോ ദിവസവും ജപമാല പ്രാര്‍ത്ഥന ചൊല്ലുന്ന വ്യക്തി 30 മിനിറ്റ് എങ്കിലും യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും പരസ്യജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉത്ഥാനത്തെക്കുറിച്ചും ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുന്നു. ഈ കാലഘട്ടത്തിനു പറ്റിയ ഏറ്റവും ശക്തമായ ആയുധവുമാണ് ജപമാല. ഇത് പ്രാര്‍ത്ഥിക്കുന്ന വ്യക്തി യേശുവിന്റെ അടുക്കലേയ്ക്ക് കൂടുതല്‍ അടുക്കുന്നു. ജപമാല ചൊല്ലുമ്പോള്‍ നമ്മള്‍ മാതാവിലൂടെ യേശുവിന്റെ രക്ഷാകര രഹസ്യം ഓര്‍ക്കുകയും പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയാല്‍ യേശുവില്‍ നിന്നും അനുഗ്രഹം നേടിയെടുക്കുകയുമാണ് ചെയ്യുക.

തിരുസഭയില്‍ മാര്‍പാപ്പമാരുടെ ചരിത്രം പഠിക്കുമ്പോള്‍ ഒരു വലിയ ജപമാലഭക്തനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം വൈദിക വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ അദേഹത്തെ ഒരു കഠിനമായ രോഗം അലട്ടുകയും അത് പിന്നീട് ചുഴലി ആയി മാറുകയും ചെയ്തു. റെക്ടര്‍ അച്ഛന്‍ പലവിധ ചികിത്സകള്‍ നടത്തിയെകിലും ആ രോഗം വിട്ടുപോയില്ല. അവസാനം റെക്ടര്‍ അച്ഛന്‍ മനസില്ലാമനസ്സോടെ അച്ഛന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയോട് വീട്ടിലേയ്ക്ക് തിരിച്ചുപോകണം എന്നാവശ്യപ്പെട്ടു.

പോകുന്നതിനു മുമ്പായി ആ വിദ്യാര്‍ത്ഥിയുടെ തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു: “ആര്‍ക്കും നിന്നെ സുഖപ്പെടുത്താനായില്ലെങ്കിലും ഈ ജപമാല ഉപയോഗിച്ച് നീ എന്നും അമ്മയുടെ സഹായം തേടി യേശുവിനോടു പ്രാര്‍ത്ഥിക്കണം” എന്നു നിര്‍ദേശിച്ചു. അദ്ദേഹം അത് അനുസരിച്ചു. ഒന്നര വര്‍ഷത്തെ ജപമാല പ്രാര്‍ത്ഥനയുടെ കാത്തിരിപ്പിനൊടുവില്‍ അദേഹത്തിന്റെ രോഗം പൂര്‍ണ്ണമായി മാറി എന്ന സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍ നല്‍കുകയും അദ്ദേഹം പിന്നീട് സെമിനാരിയില്‍ തിരിച്ചുവരികയും വൈദികന്‍ ആവുകയും ആ വൈദികന്‍ പിന്നീട് സഭയെ ദീര്‍ഘനാള്‍ നയിക്കുകയും ചെയ്തു.

പ്രശ്‌നകാലത്ത് സഭയുടെ അമരത്തു നിന്ന് സഭയെ നയിച്ച 9-ാം പീയൂസ് മാര്‍പാപ്പ, അദ്ദേഹം ജപമാലയെക്കുറിച്ച് പറയുന്നത്: “ജപമാല ചൊല്ലികൊണ്ടിരിക്കുന്ന ഒരു ജനത്തെ എനിക്ക് തരൂ; ഈ ലോകത്തെ എനിക്ക് തോല്പിക്കാന്‍ ആകും” എന്നാണ്. മാര്‍പാപ്പയോട് ചേര്‍ന്നുനിന്ന് നമുക്കും മാതാവിന്റെ വലിയ പ്രാര്‍ത്ഥനയായ “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്” “ഇതാ, കര്‍ത്താവിന്റെ ദാസി; അവിടുത്തെ ഇഷ്ടം എന്നില്‍ നിറവേറട്ടെ” എന്നീ പ്രാര്‍ത്ഥനകളോട് ചേര്‍ന്നുനിന്ന് കൊണ്ട് നമുക്കും അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി യേശുവിനോടു പ്രാര്‍ത്ഥിക്കാം.