കുരിശടയാളത്തിന്റെ ശക്തിയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത്

രക്ഷയുടെ അടയാളമാണ് വി. കുരിശ്. പൈശാചിക ശക്തിയില്‍ നിന്നും അതിന്റെ ബന്ധനങ്ങളില്‍ നിന്നും അത് നമ്മെ മോചിപ്പിക്കുന്നു. ചെയ്യുന്ന പ്രവര്‍ത്തിയിലെല്ലാം വിജയം നല്‍കുന്നു. അതുപോലെ തന്നെ പെട്ടെന്നുണ്ടാകുന്ന അപകടങ്ങള്‍, ദുര്‍മരണങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം കുരിശ് രക്ഷ നല്‍കുന്നു. ഇത്തരത്തിലുള്ള വിശുദ്ധ കുരിശിന്റെ ശക്തിയെക്കുറിച്ച് തിരിച്ചറിഞ്ഞിട്ടുള്ളവരും അതില്‍ രക്ഷ തേടിയവരുമാണ് വിശുദ്ധര്‍. വിശുദ്ധ കുരിശിന്റെ ശക്തിയെക്കുറിച്ച് വിശുദ്ധര്‍ പറയുന്നത് കേള്‍ക്കാം….

‘കുരിശടയാളം നിങ്ങളുടെ വിമോചനത്തിന്റെ അടയാളമാണ്. അത് വരയ്ക്കുമ്പോള്‍ നിങ്ങളുടെ മോചനദ്രവ്യമായി എന്താണ് നല്കിയതെന്ന് ഓര്‍മിക്കുക. അപ്പോള്‍ നിങ്ങള്‍ മറ്റാരുടെയും അടിമയാകില്ല. അതിനാല്‍ നിങ്ങളുടെ വിരലുകൊണ്ടു മാത്രമല്ല, വിശ്വാസംകൊണ്ടും കുരിശുവരയ്ക്കുക. നിങ്ങളുടെ നെറ്റിയില്‍ ഈ അടയാളം പതിച്ചാല്‍ അശുദ്ധമായ അരൂപികള്‍ക്ക് നിങ്ങളുടെ മുന്‍പില്‍ നില്ക്കാന്‍ ധൈര്യമുണ്ടാവുകയില്ല. തന്നെ മുറിവേല്‍പ്പിച്ച ആയുധവും തനിക്കു മരണശിക്ഷ വിധിച്ച വാളും പിശാച് ആ കുരിശില്‍ കാണുന്നുണ്ട്.” – വി. ജോണ്‍ ക്രിസോസ്‌തോം

‘ക്രൂശില്‍ യേശു സാത്താനെ കീഴടക്കുകയും അവന്റെ പരാജയത്തെ വിളംബരം ചെയ്യുകയും ചെയ്തു. അതിനാല്‍ കുരിശ് വിശ്വാസികളുടെ അടയാളവും പിശാചുക്കളുടെ ഭീതികാരണവുമാണ്” – ജറുസലേമിലെ വിശുദ്ധ സിറിള്‍

”കുരിശടയാളം വരയ്ക്കാതെ ഒരിക്കലും നിങ്ങളുടെ ഭവനം വിട്ടിറങ്ങരുത്. അത് നിങ്ങള്‍ക്കൊരു വടിയും ആയുധവും ആര്‍ക്കും കീഴടക്കാനാകാത്ത കോട്ടയും ആയിരിക്കും. ഈ വിധം ശക്തമായ ആയുധം ധരിച്ചിരിക്കുന്നത് കാണുമ്പോള്‍ മനുഷ്യരോ പിശാചുക്കളോ നി ങ്ങളെ ആക്രമിക്കാന്‍ ധൈര്യപ്പെടുകയില്ല. പൈശാചികശക്തികള്‍ക്കെതിരെ പോരാടാനും നീതിയുടെ കിരീടത്തിനായി യുദ്ധം ചെയ്യാനും തയാറായി നില്ക്കുന്ന ഒരു പോരാളിയാണ് നിങ്ങളെന്ന് ഈ അടയാളം നിങ്ങളെ പഠിപ്പിക്കട്ടെ.”- വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം

”കര്‍ത്താവിലും അവിടുത്തെ ശക്തി യുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍’ – വി. പൗലോസ് ശ്ലീഹാ

‘പിശാചിന്റെ പ്രവൃത്തികളെ അഴിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്’ – വി. യോഹന്നാന്‍ ശ്ലീഹാ