വെഞ്ചരിപ്പിന്റെ ശക്തി

തിന്മയുടെ സ്വാധീനങ്ങളും സാന്നിധ്യവും പലവിധത്തില്‍ ഭവനങ്ങളിലേയ്ക്കും സ്ഥലങ്ങളിലേയ്ക്കും വ്യക്തികളിലേയ്ക്കും കടന്നുവരാന്‍ സാധ്യതയുണ്ട്. ദൈവകല്‍പനകള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒരു സ്ഥലത്ത് നടക്കുമ്പോള്‍ അവിടെ ദൈവിക സാന്നിധ്യവും ദൈവത്തിന്റെ സംരക്ഷണവും നഷ്ടമാവാം. അങ്ങനെയുള്ള ഇടങ്ങളില്‍ തിന്മയുടെ സാന്നിധ്യം സ്വാഭാവികമായും വര്‍ദ്ധിക്കും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സഭയിലൂടെ വിശ്വാസികള്‍ക്കു ലഭിക്കുന്ന വലിയൊരു അനുഗ്രഹമാണ് വെഞ്ചരിപ്പ്.

വെഞ്ചരിപ്പിലൂടെ ഭവനങ്ങളും സ്ഥലങ്ങളും വസ്തുക്കളും വിശുദ്ധീകരിക്കപ്പെടുകയും ദൈവിക സാന്നിധ്യവും ശക്തിയും കൊണ്ട് നിറയപ്പെടുകയും ചെയ്യും. ഒരു പുരോഹിതന്‍ വഴി ഭവനങ്ങള്‍ വെഞ്ചരിക്കപ്പെടുമ്പോള്‍ രോഗപീഡകള്‍ വിട്ടുപോകുന്നതും കലഹത്തിന്റെ അരൂപി അപ്രത്യക്ഷമാവുന്നതും അനേകരുടെ ജീവിതാനുഭവമാണ്.

എല്ലാ വെഞ്ചരിപ്പ് കര്‍മ്മങ്ങളും അനുഷ്ഠിക്കപ്പെടുന്നത് വിശുദ്ധ കുരിശിന്റെ അടയാളം ഉപയോഗിച്ചുകൊണ്ടാണ്. കുരിശടയാളത്തിലൂടെ ക്രിസ്തുവിന്റെ മുദ്ര കുത്തപ്പെടുന്ന ഭവനങ്ങളും സ്ഥലങ്ങളും തികച്ചും സുരക്ഷിതമാണ്. അതേസമയം, വിശ്വാസക്കുറവോ ശരിയായ ഒരുക്കമില്ലായ്മയോ ഉണ്ടെങ്കില്‍ വെഞ്ചരിപ്പിന് യഥാര്‍ത്ഥ ഫലം കിട്ടിയെന്നും വരില്ല. അതായത്, ഭൗതികവസ്തുക്കള്‍ വെഞ്ചരിക്കുന്നതിനു മുമ്പ് വ്യക്തികളുടെ ഹൃദയവും വെഞ്ചരിക്കപ്പെടണം എന്നു ചുരുക്കം.

അതുപോലെ തന്നെ വെഞ്ചരിപ്പ് വഴി പവിത്രീകരിക്കപ്പെടുകയും കുരിശടയാളത്താല്‍ മുദ്ര കുത്തപ്പെടുകയും ചെയ്യുന്നവ ദൈവമഹത്വത്തിനായി ഉപയോഗിക്കപ്പെടണം. വെഞ്ചരിച്ച കെട്ടിടങ്ങളും വസ്തുക്കളും സ്ഥലവും ദൈവമഹത്വത്തിനായി ദൈവത്തിന്റേതു പോലെ ഉപയോഗിക്കപ്പെടുന്നില്ലെങ്കില്‍ വെഞ്ചരിപ്പിന്റെ ശക്തി അവിടെ വെളിപ്പെടണമെന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.